വേനൽ കനക്കുന്നു. വീടുകൾ തീച്ചുളകളാകുന്നു. ഫാനുകൾ മതിയാവാതെ വരുന്നു. ഉഷ്ണം നിറയുന്ന മുറികൾക്കുള്ളിൽ കുഞ്ഞുങ്ങൾ കരയുന്നു. മുതിർന്നവർ ഉഷ്ണിച്ച് വിയർത്ത് തിരിഞ്ഞും മറിഞ്ഞും ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിക്കുന്നു. അടുക്കളയിൽ പാകം ചെയ്ത ഭക്ഷണം അതിവേഗത്തിൽ കേടാവുന്നു.
എസി അത്യാവശ്യമാകുന്നു. എസിയില്ലാതെ ഉറങ്ങാനാവാത്ത അവസ്ഥയുണ്ടാവുന്നു. കറണ്ട് ചാർജ് മൂന്നും നാലും ഇരട്ടിയിലേക്കുയരുന്നു. കുടുംബബജറ്റ് താളം തെറ്റുന്നു. പരമ്പരാഗത കോൺക്രീറ്റ് വീടുകളുടെ ഗതികേടാണിത്. വഴിയേപോണ ചൂടിനെ ആവാഹിച്ച് സംഭരിച്ച്, സ്വയം ചൂടായി, സംഭരിച്ച ചൂടിനെമൊത്തം രാത്രികാലത്ത് പുറത്തേക്കൂതി ആശ്വസിക്കുന്ന വിചിത്രമായ വസ്തുവാണ് കോൺക്രീറ്റ് എന്ന് ഏവർക്കുമറിയാം.
ചൂടിന് ആക്കംകൂട്ടി രണ്ടോ മൂന്നോ ടൺ സ്റ്റീൽകൂടിയുണ്ടാവും മേൽക്കൂരയിൽ. മാത്രമല്ല ഇവയൊക്കെ താങ്ങി നിർത്താനായി സിമന്റ് ബ്ലോക്കിൽ തലങ്ങും വിലങ്ങും ഭിത്തികളുമുണ്ടാകും. അവയ്ക്കുമീതെ സിമന്റ് കോൺക്രീറ്റിൽ മേൽക്കൂര പണിത് ഇവയെ പൊതിഞ്ഞ്, സിമന്റ് ചാന്ത് തേച്ച് ആവരണം തീർത്ത്, അതിനുമീതെ വിവിധങ്ങളായ പെയിന്റുകൾ കൊണ്ട് ആഭരണമണിയിച്ച്, വീടുണ്ടാക്കി അവയെ വെയിലത്ത് നിർത്തി അതിനകത്ത് മനുഷ്യർ പുഴുങ്ങിയിരിക്കുമ്പോൾ എന്തുതരം ആശ്വാസമാണ് ലഭിക്കുന്നത്? ആ ആശ്വാസം തികച്ചും മനശാസ്ത്രപരമാണ്, മനുഷ്യശരീരശാസ്ത്രപരമല്ല.

എന്താണ് വാസ്തവത്തിൽ വീടുകൾക്കകത്തെ പ്രശ്നം? അന്തരീക്ഷത്തിൽ നിന്നുള്ള താപസംഭരണമാണ് പ്രശ്നം. എന്താണ് പരിഹാരം? കുറഞ്ഞ അളവിലുള്ള കോൺക്രീറ്റ്, കുറഞ്ഞ അളവിൽ സ്റ്റീൽ, ഉയരമുള്ള ജനാലകൾ, ഉയരമുള്ള മുറികൾ എല്ലാം പരിഹാരങ്ങളാണ്. പക്ഷേ ഏഴടി പൊക്കത്തിൽ ജനാലയും വാതിലും അവസാനിക്കുന്നതാണ് ഒരു വില്ലൻ. ഏഴടിക്കുമുകളിൽ സീലിങ്ങ് വരെ ഭിത്തികൾ മാത്രമാണ്. അവിടവിടെ എയർ ഹോൾ എന്ന പേരിൽ ചെറിയ ചതുരദ്വാരങ്ങളും.
