വീടിന്റെ വലുപ്പംനോക്കി മനുഷ്യരെ അളക്കുന്ന ചിലർ; ഇവരെ തിരിച്ചറിയുക; അനുഭവം

house-mistakes-experience
shutterstock ©Uzair cmr
SHARE

1500 sqft വീട് വച്ചിട്ടുള്ള ഒരാൾ, 800 sqft വീടിന്റെ ഗൃഹപ്രവേശത്തിനു പോയപ്പോൾ (അഹങ്കാരം കലർന്ന പരിഹാസരൂപേണ) ആ വീട്ടുകാരോട് ചോദിച്ചുവത്രേ: ''ഇതെന്താണ് കോഴിക്കൂടാണോ നിങ്ങൾ വച്ചിരിക്കുന്നത്?.. ഇത്രയും ചെറിയവീട് കൊണ്ട് എന്തുപ്രയോജനം? അൽപംകൂടി വലിയ വീട് പണിയാമായിരുന്നില്ലേ..?"

ഇനി നാട്ടിൽ കാശുള്ള ആരെങ്കിലും വമ്പനൊരു വീട് വച്ചാലോ? "വീട്ടിൽ അക്വേറിയമുണ്ടോ? സ്വിമ്മിങ് പൂൾ ഉണ്ടോ? അവസാനം ആറടി മണ്ണല്ലേ!" തുടങ്ങിയ അനാവശ്യ കമന്റുകളും വരും. അങ്ങനെ എന്തൊക്കെയോ കൗതുകകരവും വെറുപ്പിക്കുന്നതുമായ ചോദ്യങ്ങൾ...ആ സുഹൃത്തിന്റെ അനുഭവം കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് രസകരമായ എന്റെ ഒരനുഭവമാണ്.

ഞങ്ങൾ-സഹോദരീസഹോദരന്മാർ ആറുപേർ വീട് വച്ച് താമസിക്കുന്നത് ഒരു കോംപൗണ്ടിലാണ്. മൂന്ന് വർഷം മുൻപുവരെ അതിൽ ചെറിയത് എന്റെ വീടായിരുന്നു. (രണ്ട് കിടപ്പുമുറികളുള്ള ഒരു കുഞ്ഞു വീട്) മൂന്നുവർഷം മുൻപ് പുതിയ രണ്ടുകിടപ്പുമുറികളും മറ്റു സൗകര്യങ്ങളുമായി വീട് അത്യാവശ്യത്തിന് വിശാലമാക്കുകയുണ്ടായി. മൂന്നു വർഷം മുൻപുവരെ ഞങ്ങളുടെതന്നെ മറ്റു വീടുകളിൽ സ്ഥിരം സന്ദർശകരായിരുന്ന, എന്നാൽ എന്റെ വീട്ടിലേക്കുമാത്രം വരാൻ വിമുഖത കാണിച്ചിരുന്ന എന്റെ ഒരു ബന്ധു, മൂന്നു വർഷത്തിനിപ്പുറം (ഞാൻ വീട് റിനോവേഷൻ ചെയ്തശേഷം) എന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറുകയുണ്ടായി.

ഒരു ദിവസം ഞാൻ അവരോട് ചോദിച്ചു: "നിങ്ങൾ മുൻപ് മറ്റു വീടുകളിലെല്ലാം എപ്പോഴും വരാറുണ്ടായിരുന്നങ്കിലും എന്റെ വീട്ടിൽമാത്രം വന്നിരുന്നില്ല, അതെന്തുകൊണ്ടായിരുന്നു" എന്ന്.

അതിന് അവർ പറഞ്ഞ മറുപടി (ന്യായീകരണം) എനിക്ക് ഏറെ കൗതുകകരമായി തോന്നി. എന്റെ വീട് ചെറുതായിരുന്നതുകൊണ്ടാണത്രെ അവർ അങ്ങോട്ട് വരാതിരുന്നത്. വലിയ വീട്ടിൽ താമസിക്കുന്ന അവർക്ക് എന്റെ ചെറിയ വീട്ടിലേക്ക് വരാൻ പ്രയാസമുണ്ടായിരുന്നത് മറ്റൊന്നുകൊണ്ടുമല്ല, അവർ വന്നാൽ എന്റെ വീട് ചെറിയ വീടാണെന്നുള്ള മാനസിക പ്രയാസം എനിക്കുണ്ടായങ്കിലോ എന്ന് കരുതിയതുകൊണ്ടാണുപോലും... എന്തു നല്ല രസകരമായ ന്യായീകരണം അല്ലേ?

ചിലർ അങ്ങനെയാണ്:

വീടിന്റെയും മറ്റും വലുപ്പ-ചെറുപ്പം നോക്കിമാത്രം സൗഹൃദം കൂടാൻ വരുന്നവർ. വലിയ വീടുകളിൽ മാത്രം സ്ഥിരം സന്ദർശകരാകുന്നവർ. വിശേഷ ദിവസങ്ങളിൽ അത്തരം വീടുകളിലെ ആളുകളെമാത്രം പ്രത്യേകം ക്ഷണിക്കുന്നവർ. അവരെമാത്രം പ്രത്യേകം പരിഗണിക്കുന്നവർ. അത്തരം വീടുകളിലെ കുട്ടികളോടുമാത്രം കൂട്ട് കൂടിയാൽമതി എന്ന ടോക്സിക് ചിന്ത സ്വന്തം കുട്ടികളിൽ ഇൻജെക്ട് ചെയ്യുന്നവർ. വലിയ വീട്ടിലെ ആളുകളുമായി അടുപ്പത്തിലാണ് എന്ന് പുറമേക്ക് മേനി നടിക്കുന്നവർ...എന്തിനേറെ നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു വിവാഹം ആലോചിക്കുമ്പോൾ ചെക്കന്റെയോ പെണ്ണിന്റേയോ സ്വഭാവത്തെക്കാൾ അവരുടെ വീടുകളുടെ വലുപ്പം ഒരു മാനദണ്ഡമാകാറുണ്ട്. അത്തരം ആളുകൾ നമ്മോട് സൗഹൃദം കൂടാൻ വരുമ്പോഴാണ് നമ്മൾ കരുതിയിരിക്കേണ്ടത്...

ശാന്തിയും, സമാധാനവും,സന്തോഷവുമൊന്നും വീടിന്റെയും മറ്റു സൗകര്യങ്ങളുടേയും ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി ഏറിയും കുറഞ്ഞും ഇരിക്കുന്ന ഒന്നല്ല എന്ന് തിരിയാത്തവർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. വലിയ വീട് വച്ചവർ വലിയ മാന്യന്മാരും, ചെറിയ വീടുള്ളവർ അത്രതന്നെ മാന്യതയില്ലാത്തവരുമാണ് എന്ന ചിന്തയുള്ളവർ. അത്തരം കെട്ടചിന്തകൾ വെടിഞ്ഞാൽ മാത്രമെ അത്തരക്കാർക്കുള്ളിൽ സന്തോഷത്തിന്റെ തിരിനാളം തെളിയൂ എന്ന ഓർമ്മ നാം എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്.

"കൊക്കിലൊതുങ്ങുന്നതെ കൊത്താവു..'' എന്നാണ് പഴമൊഴി. നമുക്ക് സാധിക്കുന്നത് എന്തെന്ന് തിരിച്ചറിഞ്ഞ് (വീടായാലും മറ്റെന്തായാലും..) അതിനനുസരിച്ച്‌ കൈകാര്യം ചെയ്താൽ മാത്രമെ എന്തിലായാലും നമുക്ക് സന്തോഷവും ശാന്തിയും മനഃസമാധാനവും ലഭിക്കൂ!

വീട് വിഡിയോ കാണാം

***

English Summary- Weighing Persons based on their House; Malayali Mistakes

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS