ADVERTISEMENT

ഒരേക്കറിലധികമുള്ള ഞങ്ങളുടെ കുടുംബവസ്തുവിൽനിന്ന് വർഷങ്ങൾക്കു മുൻപ് 20 സെന്റ് സ്ഥലം മറ്റൊരാൾക്ക് വിറ്റിരുന്നു. അദ്ദേഹം അവിടെ വീട് വച്ചു താമസം തുടങ്ങി. ആ വീട്ടിലേക്ക് ശരിയായ വഴിയിലൂടെ കറണ്ട് കണക്‌ഷൻ എടുക്കണമെങ്കിൽ ഒരു പോസ്റ്റ് ആവശ്യമായി വരും. അതേസമയം ഞങ്ങളുടെ പോസ്റ്റിൽനിന്ന്  ഞങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന വസ്‌തുവിലൂടെ സർവീസ് വയർ വലിക്കുകയാണെങ്കിൽ പോസ്റ്റിന്റെ ആവശ്യവുമില്ല. അയൽക്കാരന് ഒരു സഹായം എന്ന നിലയിൽ ഞങ്ങളുടെ വസ്തുവിലൂടെ സർവീസ് വയർ കൊണ്ടുപോകാൻ ഞങ്ങളുടെ പിതാവ് അദ്ദേഹത്തിന് (താൽകാലിക) അനുമതി കൊടുത്തു.

വർഷങ്ങൾ 22 കഴിഞ്ഞു. ഞങ്ങളുടെ പിതാവ് മരണപ്പെട്ടു. പിന്നീട് ഞങ്ങളുടെ കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ ഈ സർവീസ് വയർ പോകുന്ന വസ്തു എനിക്കാണ് കിട്ടിയത്. ഞാനവിടെ വീടുവയ്ക്കാൻ ഒരുങ്ങിയപ്പോൾ സർവീസ് വയർ ഒരു തടസ്സമായി വന്നു. അത് മാറ്റിത്തരാൻ അയൽവാസിയോട് പറഞ്ഞെങ്കിലും അയാൾ അതിന് തയ്യാറല്ലായിരുന്നു. 

പലവട്ടം ആവശ്യപ്പെട്ടെങ്കിലും, എന്റെ വസ്തുവിലൂടെ സർവീസ് വയർ പോകുന്നത് അദ്ദേഹത്തിന്റെ  അവകാശം എന്നപോലെയാണ് പ്രതികരിച്ചത്. (ഞങ്ങൾ ചെയ്തുകൊടുത്ത സഹായം 22 വർഷത്തോളം അനുഭവിച്ചതൊന്നും അദ്ദേഹം അപ്പോൾ പരിഗണിച്ചില്ല...) അയൽപക്കവുമായി വഴക്കുണ്ടാക്കേണ്ട എന്ന് കരുതി, പുതിയ പോസ്റ്റിന്റെ പണവും, അത് മാറ്റി സ്ഥാപിക്കാൻ വരുന്ന ചെലവിന്റെ പകുതിയും ഞാൻ തരാം എന്ന പല നിർദ്ദേശങ്ങളും വച്ചെങ്കിലും അതിനൊന്നിനും അദ്ദേഹം തയ്യാറല്ലായിരുന്നു.

ഈ വിഷയ പരിഹാരവുമായി ഞാൻ ഉദ്യോഗസ്ഥരെ സമീപിച്ചു. 'കാര്യത്തിന്റെ നിജസ്ഥിതിയും അയൽവാസിയുടെ പിടിവാശിയും' മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പറഞ്ഞു തന്നത് നിസാരമായ ഒരു കുരുട്ടുബുദ്ധിയാണ്. മേൽപറഞ്ഞ സർവീസ് വയർ ഏതെങ്കിലും വിധം പൊട്ടിയാൽ അയൽവാസി കറണ്ട് പുനഃസ്ഥാപിക്കാനായി അധികാരികളെ സമീപിക്കുമ്പോൾ അന്യന്റെ വസ്തുവിലെ (എന്നുവച്ചാൽ എന്റെ പറമ്പിലൂടെ) പോകുന്ന സർവീസ് വയർ ഒഴിവാക്കിയേ പറ്റൂ എന്നവർ പറയുകയും, അങ്ങനെ സർവീസ് വയർ മാറ്റാൻ അയൽവാസി നിർബന്ധിതനാകുകയും ചെയ്യും എന്നാണ്. 

പക്ഷേ, ഇത്തരം വളഞ്ഞ വഴികളോടൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. 'അകലെ കിടക്കുന്ന ബന്ധുവിനേക്കാൾ ഉപകാരപ്പെടുന്നത് അടുത്ത് കിടക്കുന്ന ശത്രുവാണ്' എന്നാണല്ലോ.

***

കുറച്ചുകാലത്തിനുശേഷം സാമ്പത്തിക ഞെരുക്കം വന്നപ്പോൾ അദ്ദേഹം ആ വസ്തു പല കഷ്ണങ്ങളായി പലർക്കും മുറിച്ചു വിൽക്കുകയും കുടുംബസമേതം മറ്റെങ്ങോ പോകുകയും ചെയ്തു.

എന്റെ ഒരനുഭവം പറഞ്ഞുവെന്നേയുള്ളൂ. പലർക്കും ഇതുപോലെ ഒരാളെ നല്ല മനസ്സിന് സഹായിക്കാൻ പോയി പിന്നീട്‍ 'നന്ദികേട്' തിരികെലഭിച്ച അനുഭവങ്ങൾ ഉണ്ടാകും. ഒരു ശത്രുവിനെ ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള കാര്യം അയാളെ എപ്പോഴെങ്കിലും സഹായിക്കുകയാണ് എന്ന് പറയാറുണ്ട്. ചില മനുഷ്യർ അങ്ങനെയാണ്. അവർ കരുതുന്നത് അയൽപക്ക ബന്ധത്തെക്കാൾ വലുത് (നശ്വരമായ) പറമ്പും വസ്തുവും പണവുമൊക്കെയാണ് എന്നാണ്!

NB: ഈ പോസ്റ്റ് വായിച്ചു ഒരാളും എന്റെ പഴയ അയൽവാസിയെ ചീത്ത വിളിക്കുകയോ ആക്ഷേപിക്കുകയോ അരുത്. മറ്റുള്ളവർ എങ്ങനെ നമ്മോട് പെരുമാറുന്നു എന്നതല്ല, തിരിച്ച്, നമ്മൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു, പ്രതികരിക്കുന്നു എന്നതായിരിക്കണം നമുക്ക് മുഖ്യം...

English Summary- Neighbour Issues and Disputes in Kerala- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com