ഇതാണ് നമ്മുടെ പരമ്പരാഗത മുറി സങ്കൽപം. പക്ഷേ ഏഴടി പൊക്കത്തിൽ നിന്ന് സീലിങ് വരെ പരമാവധി ജനാലകൾ സ്ഥാപിക്കുക എന്നത് വളരെ പ്രധാനമാണ്. ചൂടാവുന്ന വായുവിനെ പുറന്തള്ളാൻ സംവിധാനമില്ലാത്ത വീടുകളാണ് നമുക്ക് ചുറ്റും ഏറെയുള്ളത്. കാറ്റിനേയും വെളിച്ചത്തേയും വീടിനകത്തേക്ക് ആവാഹിക്കുന്ന കാര്യത്തിലുള്ള നമ്മുടെ അതിജാഗ്രത മുറിക്കുള്ളിൽ നിറയുന്ന ചൂടുള്ള വായുവിനെ പുറത്താക്കാനുള്ള കാര്യത്തിലില്ല. ഫലമോ ചുടുകാറ്റും മനുഷ്യനും തമ്മിലുള്ള കൂട്ടപൊരിച്ചിലും പിണക്കവും പ്രാക്കും സാധാരണം. പ്രാകിയതു കൊണ്ടുമാത്രം പരിഹാരമാവില്ലല്ലോ. ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ആരായണം.
എൻജിനീയറോ ശാസ്ത്രജ്ഞനോ അല്ലാത്ത എന്റെയൊരു സുഹൃത്ത് നിരന്തരം പറയുന്ന ഒരു കാര്യമുണ്ട്. എല്ലാ വീടുകളുടെയും മധ്യഭാഗത്ത് ഉയരത്തിലൊരു ചിമ്മിനി സ്ഥാപിക്കണം പ്രസ്തുത ചിമ്മിനിയിലേക്ക് എല്ലാ മുറികളിൽ നിന്നും ദ്വാരങ്ങളും പണിയണം എന്ന്. കേൾക്കുമ്പോൾ തമാശ തോന്നും പക്ഷെ അദ്ദേഹം പറയുന്നതിലൊരു കാര്യമുണ്ട്. ചൂടിന്റെ സംഭരണ കേന്ദ്രം എന്ന ദുഷ്പേര് വീടിൽനിന്ന് ഇല്ലാതാക്കാൻ മറ്റൊരു മാർഗ്ഗവുമില്ല യഥാർത്ഥത്തിൽ. പക്ഷേ ചിമ്മിനിമാത്രം പോര, പിന്നെയോ? ചൂട് ആഗിരണം ചെയ്ത് സംഭരിക്കുന്ന അവസ്ഥയില്ലാതാക്കാനുള്ള വഴിയന്വേഷിക്കണം.
അതിനായി കുറഞ്ഞ അളവിൽ കോൺക്രീറ്റ്, കുറഞ്ഞ അളവിൽ സ്റ്റീൽ, കുറഞ്ഞ അളവിൽ സിമന്റ് ചാന്ത് അങ്ങനെ ചൂടുണ്ടാവാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളുടെയും അളവ് കുറയ്ക്കണം. പരമാവധി ഉയരത്തിലുള്ള ജനാലകൾ അതായത് പരമ്പരാഗത ഏഴടി പൊക്കത്തിനുമപ്പുറം ജനാലകൾ വയ്ക്കണം.. വീടിന്റെ ഏതാണ്ട് മധ്യഭാഗത്ത് ഇരട്ടി ഉയരത്തിലൊരു മുറികൂടിയായാൽ ഒരുപരിധിവരെ ചൂടിനെ തടഞ്ഞ് നിർത്താം. വീട്ടിനെ മൊത്തമായി തീക്കട്ടവെയിലിന് വിട്ടുകൊടുക്കാതെ തണലൊരുക്കലും പ്രധാനമാണ്.
സിമന്റ് കട്ടകൊണ്ടുള്ള പുറംഭിത്തികൾ ഒഴിവാക്കുന്നതും വളരെ നല്ലതാണ്. വീടിന് ചുറ്റും ഇത്തിരിമാറി വള്ളിപ്പടർപ്പുകൾ കൊണ്ടുള്ള മറകൾ ഉണ്ടാക്കുന്നതും വീടിന് ചുറ്റും മണ്ണിനെ നിലനിർത്തി ഇടക്കിടെ നനയ്ക്കുന്നതും ഒക്കെ ജീവിതരീതിയാക്കണം. ഓരോ വീടും നമ്മുടെ മോഹങ്ങൾക്കുപരിയായി ശരീരത്തിനുകൂടി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത്. മറ്റുള്ളവരുടെ കണ്ണുകളിൽ വിസ്മയമുണ്ടാക്കുന്നതിനു പകരം സ്വന്തം വീടുകൾ സൂര്യതാപത്താൽ ചൂടാവാതെ അതിനകത്ത് വിയർക്കാതെ നമ്മുടെ ശരീരത്തെ സൂക്ഷിക്കലാണ് യഥാർഥത്തിൽ വേണ്ടതും ചെയ്യേണ്ടതും.
ലേഖകൻ ഡിസൈനറാണ്.
English Summary- Need for Heat Resistant Houses in Kerala-Expert Talk