നാട്ടുകാർ ചേർന്ന് ഒരു പാവപ്പെട്ടവന്റെ വീട് കുളമാക്കിയ കഥ

house-experiences
shutterstock© AjayTvm
SHARE

നിരന്ന പാറ. മൂന്ന് സെന്റ് ഭൂമിയുണ്ട്. സർക്കാർ പതിച്ചു കൊടുത്ത ഭൂമിയാണ്. സൗജന്യമാവുമ്പോൾ പല്ലെണ്ണി നോക്കരുതല്ലോ. വെറുതേ കുറ്റം പറയുകയുമരുത്. അവിടവിടെ ഇത്തിരി മണ്ണുണ്ട്. ഇത്തിരി ചെടികളൊക്കെ വയ്ക്കുകയുമാവാം. അവിടെയാണ് വീട് വയ്‌ക്കേണ്ടത്. നിശ്ചിത ശതമാനം സർക്കാർ ധനസഹായവുമുണ്ട്. പക്ഷേ സർക്കാർ ധനസഹായത്തിനകത്ത് വീടുപണിഞ്ഞ് മുഴുമിപ്പിക്കാനാവില്ലല്ലോ. വല്യ വീടൊന്നുമല്ലെങ്കിൽ പോലും.

അയ്യോ കടം വാങ്ങരുതേ...കടം വാങ്ങി വീട് പണിയരുതേ...എന്ന ദുഃഖഗാനം പശ്ചാത്തലത്തിൽ വ്യക്തമായി കേൾക്കാം. പക്ഷേ നേർക്കുനേർ പറയാനാവില്ല ആർക്കും. കടം വാങ്ങിയില്ലെങ്കിൽ വീടുണ്ടാവില്ല അത്രതന്നെ. 

ഇനിയാണ് നാട്ടുപ്രമാണിമാരുടെ വരവ്.  ചായക്കട, അങ്ങാടി , ടെയ്‌ലർ ഷോപ്പ്, കലുങ്ക് എന്നിവിടങ്ങളിൽ പലവിധ അഭിപ്രായങ്ങൾ പൊന്തിവന്നു. പിച്ചക്കാരും പിരിവുകാരും പലതരം കമ്മിറ്റിക്കാരും ഒരേ സ്വരത്തിൽ പറഞ്ഞു.

നല്ല അടിത്തറ വേണം. അതിലാർക്കും യാതൊരു തർക്കവുമില്ല.അടിത്തറ നന്നായാൽ.... എന്നു തുടങ്ങുന്ന ചിലയിനം പഴഞ്ചൊല്ലുകളും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ആശയക്കുഴപ്പത്തിലായ വീട്ടുകാർ അടിത്തറ പണിയാനാരംഭിച്ചു.

എവിടെ? മണ്ണുള്ള ഭാഗത്ത്. മണ്ണുള്ള ഭാഗത്തുതന്നെ അടിത്തറ പണിയണമത്രെ! അടിത്തറയുടെ കുറച്ച് ഭാഗം നിരന്ന പാറയിലേക്ക് കയറി നിൽക്കണം. പാറയിൽ അടിത്തറ പണിയണമെങ്കിൽ പാറ പൊട്ടിക്കണമെന്ന് ചിലർ.

അങ്ങനെ പാറ പൊട്ടിച്ച് അടിത്തറ പണിതപ്പോഴേക്കും പോക്കറ്റ് കീറി പണം കൊഴിഞ്ഞ് വീണത് അറിഞ്ഞതേയില്ല. അടിത്തറ കഴിഞ്ഞപ്പോൾ കരുതിവച്ച സർവ്വപണവും തീർന്നതിനു തുല്യമായി. കഷ്ടിച്ച് ഏഴടി പൊക്കത്തിൽ ഭിത്തിയും പണിതു. പണം തീർന്നാലെന്താ, വീടുയർന്നില്ലെങ്കിലെന്താ.. നല്ല അടിത്തറയായില്ലേ എന്ന് സമാധാനിപ്പിക്കാനും ആളുണ്ട് കെട്ടോ.

അടിത്തറ നന്നായാൽ അമ്മാവനെ വേണ്ടാതാവുമെന്നാണല്ലോ പ്രമാണം. അതുപോലെതന്നെ സംഭവിച്ചു. പണം കടം വാങ്ങാൻ വരുമെന്ന് ഭയന്ന അമ്മാവൻ ലൊട്ടുലൊടുക്കു കാര്യങ്ങൾ പറഞ്ഞ് പണ്ടേ പിണങ്ങി നിന്നു. ഉത്സാഹകമ്മിറ്റിക്കാർ പിരിഞ്ഞു പോയി.

