വീടുപണിയാൻ ആഗ്രഹിക്കുന്നവർ ആദ്യം കുറെ വീടുകൾ പോയി കാണുക. നല്ല ആൾക്കാരോടു അഭിപ്രായം ചോദിക്കുക. നാണക്കേടു വിചാരിക്കരുത്. എന്നിട്ട് ഒരു വീട് മനസിൽ ഉണ്ടാക്കണം. മറ്റുള്ളവരുമായി മത്സരിക്കാനാവരുത് വീട്, മറിച്ച് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതായിരിക്കണം.
കയ്യിൽ കുറെ പൈസയുണ്ടെങ്കിലും അതു മുഴുവനും വീടുപണിതു തീർക്കരുത്. മിച്ചം വരുന്ന പണം ബാങ്കിൽ ഇട്ടു പലിശ വാങ്ങൂ. വലിയ വീടുപണിത പലരും ഇപ്പോൾ, വീട് ചെറുതായിരുന്നെങ്കിൽ ക്ളീൻ ചെയ്യാൻ എളുപ്പമാണെന്നു പറയുന്നു. വീട് ഒരു കോംപറ്റീഷൻ ഐറ്റമല്ല. നിങ്ങൾ എത്ര വലിയ വീടുപണിതാലും, മറ്റൊരാൾ അതിലും വലുത് പണിതാൽ നിങ്ങളുടെ വീടു ചെറുതാവും. അതുകൊണ്ട് മത്സരം ആകരുത് ലക്ഷ്യം.
ആദ്യം കിണർ പണിതാൽ വീടുപണിക്ക് വെള്ളത്തിനു തെണ്ടി നടക്കേണ്ട. വേനൽക്കാലത്തു കിണർ കുത്തുക അല്ലെങ്ങിൽ പെട്ടെന്നു വെള്ളം കാണും. വീണ്ടും താഴ്ത്താൻ പറ്റില്ല. റിങ് ഇറക്കുകയോ കല്ലു കെട്ടുകയോ ചെയ്യാൻ പ്ലാനുണ്ടെങ്കിൽ അതിനുംകൂടിയുള്ള വട്ടത്തിൽ കുഴിക്കുക.
സ്ഥലമുണ്ടങ്കിൽ ഒരുനിലവീട് മതി. 60 കഴിഞ്ഞാൽ മുട്ടുമടങ്ങില്ല. അപ്പോൾ കയറാനും വൃത്തിയാക്കാനും പാടാണ്. അടുത്ത തലമുറ ചെയ്യും എന്ന് കരുതരുത്. അവർ ജോലി തിരക്കി മറ്റു വല്ല നാട്ടിലും പോവും. തിരക്കിട്ട് പ്ളാൻ ഉണ്ടാക്കരുത്. നല്ല കാറ്റും വെളിച്ചവും ഉള്ളതായിരിക്കണം മുറികൾ. എന്നും രാവിലെ ജനൽ തുറന്ന് അശുദ്ധ വായു പുറത്തുകളയുക. അസുഖങ്ങൾ കുറയും.
ഒരു മുറിയിൽ എന്തൊക്കെ വരും (മേശ, കേസര, കട്ടിൽ, അലമാര തുടങ്ങിയവ) എന്ന് നേരത്തെ പ്ളാൻ ചെയ്ത് അതിനനുസരിച്ച് മുറിയുടെ വലിപ്പം തീരുമാനിക്കുക. പണിതു കഴിഞ്ഞ് വലിപ്പം കൂട്ടാൻ പറ്റില്ല. കുടുംബാംഗങ്ങളുടെ അഭിപ്രായം പരിഗണിക്കുക. അറിയാത്ത കാര്യങ്ങൾ അഭിപ്രായം ചോദിക്കുക. എല്ലാം എനിക്ക് അറിയാം, 'എനിക്കു ശേഷം പ്രളയം' എന്നു വിചാരിക്കരുത്.
വലിയ തുക കടം എടുത്ത് വീടു പണിയരുത്. കഴിവിനനുസരിച്ച് മാത്രം പണിയുക. സംസ്കാരമുള്ള ഒരു മനുഷ്യൻ നിങ്ങളുടെ വീടു വലുതാണോ എന്നു നോക്കിയല്ല നിങ്ങളെ വിലയിരുത്തുന്നത്. മറിച്ച് നിങ്ങളുടെ പെരുമാറ്റം നോക്കിയാണ്. ഒരാളെ ശരിക്കും മനസ്സിലാക്കാൻ അയാൾക്കു താഴെയുള്ളവരോടുള്ള പെരുമാറ്റം ശ്രദ്ധിച്ചാൽ മതി.
വലുതോ ചെറുതോ ആകട്ടെ വീടു വൃത്തിയായി, അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുക. നിങ്ങളുടെ വൃത്തി, വീടും പരിസരവും കണ്ടാൽ മനസ്സിലാവും. പലരും ചെയ്യുന്ന ഒരു കാര്യമാണ്, ഒരു വീടുപണിതതിനുശേഷം നാലു വീട്ടിൽ വയ്ക്കാനുള്ള സാധനങ്ങൾ കുത്തി നിറക്കും. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. വൃത്തിയാക്കൽ ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും തടസ്സമാണ് ഇത്.
എല്ലാ പണിയും കഴിഞ്ഞ് / കയറിത്താമസത്തിന്, അല്ലെങ്ങിൽ പണി അവസാന ഘട്ടത്തിൽ കുറെ ദോഷൈകദൃക്കുകൾ വരും, 'അത് അങ്ങനെ പോര, ഇത് അങ്ങനെ പോര' എന്നും പറഞ്ഞ്. അവരോടു പറയുക. 'ഇത് എന്റെ സ്ഥലത്ത്, എന്റെ കാശു മുടക്കി എനിക്കും കുടുംബത്തിനും താമസിക്കാൻ ഞങ്ങളുണ്ടാക്കിയതാണ്, അല്ലാതെ നിങ്ങൾക്കു വേണ്ടിയുള്ളതല്ല. ഈ കാണുന്നതാണ് വീടിനേക്കുറിച്ചുള്ള എന്റെ സങ്കല്പം' എന്ന്...
വിവരങ്ങൾക്ക് കടപ്പാട്
ഷാജു എബ്രഹാം
English Summary- Home work to be done before House Construction