'വീടുപണിക്ക് നാട്ടിലില്ലാത്തതിന്റെ ടെൻഷൻ അറിഞ്ഞില്ല': അനുഭവം

house-experiences
SHARE

ഒരു വീടെന്ന ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞിട്ട് ഒരുവർഷമാകുന്നു. 2018 ഫെബ്രുവരിയിലാണ് സ്വപ്നഭവനത്തിന് കുറ്റിയടിച്ചത്. 2022 ഫെബ്രുവരിയിൽ പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിച്ചു. വീടിന്റെ കംപ്ലീറ്റ് വർക്കും ഫിനിഷ് ചെയ്ത ശേഷം മാത്രം താമസം മാറിയാൽ മതിയെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാൽ പ്ലാൻ ചെയ്തതിനേക്കാൾ കുറച്ചു നേരത്തെയാക്കിയപ്പോൾ മുറ്റം, വിറകുപുര, പോലുള്ള കുറച്ചു പുറംപണികൾ ബാക്കിയായി. എങ്കിലും അകത്തെ എല്ലാ പണികളും ഭംഗിയായി തീർക്കാൻ കഴിഞ്ഞു.

സ്വന്തമായൊരു വീട് എന്നത് പോലെതന്നെ അതിലേക്കുള്ള ഫർണിച്ചറും ഹോംഅപ്ലയൻസുമുൾപ്പെടെയുള്ള A-Z കാര്യങ്ങളും നമ്മുടെ മനസ്സിനിണങ്ങിയ രീതിയിൽ നമ്മുടെ ഇഷ്ടത്തിനും കാഴ്ചപ്പാടിനും അനുസരിച്ചു സെറ്റ് ചെയ്യണമെന്നതും ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. കുറച്ചു കഷ്ടപ്പെട്ടാലും ലക്ഷ്യത്തിലെത്താൻ സാധിച്ചു.

പ്ലാൻ തയ്യാറാക്കുന്ന ആദ്യഘട്ടം മുതൽ അവസാനം ഫർണിച്ചർ ലേഔട്ട് വരെ എല്ലാ കാര്യങ്ങളും ഞങ്ങൾ രണ്ടുപേരും പരസ്പരം ചർച്ച ചെയ്താണ് മുന്നോട്ട് പോയത്. പക്ഷേ തറപ്പണി കഴിഞ്ഞു ഞാൻ വിമാനം കയറിയ ശേഷം എല്ലാ പണികൾക്കും ചുക്കാൻ പിടിച്ചത് ഉപ്പയാണ്. ഓരോ ഘട്ടത്തിലും ആവശ്യമായ ക്യാഷ് അയച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കണക്കും കാര്യങ്ങളുമെല്ലാം കൈകാര്യം ചെയ്തത് ഉപ്പ തന്നെയായതുകൊണ്ട് തങ്ങളുടെ അസാന്നിധ്യത്തിൽ നടക്കുന്ന വീടുപണിയിൽ സാധാരണ  പ്രവാസികൾക്ക് സംഭവിക്കാറുള്ള അബദ്ധങ്ങളും അമിത ചെലവും ഉണ്ടായില്ല. അതോടൊപ്പം ഉമ്മയുടെയും അനിയന്മാരുടെയും സേവനങ്ങളും എടുത്തു പറയേണ്ടതാണ്. 

അനിവാര്യ ഘട്ടങ്ങളിൽ സാമ്പത്തികമായി സഹായിച്ചവരെയും വിസ്മരിക്കാൻ കഴിയില്ല. അതുപോലെ വീടിന്റെ പ്ലാനിങ്&സൂപ്പർ വിഷൻ നിർവ്വഹിച്ച പ്രിയസുഹൃത്തും സഹപാഠിയുമായ ജുനൈസ് , ഇന്റീരിയർ വർക്ക് എടുത്ത നാട്ടുകാരനായ ഷംസീർ, ഏറ്റെടുത്ത ജോലികൾ ഭംഗിയായി സമയത്തിന് ചെയ്തുതന്ന വിവിധ കരാറുകാർ, തൊഴിലാളികൾ... എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും രണ്ട് വരിയിൽ ഒതുങ്ങുന്നതല്ല.

2 ബെഡ്‌റൂം, 1 കിഡ്സ് റൂം, 3 ബാത്ത്റൂം, ഡൈനിങ്ങ്, ലിവിങ്, കിച്ചൺ, വർക്ക് ഏരിയ, സിറ്റ്ഔട്ട്, പോർച് ഉൾപ്പെടെ 1700 Sq.Ft ആണ് ഗ്രൗണ്ട് ഫ്ലോർ. മിഡ് ലാൻഡിങ്ങിൽ ഒരു പ്രയർ റൂമുണ്ട്., മുകളിൽ ഒരു ബാത് അറ്റാച്ഡ് ബെഡ്‌റൂം, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ്..അങ്ങനെ മൊത്തം ഏരിയ 2400 Sq.Ft. 

ഫുൾ ഫിനിഷ് ചെയ്യാൻ 55ലക്ഷം രൂപ ചെലവ് വന്നു. ഇന്റീരിയർ വർക്ക്, ഫർണിച്ചർ, ഹോം അപ്ലയൻസസ്, കിച്ചൺ ഐറ്റംസ്, ഫാൻസി ലൈറ്റ്സ്‌ തുടങ്ങിയ എല്ലാ ചെലവും അതിലുൾപ്പെടും. നാല് കൊല്ലം കൊണ്ട് ഘട്ടം ഘട്ടമായി പൂർത്തീകരിച്ചതായത് കൊണ്ടുതന്നെ  നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് മെറ്റീരിയൽ&വർക്ക് ക്വാളിറ്റി പരമാവധി ഉറപ്പ് വരുത്താൻ ശ്രമിച്ചിട്ടുണ്ട്.

ഒരു വീടെന്ന സ്വപ്നവും മനസ്സിൽ കൊണ്ടു നടക്കുന്ന എത്രയോ പ്രവാസികളുണ്ട്. വീടുപണി തുടങ്ങിയ അനിയനും പെങ്ങളും അടക്കമുള്ള ബന്ധുക്കളും കുറെ സുഹൃത്തുക്കളുമുണ്ട്. എല്ലാവർക്കും അവരുടെ സ്വപ്നഭവനം വേഗത്തിൽ പൂർത്തീകരിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...

മികച്ച വീട് വിഡിയോസ് കാണാം

English Summary- Pravasi Malayali House Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS