കംഫർട്ട് സോൺ ഉപേക്ഷിച്ചവർ രക്ഷപെട്ടു; അല്ലാത്ത പലരും നട്ടംതിരിയുന്നു; അനുഭവം

2200214153
Representative Image. Photo Credit : Insta_photos / Shutterstock.com
SHARE

ചിലയാളുകൾ കൂട്ടുകുടുംബ വീട്ടിൽ നിന്നും പിണങ്ങി, ഭാര്യയേയും കുട്ടികളേയും കൊണ്ട് ഒരു ദിവസം ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ തോന്ന്യാസിയാണെന്ന് വീട്ടിലുള്ളവരും നാട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട്. വീടുവിട്ട് പോകുന്നവൻ മോശക്കാരനോ സ്വാർത്ഥനോ ഒക്കെയായി പരിഗണിക്കപ്പെടുന്ന കാലമായിരുന്നു അത്.

വീട്ടിൽ നിന്നാൽ നിരന്തരം വഴക്കുണ്ടാകുമെന്നും കുട്ടികൾക്കും ഭാര്യക്കും തനിക്കുതന്നെയും ഒരു സമാധാനവും കിട്ടില്ലെന്നും ഇത്രയേറെ ആളുകളുള്ള വീട്ടിൽ ഇനിയും തുടർന്നാൽ തന്റെ സമ്പാദ്യം മുഴുവൻ പൊടിഞ്ഞു പോകുമെന്നും പരിഭവപ്പെട്ടാണ് അവർ വീടുവിട്ടിറങ്ങുക. നഗരത്തിലേക്കോ തറവാട്ടിൽ നിന്ന് അകന്നോ താമസിക്കുന്നതോടെയാണ് പുതിയൊരു ആശ്വാസ ജീവിതമുണ്ടാകുന്നത്.

സ്വന്തം ഇഷ്ടങ്ങൾ, യാത്രകൾ, പാചകം, വിഭവം, വസ്ത്രം, ഉല്ലാസം, വീടൊരുക്കലുകൾ, ടെലിവിഷൻ പരിപാടികൾ, ഇഷ്ടപ്പെട്ട പത്രം, അടുക്കളയുപകരണങ്ങൾ...അങ്ങനെ തങ്ങളുടേതായ താൽപര്യങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം വ്യാപകമായി കേരളത്തിലാരംഭിക്കുന്നത് എൺപതുകളിലാണ്.

ഒരുകാര്യം ഉറപ്പിച്ച് പറയാം തറവാട് വിടാൻ ധൈര്യം കാട്ടിയവരാണ്, കേരളത്തിലാദ്യമായി വീട് നിർമ്മാണ വിപ്ലവത്തിന് തുടക്കം കുറിച്ചതും ജീവിതത്തിൽ രക്ഷപ്പെട്ടതും. കുടുംബസ്നേഹവും മാതാപിതാക്കളോടുള്ള ആത്മബന്ധവും കൊണ്ട് കൂട്ടുകുടുംബത്തിനകത്തുതന്നെ താമസിച്ച്, ബന്ധുവീടുകളിലോ തങ്ങളുടെ തന്നെ വീടുകളിലോ നടക്കുന്ന നാനാവിധ ചടങ്ങുകൾക്കും ചെലവുകൾക്കുമിടയിൽപെട്ട് പ്രാദേശികമായ ചെറിയ ജോലികൾ മാത്രം ചെയ്ത് സാമ്പത്തികമായി നട്ടംതിരിയുന്ന മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ നട്ടം തിരിഞ്ഞവരെ പിടിച്ചു നിർത്തിയതും രക്ഷപ്പെടുത്തിയതും ഗൾഫായിരുന്നു.

നല്ല അച്ചൻ, സഹോദരൻ, ഭർത്താവ്, മകൻ അങ്ങനെയൊക്കെയാവാൻ ഗൾഫിൽ ഒട്ടേറെ മനുഷ്യർക്ക് വിയർപ്പൊഴുക്കേണ്ടിവന്നിട്ടുണ്ട്.ആ അർത്ഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് കേരളീയർക്കാകെ വീടിന്റെ കാര്യത്തിൽ മാത്രമല്ല പല രീതിയിലും നല്ലകാലമുണ്ടായത് എന്നു പറയാം.