നാട്ടുകാർ അവരുടെ വിഷയം ഏതോ ഒളിച്ചോട്ടക്കാരെപ്പറ്റിയാക്കി മാറ്റി. അടിത്തറ, ഏഴടി പൊക്കത്തിൽ ഭിത്തി,രണ്ട് വാഴ, ഒരു മത്തൻ വള്ളി... പിന്നെ ചിരിച്ചു നിൽക്കുന്ന പാറപ്പുറവുമാണ് ഇപ്പോഴത്തെ അവിടത്തെ കാഴ്ച.

വീടാവാൻ എത്ര കാലമെടുക്കും എന്നറിയില്ല. പറഞ്ഞുവന്നത് എന്തെന്നാൽ വീട് പാറപ്പുറത്ത് അടിത്തറയില്ലാതെ അതായത് നിരന്ന പാറയെതന്നെ അടിത്തറയാക്കി വീട് പണിതുകൂടെ...അങ്ങനെയെങ്കിൽ മണ്ണുള്ള ഭാഗത്ത് ഇത്തിരി മുളക്, വെണ്ട, മത്തൻ, വാഴ, മുരിങ്ങ ഇത്യാദിയൊക്കെ വച്ച് പച്ചപ്പുള്ളതാക്കിക്കൂടെ എന്നൊക്കെ ചോദിക്കാൻ ആരുമില്ലാതെ പോയി അന്നാട്ടിൽ എന്നതാണ് എന്റെ സങ്കടം.

പക്ഷേ വിഷയമതല്ല.. മൂന്ന് സെന്റ് ഭൂമിയിൽ വാസ്തുപുരുഷന്റെ കിടപ്പ് ശരിയല്ല എന്ന ഒരു അഭിപ്രായവുംകൂടി ചിലയിനം "വിദഗ്ധർ" തട്ടിവിട്ടതാണ് ഏറെ സങ്കടകരം. പറഞ്ഞിട്ടെന്ത് വീടുണ്ടാവാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം എന്നതാണ് അബ്സ്ട്രാക്ട്.

140 മില്ല്യൻ കിലോമീറ്റർ ദൂരെയുള്ള ചൊവ്വാഗ്രഹം കേരളത്തിലെ പെണ്ണുങ്ങളുടെ വിവാഹ ജീവിതത്തെ തകർക്കാൻ മുണ്ടുമുറുക്കി നിൽക്കുന്ന വിവരം ഇന്നാട്ടിലെ ജ്യോത്സ്യൻമാർ വളരെ കൃത്യമായി ഗണിച്ചു പറയാൻ കഴിവുള്ളവരെങ്കിൽ സർക്കാർ പതിച്ചു കൊടുത്ത മൂന്ന് സെന്റ് ഭൂമിയിൽ പാറയ്ക്കടിയിൽ നിവർന്നു കിടക്കുന്ന വാസ്തുപുരുഷന്റെ ഇച്ഛകളും ഇഷ്ടാനിഷ്ടങ്ങളും ഗണിച്ചു കണ്ടെത്തി പറയാനാണോ പാട്. ഹല്ല പിന്നെ.

അതായതതുത്തമാ...

വീട് പണിത് തീർന്നില്ലെങ്കിലെന്ത്, വാസ്തുപുരുഷനെ നോവിക്കാതെ അടിത്തറ നന്നായി പണിഞ്ഞിട്ടുണ്ടല്ലോ എന്ന വാമൊഴി വഴക്കത്തിൽ പണം വരുന്ന മുറക്ക് ഏത് സമയവും വീടിന്റെ ബാക്കിഭാഗം പണിയരുതോ എന്ന ചോദ്യവും ചോദിച്ച് നമുക്കേവർക്കുമിനി വീട്ടുകാരെ ആശ്വസിപ്പിക്കുകയേ തരമുള്ളു....

മികച്ച വീട് വിഡിയോസ് കാണാം...

***

ലേഖകൻ ഡിസൈനറാണ്

Mob No- 8137076470

English Summary- Unnecessary Comments by Mass during House Construction

English Summary- 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS