ആവശ്യത്തേക്കാൾ അപ്പുറം വീട് നമുക്കിന്നൊരു അലങ്കാര വസ്തുവായി മാറിയിരിക്കുന്നു. അപ്പുറത്തുള്ള വീടിനേക്കാൾ വലുപ്പവും ഭംഗിയും നമ്മുടെ വീടിന് വേണം എന്ന ചിന്ത നമ്മെയെല്ലാം പിടിമുറുക്കുമ്പോൾ നമ്മളിൽ പലരും ചെന്നു ചാടുന്നത് വലിയ കടക്കെണിയിലും പ്രയാസത്തിലുമാണ്.
ഭംഗിയും സൗകര്യവുമുള്ള വീട് പണിയുക എന്നത് ഒരപരാധമല്ല, പക്ഷേ, പലരും അതിന് കണ്ടെത്തുന്ന മാർഗ്ഗമാണ് വലിയ പ്രയാസങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നത്. നമ്മുടെ കൈയിലുള്ളതുകൊണ്ട് മാന്യമായ കിടപ്പാടം പണിത് സന്തോഷമായി ജീവിക്കാൻ പറ്റുമായിരുന്നവർ പോലും, കൈയിലുള്ളതിന്റെ പത്തിരട്ടി പലരിൽ നിന്നും കടം വാങ്ങിയും, കൊള്ളപലിശക്ക് ലോണെടുത്തും ചുറ്റിലും കാണുന്ന വീടുമായി മത്സരിക്കുന്നതിനേക്കാൾ വലിയ മണ്ടത്തരവും അബദ്ധവും വേറെന്താണുള്ളത്!
ഒരനുഭവം പറയാം.
എന്റെ ഒരു ബന്ധു വീടുവയ്ക്കാനായി ബാങ്കിൽ ലോണിന് അപേക്ഷിച്ചു. പലതവണ ബാങ്കിൽ കയറിയിറങ്ങിയതിന് ശേഷം പത്തുലക്ഷം രൂപ ലോൺ പാസായി. തറപ്പണി കഴിഞ്ഞാലേ ആദ്യ ഗഡു ലോൺ ലഭിക്കൂ. കയ്യിലുണ്ടായിരുന്ന കുറച്ച് സ്വർണ്ണം എടുത്ത് വിറ്റു തറപ്പണി തീർത്തു. ആദ്യഗഡു രണ്ടു ലക്ഷം രൂപ ലഭിച്ചു. (തറപ്പണിക്ക് ഏകദേശം 3 ലക്ഷത്തോളം രൂപ ചെലവ് വന്നു)
ലിന്റൽ വാർപ്പ് കഴിഞ്ഞാലേ രണ്ടാമത്തെ ഗഡു രണ്ടു ലക്ഷം ലഭിക്കു. അതിനുവേണ്ടി ആരുടെയൊക്കെയൊ സ്വർണ്ണം വാങ്ങി പണയപ്പെടുത്തി. ലിന്റൽ വാർപ്പു വരെയുള്ള പണിയും ഒരുവിധം തീർത്തു. ഇതിന് മാത്രം നാല് ലക്ഷം രൂപ വേറേയും ചെലവു വന്നു. ബാക്കി വരുന്ന പണം കിട്ടണമെങ്കിൽ വീടിന്റെ പണി മൊത്തം തീരണം എന്നാണത്രെ വ്യവസ്ഥ. (ഒരു വർഷത്തിനുള്ളിൽ പണി തീർത്തില്ലെങ്കിൽ ബാക്കി പണം കിട്ടുകയുമില്ലത്രെ....) അതെങ്ങിനെ ചെയ്തു തീർക്കും എന്നറിയാതെ വീടു പണിയിപ്പോൾ പാതി വഴിയിൽ നിന്നു പോയിരിക്കുകയാണ്..
ലോൺ പാസായാലും ബാങ്കിൽനിന്ന് പണം എങ്ങനെ ലഭ്യമാകും എന്നതിനെ കുറിച്ച് നേരത്തെതന്നെ ശരിക്ക് ചോദിച്ചറിയാത്തതിന്റെയും, വീടുവയ്ക്കാൻ ലോണിനെ മാത്രം ആശ്രയിക്കുന്നതിന്റെയും ഒരു പ്രശ്നമാണിത്. വീട് വേണ്ട, വീടിന് ഭംഗി വേണ്ട, വീടുവയ്ക്കാൻ ലോൺ എടുക്കേണ്ട, എന്നൊന്നുമല്ല ഈ പറഞ്ഞതിന്റെ അർഥം. ഇതൊക്കെ ചെയ്യുമ്പോൾ ഒരു വീണ്ടുവിചാരം വേണം എന്നതു മാത്രമാണ്!
***
വീണ്ടുവിചാരമില്ലാത്ത ഈ പ്രവണത കാരണം ഉണ്ടായിരുന്ന സമാധാനം നഷ്ടപ്പെട്ടവർ എത്രയാണ്. അപ്പുറത്തുള്ളവന്റെ വീടുമായി നമ്മൾ മത്സരിക്കുമ്പോൾ, അവരുടെ വരുമാനവും, അവരും നമ്മളും തമ്മിലുള്ള അന്തരവും, നമ്മുടെ വരുമാനവുമൊന്നും ആരും തട്ടിച്ചു നോക്കാറില്ല. സ്വസ്ഥമായി അന്തിയുറങ്ങാൻ ഒരു വീട് ഏതൊരാളുടേയും സ്വപ്നമാണ്. സ്വപ്നത്തേക്കാൾ അപ്പുറം അനിവാര്യവുമാണ്. പക്ഷേ, അത് നമ്മുടെ കൊക്കിലൊതുങ്ങാത്തതാകരുത്. വളരെ പ്ലാനിങ്ങോടെയും ദീർഘ വീക്ഷണത്തോടെയും ചെയ്യേണ്ടുന്ന ഒരു കാര്യമാണ് വീടുപണി.
English Summary- Not Planned House loan resulted in Debt Trap