കിലോക്കണക്കിന് സ്വർണം പെങ്ങൾക്കോ, മകൾക്കോ സ്ത്രീധനം കൊടുക്കാനും വാങ്ങാനും കെൽപ്പുണ്ടായത്. മക്കളെ ഇഷ്ടവിഷയം പണം കൊടുത്ത് പഠിപ്പിക്കാൻ കഴിഞ്ഞത്, സിനിമയിലെ വില്ലൻമാർ മാത്രം ഉപയോഗിച്ചിരുന്ന മെച്ചപ്പെട്ട കാറുകൾ സർവ്വർക്കും വാങ്ങാനും ഓടിക്കാനുമായത് അങ്ങനെ മലയാളി ലോകത്തോളം വളർന്നത് ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയപ്പോഴാണ്.

191977784
Representative Image. Photo Credit : Wael Khalill Alfuzai / Shutterstock.com

ഇരുപത്തഞ്ചാം വയസിൽ 60 ലക്ഷം ഒറ്റയടിക്ക് കൊടുത്ത് എന്റെയൊരു ബന്ധു വീടുവാങ്ങിയത് കഴിഞ്ഞ കൊല്ലമാണ്. ഡോളറിന്റെ മൂല്യവർധന പ്രവാസികൾക്ക് തെല്ലൊന്നുമല്ല ആശ്വാസകരമായത്. എന്റെ ഗൾഫ് കാലത്ത് മക്കളുടെ പഠിത്തം, മകളുടെ വിവാഹം, മെച്ചപ്പെട്ട വീട് അങ്ങനെ എത്രയോ സ്വപ്നങ്ങൾ നട്ടുനനച്ച് വളർത്തി താലോലിക്കുന്നതും ഓരോ മാസത്തെ ശമ്പളവും ഓരോ കാര്യങ്ങൾക്കായി കരുതലോടെ വീട്ടിലേക്കയക്കുന്നതും തികയാത്തത് കടം വാങ്ങുന്നതും കണ്ടിട്ടുണ്ട് ഞാൻ.

അതേകാലത്ത് തന്നെയാണ് ഇന്ത്യക്കകത്തു തന്നെയുള്ള ഐടിയും യുവാക്കൾക്ക് മെച്ചപ്പെട്ട വരുമാനവും ഉണ്ടാകുന്നത്. നാട്ടിൽ കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം ജീവിച്ചുകൊണ്ടുതന്നെ മെച്ചപ്പെട്ട ജീവിതനിലവാരം നേടാൻ ഇത് കുറച്ചൊന്നുമല്ല ചെറുപ്പക്കാരെ സഹായിച്ചത്. അങ്ങനെ കേരളത്തിലെ എല്ലാ വിഭാഗം മനുഷ്യരും ചെറിയ പ്രായത്തിൽ തന്നെ വീടുണ്ടാക്കാൻ തുടങ്ങി. കോൺക്രീറ്റിന്റെ ജനസമ്മതി വർധിച്ചു. സ്വദേശി എൻജിനീയർമാരും അതിഥി തൊഴിലാളികളും നാട്ടിൽ പെരുകി.

ഒടുവിൽ അടച്ചിട്ട വീടുകളും തത്സമയം പെരുകിവന്നു. പതിനായിരക്കണക്കിന് അടഞ്ഞ വീടുകൾ കേരളത്തിലിപ്പോൾ ഉണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്. പക്ഷേ അപ്പോഴും വീടില്ലാത്തവരും വീടിന് വേണ്ടി പണിയെടുക്കുന്നവരും ലൈഫ് മിഷനിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരും വീടിന് വേണ്ടി വിദേശത്ത് പോകാൻ വിസ അന്വേഷിക്കുന്നവരും ഒട്ടേറെയുണ്ട് കേരളത്തിൽ.

വിവാഹത്തിന് മുമ്പോ ശേഷമോ സ്വന്തമായി വീടുണ്ടാക്കുക എന്നതാണ് ട്രെൻഡ്. കാരണം സ്വന്തമായി വീടില്ലാതിരിക്കുന്നത്  മഹാനാണക്കേടും ആത്മാഭിമാനക്ഷതവും മെച്ചപ്പെട്ട ജീവിതത്തിന് തടസ്സവുമാണ്. അതിലൊന്നും സംശയമില്ല. വീടെന്ന സ്വപ്നത്തിലേക്ക് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസും അടിത്തറയുമായ ഗൾഫ് ഇനി എത്രകാലം എന്ന ചോദ്യവും പ്രസക്തമാണ്. യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും പുതിയ മേച്ചിൽപ്പുറങ്ങളിലേക്കാണ് ഇപ്പോൾ വിശ്വപൗരനായ മലയാളിയുടെ സഞ്ചാരം. ഇനി വരാനുള്ളതെല്ലാം  കാത്തിരുന്നുകാണുകതന്നെ...

വീട് വിഡിയോ കാണാം...

English Summary- Pravasam and Success Life of Malayalis- Changes in Lifestyle- Expert Talk

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS