1936 ൽ പണിതുതുടങ്ങിയ ഹൗറ ബ്രിഡ്ജിന്റെ പണി തീരാനെടുത്തത് വെറും ആറ് വർഷമാണ്. 1943 ൽ കമ്മീഷൻ ചെയ്ത പാലത്തിൽ നാല് വരിയായി വാഹനങ്ങളോടുന്നു. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പാലത്തിന്റെ ഇരുവശങ്ങളിലും സംവിധാനവുമുണ്ട്. അതാണ് പ്ലാനിങ് എന്ന് പറയുന്നത്. ഭാവിയെ മുന്നിൽ കണ്ടുകൊണ്ടാണ് ഏത് പ്രാജക്ടും രൂപകൽപന ചെയ്യേണ്ടത് എന്നർഥം.
ഡാം, ഇറിഗേഷൻ, വാട്ടർ സപ്ലെ, റോഡ്, പാലം, റെയിൽവേ എന്നു വേണ്ട പൊതു നിർമ്മിതികളെന്തും ഭാവിയെ മനസിലാക്കികൊണ്ടാണ് നിർമ്മിക്കാറുള്ളത്.പക്ഷെ വീടിന്റെ കാര്യത്തിലോ? വീട് നിർമ്മിക്കുമ്പോൾ നാം ഭാവിയെ കാണാറുണ്ടോ?
കാണാറുണ്ട്. പക്ഷെ പരിമിതികൾ ഏറെയാണ്. വീട് നിർമ്മിക്കുമ്പോൾ അത്രക്കൊന്നും ഭാവി കണക്കിലെടുക്കാൻ സാധ്യമല്ല. മുറികളുടെ എണ്ണത്തിന്റെ കാര്യത്തിലാണ് മിക്കവരും ഭാവി കണക്കാക്കി പണിയാറുള്ളത് എന്നു മാത്രം.
പക്ഷെ മുറികളുടെ എണ്ണത്തിലുപരിയായി മറ്റിടങ്ങൾ അതായത് ലിവിങ്, ഡൈനിങ് ഒക്കെ അൽപം വലുതാക്കണം എന്ന് തോന്നിയാൽ എന്ത് ചെയ്യും? ഇപ്പോഴത്തെ അവസ്ഥ വച്ച്, ഏതെങ്കിലും ഭിത്തി പൊട്ടിച്ച് പുറത്തേക്ക് പണിയുകയേ നിവൃത്തിയുള്ളു. അതും ആവശ്യത്തിന് സ്ഥലവും ധനവും ഉള്ളവർക്ക് മാത്രമേ അങ്ങനെ ചെയ്യാനുമാവൂ. സ്ഥലമില്ലാത്തവർ പരുങ്ങലിലാവുന്നത് സ്വാഭാവികം.
ഇതിനൊരു പരിഹാരമായി, എന്തുകൊണ്ട് മുറികൾ താൽക്കാലികമാക്കിക്കൂടാ? അതായത് ആവശ്യമുള്ളപ്പോൾ മാത്രം മുറികളാക്കുകയും അല്ലാത്ത സമയങ്ങളിൽ വിസ്താരത്തിലുള്ള ഒരു ഇടമാക്കി മാറ്റുകയും ചെയ്യാവുന്ന തരത്തിൽ വീടുകൾ രൂപകൽപ്പന ചെയ്തുകൂടാ?
ഉറങ്ങുന്ന നേരത്താണല്ലോ നാം മുറികളിലേക്ക് പോവുക. കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനും മുറികളുപയോഗിക്കും. അല്ലാത്ത സമയം മുഴുവൻ വീടിന്റെ പൊതുവിടങ്ങളിലാണ് നമ്മുടെ സമയം ചെലവഴിക്കാറ്. പൊതുവിടങ്ങൾ എന്നാൽ ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവയാണല്ലോ.
