കഴിഞ്ഞ അവധിക്കാലത്ത് ടിവിയിൽ ചുമ്മാ ഒരു സേതുരാമയ്യർ സിനിമയും കണ്ടു കസേരയിൽ ചുരുണ്ടുകൂടിയിരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും എനിക്കൊരു കാൾ കിട്ടുന്നത്.
" സുരേഷ് അല്ലേ..? "
" അതെ"
" ഇത് എറണാകുളം ജില്ലയിലെ..... പൊലീസ് സ്റ്റേഷനിൽ നിന്നാണ്, എന്റെ പേര് ജെയിംസ്, സർക്കിൾ ഇൻസ്പെക്ടറാണ്"
ഞെട്ടി മാമാ.
" സത്യത്തിൽ ആ വാഴക്കുല മോഷണവും ഞാനും ആയി ഒരു ബന്ധവും ഇല്ല സാറേ, അതൊക്കെ നാട്ടിലെ ഉടായിപ്പു വാസ്തുവിദ്യക്കാർ പറഞ്ഞുണ്ടാക്കിയതാണ്" എന്ന് ഞാൻ പറയാൻ വേണ്ടി ഞാൻ വാ തുറന്നെങ്കിലും അതിനു മുൻപേ അദ്ദേഹം കാര്യം അവതരിപ്പിച്ചു.
" എനിക്ക് കെട്ടിട നിർമ്മാണ സംബന്ധമായ ഒന്നുരണ്ടു സംശയങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നു. ഇപ്പോൾ സംസാരിക്കാൻ സമയമുണ്ടാവുമോ ..? "
ഞാൻ ശ്വാസം ഒന്ന് നേരെ വിട്ടു. ടീവി പോസ് ചെയ്തുവച്ചു മുറ്റത്തേക്കിറങ്ങി. സത്യത്തിൽ ഇന്ന് കാര്യമായ പണിയൊന്നുമില്ല. പക്ഷേ അത് പറയാൻ പാടില്ല. അതുകൊണ്ടുതന്നെ അൽപം വെയിറ്റിട്ടു ഞാൻ പറഞ്ഞു:
" ഞാൻ ജയ്പ്പൂർ രാജവംശത്തിന്റെ ഒരു കൊട്ടാരം രൂപകൽപ്പനയുമായി ബന്ധപ്പെട്ട ഒരു ഡിസ്കഷനിൽ ആയിരുന്നു, സാരമില്ല. പറഞ്ഞോളൂ "
ജെയിംസ് സാറിന്റെ പ്രശ്നങ്ങളുടെ കിടപ്പുവശം ഇങ്ങനെയാണ്, ചുരുക്കിപ്പറയാം.
അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ച കുറച്ചു വർഷത്തെ പഴക്കമുള്ള ഒരു വീടുണ്ട്. കാര്യമായ സൗകര്യങ്ങളോ വലിയ പുതുമയോ ഒന്നുമില്ലാത്ത ഒരു ഇടത്തരം വീട്. ഈ വീട് അദ്ദേഹത്തിന് ഒന്ന് പുതുക്കിപ്പണിയണം. ഒന്നുരണ്ടു റൂമുകളും ടോയ്‌ലെറ്റുകളും കൂടുതലായി എടുക്കണം. അത് ഗ്രൗണ്ട് ഫ്‌ളോറിലോ, ഒന്നാം നിലയിലോ ആകാം, കൂടാതെ ഒരു വലിയ ഹാളും വേണം, കിച്ചൻ ഒന്ന് പുതുക്കിപ്പണിയണം. ഈ വിഷയത്തിൽ അദ്ദേഹത്തിന് എന്റെ അഭിപ്രായം അറിയണം. അതിനാണ് എന്നെ വിളിച്ചിരിക്കുന്നത്, അല്ലാതെ വാഴക്കുല കേസ് സംബന്ധമായ ഒന്നിനും അല്ല. ഞാനൊന്ന് ദീർഘനിശ്വാസം വിട്ടു, പിന്നെ സേതുരാമയ്യർ സ്റ്റൈലിൽ തല ചൊറിഞ്ഞുകൊണ്ടു ചോദിച്ചു.
" ഈ പറയുന്ന വീടിനു എത്ര പഴക്കം കാണും ..?"
