സാമ്പത്തിക റിസ്ക് എടുക്കുമ്പോൾ, അല്ലെങ്കിൽ റിസ്കുള്ള ബിസിനസ്സ് തുടങ്ങുമ്പോൾ ഒക്കെ സ്വന്തം വസ്തുവകകൾ സുരക്ഷിതമായി വച്ച്, ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടി കണ്ടിട്ടുണ്ടോ?
'മുത്തെ, നമുക്ക് നിന്റെ നാട്ടിലെ നിനക്കുള്ള വീതം ഒക്കെ വിറ്റ്, ഇവിടെ കുറച്ചു സ്ഥലം വാങ്ങാം'
അല്ലെങ്കിൽ
'വടക്കേലെ നിന്റെ സ്‌ഥലം വിറ്റ് നമുക്ക് വീടുവാങ്ങാം, കാറുവാങ്ങാം' എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പാണ്.
നിങ്ങളുടെ സാമ്പത്തികം മാത്രമല്ല, സ്വാതന്ത്ര്യം കൂടി ഒരുപക്ഷേ അതോടു കൂടി ചിറകരിയപ്പെടുകയാണ്. ഇനി അഥവാ സ്ഥലം വിറ്റ് പുതിയതായി വാങ്ങുകയാണെങ്കിൽ അത് സ്വന്തം പേരിൽ വാങ്ങാനും സ്ത്രീകൾ ശ്രമിക്കണം. സ്വന്തമായി ജോലി, ആസ്തി, സാമ്പത്തികം ഒക്കെ ഉണ്ടെങ്കിലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ. ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം. അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്.
വിവാഹം കഴിപ്പിച്ചയച്ചാൽ ബാല്യം മുതൽ ജീവിച്ച വീട് പോലും സ്ത്രീകൾക്ക് അന്യമാകും. 'ഒത്തുപോകാൻ പറ്റിയില്ലെങ്കിൽ ധൈര്യമായി തിരിച്ചു പോരൂ, നിന്റെ മുറി ഇവിടെ ഇപ്പോഴും ഉണ്ടാകും' എന്ന് എത്ര മാതാപിതാക്കൾ പറയും?...നാട്ടിൽ വിസ്മയകൾ വീണ്ടും ഉണ്ടാകുന്നത് അതുകൊണ്ടല്ലേ?...അതുകൊണ്ട് ഇറക്കിവിട്ടാൽ, സ്വന്തം ഇഷ്ടത്തോടെ ഇറങ്ങേണ്ടി വന്നാൽ, മക്കൾക്ക് താൽപര്യം നഷ്ടപ്പെട്ടാൽ ഒക്കെ ഒന്നുറങ്ങാനായി ഒരു ചെറിയ വീടിനുള്ള സ്ഥലം സ്വന്തം പേരിൽ ഇട്ടേക്കണം എപ്പോളും.
'സ്ത്രീധനം നൽകി കെട്ടിച്ചുവിട്ടില്ലേ, അതുകൊണ്ട് ഇനി ഭൂസ്വത്ത് ഒന്നും തരില്ല' എന്ന് പറയുന്ന അച്ഛന്മാരും ആങ്ങളമാരും ധാരാളമുണ്ട്. (കേസിനുപോയി അവകാശപ്പെട്ടത് വാങ്ങിച്ചെടുക്കുന്ന ന്യൂനപക്ഷവുമുണ്ട്)... കേരളത്തിൽ ഭൂരിഭാഗം സ്വത്തുക്കളും (വീട്, ഭൂമി) പുരുഷന്മാരുടെ പേരിലാണ്. ആർജിത സ്വത്തായാലും പരമ്പരാഗത സ്വത്തായാലും ലഭിക്കുന്ന സ്ത്രീകളുടെ ശതമാനം വളരെ കുറവാണ്. പൈതൃക സ്വത്തിലടക്കം പെൺമക്കൾക്ക് തുല്യ അവകാശം നൽകിയുള്ള കോടതി വിധികളുണ്ട്.
മകനും മകളും ഉള്ള ബഹുഭൂരിഭാഗം വീടുകളിലും കുടുംബവീട് മകന് തന്നെയാകും മാതാപിതാക്കൾ നൽകുക. വിവാഹമോചനമോ ഭർത്താവിന്റെ മരണമോ മറ്റോ മൂലം ഒരു തണൽ ആവശ്യമായി വരുന്ന മകൾക്കുപോലും എത്രപേർ കുടുംബവീട് എഴുതിവയ്ക്കും?... ഇതിനെല്ലാം മറുവാദങ്ങളും ഉണ്ടാകാം. ഉണ്ടാകണം. പക്ഷേ പറയാൻ ഉദേശിച്ചത് ഇതാണ്: ജീവിതത്തിന്റെ ഏത് ഘട്ടത്തിലായാലും സ്വന്തമായി ഒരു വീട്, അല്ലെങ്കിൽ വസ്തു സ്ത്രീകൾക്ക് ഉണ്ടാകണം. പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകാൻ അതിനുസാധിക്കും.
സന്തോഷം എന്നാൽ 'സ്വാതന്ത്ര്യം' ആണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യം? പിന്നെന്ത് സന്തോഷം?... Economic Freedom: A Woman’s Best Friend എന്ന് കേട്ടിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയുടെ ഏറ്റവും വലിയ സുഹൃത്ത്. അതുകൊണ്ട് തനിക്കുള്ളത് നഷ്ടപ്പെടാതെ നോക്കുക മാത്രമല്ല, അവകാശങ്ങളെക്കുറിച്ചു ബോധവതികൾ ആയിരിക്കുകയും വേണം.
English Summary- Emotional Traps behind Properties and Relationships- Experience