ഇതിൽ ലിവിങ് ഏരിയ അൽപ്പം വികസിപ്പിക്കണമെങ്കിൽ നിലവിൽ ഒരു മാർഗ്ഗവുമില്ല. കുട്ടികളുള്ള വീടുകളിലാണ് ഭിത്തികൾ ഏറെ തടസ്സങ്ങളുണ്ടാക്കുക. തടസ്സങ്ങളില്ലാതെ കുട്ടികൾക്ക് സഞ്ചരിക്കാൻ മുറികളുടെ എണ്ണവും ഭിത്തികളും ഒരു തടസ്സം തന്നെയാണ്. അതിനുള്ള പരിഹാരമായാണല്ലോ ലിവിങ് ഡൈനിങ് എന്നിവ രണ്ട് മുറികളാക്കാതെ ഒറ്റയിടത്തേക്ക് കൊണ്ടുവന്ന് ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു പാർട്ടീഷൻ കൊടുക്കുന്ന രീതി.
ഞാൻ പറയാൻ ശ്രമിക്കുന്നത് പക്ഷെ മറ്റൊന്നാണ്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂം ഉണ്ടെങ്കിൽ ഒരു ബെഡിന്റെ ഒരു ഭിത്തി അല്ലെങ്കിൽ രണ്ട് ഭിത്തികളും പാനലുകൾ ഉപയോഗിച്ച് സ്ലൈഡിങ് രീതിയിൽ പണിയുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടോ?
ഒരു വീടിനകത്ത് അതിവേഗം വലിയ ഒരു തുറസുണ്ടാക്കാൻ ഇത്തരം നിർമ്മാണരീതി സഹായിക്കും. ആവശ്യമെങ്കിൽ മാത്രം അതിവേഗത്തിൽ തന്നെ ഒരു മുറിയാക്കി മാറ്റുകയും ചെയ്യാം. വീടിന്റെ മധ്യഭാഗത്ത് കോൺക്രീറ്റിൽ ഒരു പില്ലറുണ്ടുക്കുകയും വശങ്ങളിലേക്ക് ബീം ഉപയോഗിച്ച് പ്രധാന ഭിത്തികളുമായി ബന്ധിപ്പിക്കുകയും ചെയ്ത് ഏഴടി പൊക്കം വരേക്കും ഭിത്തിയില്ലാതെയും ഏഴടിക്ക് മീതെ മാത്രം ബീമിനുമീതെ ഭിത്തി നിർമ്മിച്ചും ഇത്തരം നിർമ്മാണങ്ങൾ നടത്താവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം മുറികളാക്കാവുന്ന നിർമ്മാണരീതി ഇപ്പോൾ തന്നെ പല ആർക്കിടെക്റ്റ്സും പരീക്ഷിക്കുന്നുമുണ്ട്. നമ്മുടെയൊക്കെ കുഞ്ഞു വീടുകളിൽ പോലും ഇത് പരീക്ഷിക്കാവുന്നതുമാണ്.
ഒരു മുറി എക്കാലവും മുറികളായി തന്നെ നിലനിർത്തുന്നതിനുപകരം കുട്ടികളുണ്ടെങ്കിൽ അവർക്ക് കൂടി ഓടിക്കളിക്കാൻ വീടിനകത്ത് അതിവേഗത്തിൽ വിസ്താരമുള്ള ഒരിടമുണ്ടാക്കാനും കാഴ്ചയ്ക്കും സ്ലൈഡിങ് ഭിത്തികൾ ഏറെ നല്ലതാണ്. അതായത് ചൈൽഡ് ഫ്രണ്ട്ലി വീട് സങ്കൽപമുള്ളവർക്ക് ഇത് എളുപ്പത്തിൽ പരീക്ഷിക്കാവുന്നതുമാണ്.
നിർമ്മാണ വസ്തുക്കളുടെ അളവ് കുറക്കാനും ഇത്തരത്തിൽ ഭിത്തിരഹിത നിർമ്മാണ രീതി സാധ്യമാക്കുന്നുണ്ട് എന്നത് നിസ്സാര കാര്യവുമല്ല.വീടൊരിക്കലും മുതിർന്നവരുടേതുമാത്രമാവരുതല്ലോ! കൊച്ചുകുഞ്ഞുങ്ങൾക്കു കൂടി വീട് ഗുണകരമാവണമെങ്കിൽ വീട്ടകങ്ങളിൽ ഭിത്തികൾ കുറയണം എന്നതാണ് എന്റെ വാദത്തിന്റെ രത്നചുരുക്കം.
English Summary- Importance of Vision in House Construction- Experience