" ഏതാണ്ട് ഇരുപതു വർഷം"
ഇരുപതു വർഷം മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന നിർമ്മാണ രീതികൾ ഇന്ന് വ്യത്യാസപ്പെട്ടിട്ടുണ്ട്. സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും അന്നത്തെ വീടുകൾക്കാണ് താരതമ്യേന കെട്ടുറപ്പ് കൂടുതൽ എന്നാണ് എന്റെ അഭിപ്രായം.
" വീടിന്റെ നവീകരണത്തിനായി ഏതാണ്ട് എത്ര രൂപ ചെലവാക്കണം എന്നാണു താങ്കളുടെ പദ്ധതി ..?"
" അങ്ങനെ കൃത്യമായി കണക്കാക്കിയിട്ടില്ല. എങ്കിലും ഒരു പത്തിരുപത്തഞ്ചു ലക്ഷം രൂപ ചെലവ് വരും എന്ന് പ്രതീക്ഷയുണ്ട്"
ഞാനൊന്ന് ആലോചിച്ചു, പിന്നെ സേതുരാമയ്യരെപ്പോലെ മുറ്റത്ത് രണ്ടുവട്ടം നടന്നു.
" ഒരു മുപ്പതു ലക്ഷം രൂപ ഉണ്ടെങ്കിൽ മൂന്നു കിടപ്പുമുറികൾ ഉള്ള ഒരു പുതിയ വീടുതന്നെ ഉണ്ടാക്കാമല്ലോ ..? "
ഉസ്താദ് ഫ്ലാറ്റ്, ഇപ്പോൾ ഞാൻ ജെയിംസ് സാറിന്റെ വീടിന്റെ പണിപ്പുരയിലാണ്.
***
നമ്മളിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. വീട് പുതുക്കിപ്പണിയുന്നതു ലാഭകരമാണോ എന്നത്. അതിൽ ഒരു തീരുമാനം എടുക്കാനും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. വീട് നവീകരണം, നല്ലതാണ് എന്നോ, നല്ലതല്ല എന്നോ ഞാൻ പറയില്ല. കാരണം അത് തീരുമാനിക്കേണ്ടത് മുഖ്യമായും രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ്.
ഒന്ന് - നിലവിലെ കെട്ടിടത്തിന്റെ പ്രായം.
രണ്ട് - നവീകരണത്തിനായി ചെലവാക്കാൻ ഉദ്ദേശിക്കുന്ന സംഖ്യ.
ആദ്യത്തേത് തന്നെ എടുക്കാം. കെട്ടിടത്തിന്റെ പ്രായം അഥവാ പഴക്കം.
പ്രായമേറിയ കെട്ടിടങ്ങളിൽ പലതിനും ഒരു നവീകരണത്തെ അതിജീവിക്കാനുള്ള കരുത്ത് ഉണ്ടാവില്ല, പുതുതായി നിർമ്മിക്കപ്പെടുന്ന കെട്ടിടഭാഗങ്ങളുടെ ലോഡ് ഇതിലേക്ക് കൂടി ഷെയർ ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായാൽ കാര്യങ്ങൾ ഒന്നുകൂടി കുഴയും. ഇത് കെട്ടിടത്തിന്റെ മൊത്തം ആയുസ്സു വീണ്ടും കുറയ്ക്കും.
നമുക്ക് ജെയിംസ് സാറിന്റെ കാര്യം തന്നെ എടുക്കാം. അദ്ദേഹത്തിന്റെ കെട്ടിടത്തിന് 20 വർഷത്തെ പഴക്കമുണ്ട്. ഇനി അതിൽ എന്തൊക്കെ നവീകരണം നടത്തിയാലും ഈ പഴക്കം ഇല്ലാതാക്കാൻ നമുക്കാവില്ല. ഇതിനെയാണ് പോയ സമയത്തെ ആന പിടിച്ചാലും തിരികെ കൊണ്ടുവരാനാവില്ല എന്ന് പറയുന്നത്.
പുതിയതായി ജെയിംസ് സാർ നിർമ്മിക്കുന്ന കെട്ടിടത്തിന് ഒരു നാൽപ്പതു വയസ്സ് കല്പിച്ചാൽ തന്നെ നിലവിലെ പഴയ ഭാഗങ്ങൾക്ക് ഒരു പത്തുപതിനഞ്ചു വർഷം കഴിയുമ്പോൾ തന്നെ ആയുസ്സെത്തും. അപ്പോൾ ആ ഭാഗങ്ങൾ പൊളിച്ചു നീക്കേണ്ടി വരും. ഇനി അതല്ല, ഒന്നാം നിലയിൽ ആണ് അദ്ദേഹം റൂമുകൾ എടുക്കുന്നത് എങ്കിൽ പ്രശ്നം അതിലും രൂക്ഷമാകും. കാരണം, നിലവിലെ പുതിയ കെട്ടിട ഭാഗങ്ങളെ സപ്പോർട്ട് ചെയ്യുന്ന പഴയ ഭാഗങ്ങൾക്ക് ആയുസ്സെത്തിയാൽ പിന്നെ പഴയതും പുതിയതും ആകെ മൊത്തം ടോട്ടൽ പൊളിച്ചു നീക്കേണ്ടി വരും. അതിനാൽ നവീകരണ പ്രവർത്തനങ്ങളിൽ നിലവിലെ കെട്ടിടത്തിന്റെ പ്രായം പ്രധാനമാണ്.ഒരു പത്തു പതിനഞ്ചു വർഷം ഒക്കെ പിന്നിട്ട വീടുകളിൽ പിന്നെ കൂടുതൽ പണം ചെലവഴിക്കാതിരിക്കുന്നതാണ് ബുദ്ധി. വല്ല ടൈൽ മാറ്റലോ, പ്ലാസ്റ്ററിങ് പുതുക്കലോ, ക്ളോസറ്റ് മാറ്റലോ ഒക്കെ ആകാം. അതിലപ്പുറം പോകരുത്.
ഇനിയാണ് രണ്ടാമത്തെ ഘടകം. നവീകരണത്തിനായി നമ്മൾ ചെലവാക്കുന്ന സംഖ്യ. ഇത്തരം ഒരു കാര്യത്തിന് ഇറങ്ങും മുൻപേ നമുക്ക് മൊത്തം വേണ്ട സൗകര്യത്തിൽ ഒരു പുതിയ വീട് നിർമ്മിക്കുന്നതിന് എത്ര സംഖ്യ വേണം എന്നൊരു പഠനം നടത്തുക. ഒരു കാരണവശാലും പുതിയ വീടിനു വേണ്ടുന്ന സംഖ്യയുടെ ഒരു അമ്പതു ശതമാനത്തിൽ അധികം പഴയ വീടിന്റെ നവീകരണത്തിനായി ചെലവാക്കരുത്.
നവീകരണത്തിന് വേണ്ടുന്ന എസ്റ്റിമേറ്റും, പുതിയ വീടിനു വേണ്ടുന്ന സംഖ്യയും തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിൽ പിന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് ഉണ്ടാക്കുന്നതാണ് ബുദ്ധി. മാത്രവുമല്ല, ഈ നവീകരണത്തിന് വേണ്ടുന്ന എസ്റ്റിമേറ്റ് പൊതുവെ കൃത്യത കുറവുള്ള ഒന്നാണ്. ഉദ്ദേശിച്ചതിൽ അധികം പണം പോകും എന്നർത്ഥം. ഒരു വീട് നിർമ്മാണത്തിന് വേണ്ടുന്ന പണം തികയാതെ വരുമ്പോഴാണ് മിക്കവരും പഴയ വീടുകളുടെ നവീകരണത്തിന് ഒരുങ്ങുന്നത്. എന്നാൽ പലപ്പോഴും അത് ഒരു പുതിയ വീടിനേക്കാൾ ചെലവ് ഏറിയ ഒന്നായാണ് പിന്നീട് അനുഭവപ്പെടാറുള്ളത്. അത് മാറണം.
സ്വന്തം ബജറ്റിനുള്ളിൽ തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു പ്ലാനിങ് സംസ്കാരം നമ്മുടെ സാങ്കേതിക വിദഗ്ധർക്കിടയിൽ ഉയർന്നുവരണം. അതിന് ചില കുറുക്കുവഴികളുണ്ട്. അത് പിന്നെപ്പറയാം. കാരണം, ഇപ്പോഴെനിക്ക് സേതുരാമയ്യരുടെ സിനിമ കാണാനുള്ളതാണ്...
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Renovation or New House Profitable- Malayali Experience