28 വയസ്സിൽ അച്ഛനും അമ്മയ്ക്കും വീടുപണിത മകൾ! നിറയെ അഭിമാനം; അനുഭവം

malayali-experience-women
SHARE

അച്ഛനും അമ്മയും സ്ഥലംവാങ്ങി കഷ്ടപ്പെട്ടുപണിത ഓലപ്പുരയിലും, പിന്നീട് ഓടും ഷീറ്റും മേഞ്ഞ ഒരു ചെറിയ വീട്ടിലും ആയിരുന്നു എന്റെ സന്തോഷം നിറഞ്ഞ 24 വർഷം. അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് ചേച്ചിയേയും എന്നെയും പഠിപ്പിച്ചതും, ഞങ്ങൾ 21ാം വയസ്സിൽ ജോലി നേടുന്നതും. ഞാൻ തൃശൂർ ഗവ. എൻജിനിയറിങ് കോളജിൽ നിന്ന് B.Tech കഴിഞ്ഞ് ഒരു IT കമ്പനിയിൽ എൻജിനീയറായും, ചേച്ചി B.Sc നഴ്സിങ് കഴിഞ്ഞ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക സ്റ്റാഫ് നേഴ്‌സായും ജോലിയിൽ പ്രവേശിച്ചു.

പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വിവാഹം. ചേച്ചിയുടെയും എന്റെയും വിവാഹത്തിന് സ്വർണ്ണം എടുക്കാനായി എടുത്ത ലോണും, അച്ഛന്റെ ആൻജിയോപ്ലാസ്റ്റി സർജറി നടത്താനായി വാങ്ങിയ കടബാധ്യതകളും, ചേച്ചിയുടെ വിദ്യാഭ്യാസ ലോണും, മറ്റ് ബാധ്യതകളും നിറഞ്ഞ ഒരു ജീവിതം ആയതുകൊണ്ടാവാം ഒരു സൗകര്യമുള്ള വീടെന്ന ആഗ്രഹം ഞങ്ങളുടെ സ്വപ്നങ്ങളിൽ അന്നൊന്നും കടന്നുവരാതിരുന്നത്.

house-before
പഴയ വീട്

വിവാഹത്തിന് ശേഷം ഉത്തരവാദിത്തങ്ങൾ കൂടി, ബുദ്ധിമുട്ടുകൾ കൂടി. അപ്പോഴാണ് അന്നു ജോലി ചെയ്തിരുന്ന ഐ.ടി കമ്പനിയിൽനിന്നും ഡെപ്യൂട്ടേഷനിൽ മെക്സികോയിൽ ജോലി ചെയ്യാൻ അവസരം കിട്ടുന്നത്. 2019 ഡിസംബറിൽ മെക്സിക്കോയിൽ എത്തി.  കോവിഡ്19നൊപ്പം ഒറ്റയ്ക്കുള്ള ജീവിതം.

അച്ഛനും അമ്മക്കും ഒരു സൗകര്യമുള്ള വീടുപണിയണം എന്ന സ്വപ്നം മനസ്സിൽ ആഴത്തിൽ കടന്നുവരുന്നത് മെക്സിക്കോയിൽ ഉള്ളപ്പോഴാണ്.  ജനിച്ചുവളർന്ന വീടിന്റെ സൗകര്യക്കുറവിനെ പലരും അപമാനിച്ച സന്ദർഭങ്ങൾ മുറിപ്പാടായി ഉള്ളിലുണ്ടായിരുന്നു. അങ്ങനെ എന്റെ ഒരു സുഹൃത്ത് ഞാൻ ആവശ്യപെട്ടപ്രകാരം വീടിന്റെ പ്ലാൻ വരച്ച് അയച്ചുതന്നു.

പക്ഷേ 2 വർഷത്തിനു ശേഷം ഒറ്റയ്ക്കുള്ള ജീവിതവും മാനസിക സമ്മർദ്ദങ്ങളും കാരണം ഞാൻ വീസ നീട്ടാതെ നാട്ടിൽ വന്ന് ജോലി തുടരാൻ തീരുമാനിച്ചു. എല്ലാവരുടെയും എല്ലാ കടബാധ്യതകളും തീർത്ത്, അച്ഛന് ഒരു ചെറിയ കടയും പണിതുകൊടുത്ത് 2 വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. അങ്ങനെ വീടുവയ്ക്കണം എന്ന സ്വപ്‌നം മനസ്സിൽ എവിടെയോ ഒതുങ്ങികൂടി. 

2022 ജനുവരിയിൽ അച്ഛനും അമ്മക്കും കോവിഡ് പിടികൂടി, ഞാൻ അവരെനോക്കാൻ ഒന്നര ആഴ്ച വീട്ടിൽ നിന്നു. അന്നാണ് ഞാൻ സസൂക്ഷ്മം എന്റെ വീട് മനസിലാക്കുന്നത്.  ജലനിധി കണക്ഷൻ അല്ലാതെ ഒരു പ്ലമിങ്  വർക്ക് പോലും ഇല്ല, അടുക്കളയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയിട്ടുണ്ട്.  

മഴപെയ്യുമ്പോൾ പൊട്ടിയ ആസ്ബറ്റോസിൽ നിന്ന് വീഴുന്ന വെള്ളം നിറയ്ക്കാൻ പാത്രം എടുക്കാൻ അമ്മ ഓടുന്നത്  വിഡിയോ കോൾ ചെയ്യുമ്പോൾ കണ്ടിടുണ്ട്.  ഇതാണ് മഴക്കാലത്തെ അമ്മയുമായുളള വിഡിയോ കോളിലെ അന്നത്തെ സ്ഥിരം കാഴ്ചകൾ.

കുറച്ചു മാസങ്ങൾക്കുശേഷം ഞാൻ ബെംഗളൂരുവിലെ മറ്റൊരു ഐടി കമ്പനിയിലേക്ക് മാറി. മെക്സികോയിലെ പോലെ മാസം 6 അക്ക സാലറി. മനസ്സിലെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുവച്ചുതുടങ്ങി. ജൂൺ 2022.. ഒരു സാധാരണ ദിവസം.. അമ്മ വിഡിയോ കോൾ ചെയ്‌ത് ഫോൺ വയ്ക്കുന്നതിനുമുൻപ് പറഞ്ഞു “PMAY ലിസ്റ്റ് വന്നൂടാ, നമ്മൾ ഇല്ലന്നാ പറഞ്ഞേ”...

അന്നെന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്ന് പോയി.  ഞാൻ ഉറപ്പിച്ചു, എനിക്ക് അച്ഛനും അമ്മക്കും ഒരു സൗകര്യമുള്ള വീട് പണിയണം. എതിർപ്പുകൾ ഉണ്ടായി.  മറ്റു പ്രശ്നങ്ങൾ ഉണ്ടാവരുതെന്നുവച്ച് അച്ഛനും അമ്മയും ചേച്ചിയും ഒരുപോലെ എന്റെ ആഗ്രഹത്തെ എതിർത്തു.  

ഒരുപാട് മാനസിക സംഘർഷങ്ങൾക്കൊടുവിൽ ഞാൻ അതിന് ഇറങ്ങിതിരിച്ചു.  1122 Sq.Ft വീട്. കരാർ വർക്കിലുപരി മൊത്തം ഫിനിഷിങ് വർക്കിന്റെ 60% HDFCയിൽ നിന്ന് ഹോംലോണും 40% സ്വന്തം സമ്പാദ്യവും. വീടുപണി 2022 സെപ്റ്റംബർ 3നു തുടങ്ങി 2023 ഫെബ്രുവരി 5നു അവസാനിച്ചു (5 മാസം).  

house-after
പുതിയ വീട്

ചേച്ചിയും ചേച്ചിയുടെ വീട്ടുകാരും ലോൺ കിട്ടുന്നതുവരെ സഹായിച്ചു.  ഇപ്പോൾ അതെല്ലാം സെറ്റിൽ ചെയ്‌തു, സ്വസ്ഥം.  ചേച്ചിയായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം വീടുപണി എല്ലാം ഭംഗിയായി നോക്കിനടത്തിയത്. ഒപ്പം വീടുപണിയുടെ ഒരോ ഘട്ടത്തിലും എന്റെയും ഇടപെടലുകളുണ്ടായിരുന്നു, ഞങ്ങളുടെ ആഗ്രഹങ്ങളാണ് ഈ വീടിന്റെ ഓരോ മുറിയും.  2023 ഫെബ്രുവരി 10ന് ഗൃഹപ്രവേശം. As a woman, I proudly crown myself today!. 

പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ: "നിങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുമ്പോൾ, അത് നേടാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ നിങ്ങൾക്കു വേണ്ടി ഗൂഢാലോചന നടത്തുന്നു..."അതെത്രമാത്രം ശരിയാണ്!. എല്ലാറ്റിനുമുപരി എനിക്ക്  നന്ദി പറയാനുള്ളത് എന്റെ പങ്കാളിയോടാണ്. എനിക്കുതന്ന മാനസിക പിന്തുണയ്‌ക്ക് ഒരുപാട് നന്ദി. ഈ യാത്ര എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് അനുകൂലവും, പരോക്ഷമായി പ്രതികൂലഅഭിപ്രായങ്ങളും ഞാൻ കേൾക്കാനിടയായിട്ടുണ്ട്. 

Dear Society, 

ഒരു സ്ത്രീ സ്വന്തമായി ജോലിചെയ്ത് ഉണ്ടാക്കുന്ന സമ്പാദ്യത്തിന്റെ ഒരു പാർട്ടുകൊണ്ട്, മറ്റാരെയും സാമ്പത്തികമായോ മാനസികമായോ ബുദ്ധിമുട്ടിലാക്കാതെ, അവളെ 20+ വർഷം വളർത്തി പഠിപ്പിച്ച അവളുടെ അച്ഛനേയും അമ്മയേയും ഒപ്പം സംരക്ഷിക്കുന്നതിൽ, എന്താണ് കുഴപ്പം?.

It’s not wrong and it’s not extraordinary. It’s just normal. Accept that. അതിന് അവൾക്ക് ‘സ്വാതന്ത്ര്യം' “തരേണ്ടതില്ല”, ‘അനുവാദം’ “കൊടുക്കേണ്ടതില്ല”. അത് നമുക്കെല്ലാവർക്കും ഒരുപോലെ 1947-ൽ തന്നെ കിട്ടിയിട്ടുള്ളതാണ്.

Dear Women,

നിങ്ങൾക്കിഷ്‌ടമുള്ള, നിങ്ങൾക്ക് അറിയാവുന്ന ജോലി എന്തൊ അത് നിങ്ങൾ ചെയ്യൂ. തയ്യലോ ഗാർഡനിങ്ങോ പെയിന്റിങ്ങോ എന്തായാലും... നിങ്ങൾ തീർച്ചയായും സാമ്പത്തികമായി സ്വയംപര്യാപ്തരാകണം അതിലൂടെ മാനസികമായി ശക്തരാകണം. ഒരു കേസിന്റെ ഭാഗമായി അടുത്തിടെ  കർണാടക ഹൈക്കോടതി ഉത്തരവിട്ടതുപോലെ, “A daughter shall remain a daughter, married or unmarried!”

മികച്ച വീട് വിഡിയോസ്‌ കാണാം

English Summary- Married Daughter Build House for Parents at Young Age- Malayali Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS