മൂന്നുനാലു കൊല്ലം മുൻപാണ് എന്‍റെ സുഹൃത്തായ ഒരു എൻജിനീയർ ജോലി ചെയ്തിരുന്ന ഗൾഫിലെ ആ കമ്പനിക്ക് ഒരു പ്രോജക്ട് ലഭിക്കുന്നത്. പ്രോജക്ട് എന്നുപറഞ്ഞാൽ ഒരു വാട്ടർ സപ്ലൈ പ്രോജക്ട്. അതിന് വേണ്ടി കുഴി എടുക്കണം, ചിലയിടങ്ങളിൽ ചില ഷാഫ്റ്റുകൾ നിർമ്മിക്കണം.
ഒന്നും നോക്കിയില്ല, പ്രോജക്ട് മാനേജരും സംഘവും മാർക്ക് ചെയ്ത ഇടത്തിൽ കുഴിക്കാൻ തുടങ്ങി. കുഴിച്ചു കുഴിച്ചു അവർ എത്തിച്ചേർന്നത് വേറൊരു പൈപ്പിന്റെ മുകളിലേക്കാണ്. പൈപ്പ് എന്നാൽ ഒന്നൊന്നര പൈപ്പ്.
ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന ആ പട്ടണത്തിലെ ടോയ്‌ലെറ്റ് മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനത്തിന്റെ ഭാഗമായ ഭീമൻ പൈപ്പിലേക്കാണ് അവർ കുഴിച്ചെത്തിയത്. പൈപ്പ് പൊട്ടി. ദശലക്ഷക്കണക്കിന് ലിറ്റർ ടോയ്‌ലെറ്റ് മാലിന്യം പുറത്തേക്കൊഴുകി.
സർക്കാർ സംവിധാനം ഉണർന്നു, രണ്ട് ദിവസം കൊണ്ട് അവർ കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കി. എന്നാൽ കാര്യങ്ങൾ അവിടെയും നിന്നില്ല. അന്വേഷണം വന്നു. അന്വേഷണം എന്നാൽ പ്രാദേശിക ഭരണ സംവിധാനവും, പോലീസും, എൻജിനീയറിങ് വിദഗ്ധരും ഒക്കെ അടങ്ങിയ അന്വേഷണം. അവർ തപ്പേണ്ടിടത്തു തപ്പി, ഡൈമൻ ചട്ടമ്പിയെ കിട്ടി.
ഏതെല്ലാം ഭാഗത്ത് എത്ര ആഴത്തിൽ കുഴിക്കാം, എവിടെ കുഴിക്കരുത് എന്നൊക്കെ സംബന്ധിച്ച കൃത്യമായ ഡ്രോയിങ്ങുകൾ മുൻസിപ്പാലിറ്റി കമ്പനിക്ക് നൽകിയതാണ്. ശ്രദ്ധിച്ചില്ല.
കമ്പനിക്ക് പിഴ ആയി കിട്ടിയത് മില്യൺ കണക്കിന് പ്രാദേശിക കറൻസിയാണ്. അലംഭാവം കാണിച്ച എൻജിനീയർമാർ പിരിച്ചുവിടപ്പെട്ടു, ജയിൽ ശിക്ഷയും കിട്ടി. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതൊക്കെ നടന്നത് കേവലം ഒന്നോ രണ്ടോ മാസത്തിനുള്ളിലാണ്.
***
ഇനി നമുക്ക് നമ്മുടെ കൊച്ചിയിലേക്ക് വരാം. ബ്രഹ്മപുരത്ത് മാലിന്യം കത്താൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. ഹൈക്കോടതി മാത്രമാണ് ഒന്ന് പ്രതികരിച്ചിട്ടുള്ളത്.

എന്തുകൊണ്ടാണ് ഇനിയും മാലിന്യ സംസ്കരണം ഒരു ഗൗരവമുള്ള വിഷയമായി കേരള സർക്കാർ കാണാത്തത്..? വികസനം എന്നാൽ കേവലം റോഡും പാലവും പണിയുക എന്നത് മാത്രമല്ല. ഗാർഹിക - വാണിജ്യ - വ്യവസായ മാലിന്യങ്ങൾ ശേഖരിക്കുക, സംസ്കരിക്കുക എന്നതും അതിന്റെ ഭാഗമാണ്. ഇതിനു കൃത്യമായ ഒരു പ്ലാൻ ഉണ്ടാവണം. അത് നടപ്പാക്കണം, ലംഘിക്കുന്നവർക്കു കനത്ത പിഴ ഇടണം.
ഒരു ശരാശരി വീട്ടിൽ ഒരു ദിവസം എത്ര മാലിന്യം ഉണ്ടാവുന്നു എന്നതിന് പബ്ലിക് ഡിസൈനുമായി ബന്ധപ്പെട്ട എൻജിനീയർമാർക്ക് കണക്കുണ്ട്. കേരളത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായി നടപ്പാക്കേണ്ട ഒന്നാണ് ശാസ്ത്രീയമായ മാലിന്യ സംസ്കരണം. അത് നഗരങ്ങളിൽ മാത്രം പോരാ. ഗ്രാമങ്ങളിലും, ചെറു പട്ടണങ്ങളിലും നടപ്പാക്കണം.അതിനു മേൽനോട്ടം വഹിക്കാൻ കഴിവും പ്രാപ്തിയും ഉള്ള ഒരു ടീമിനെ ഏൽപ്പിക്കണം. സ്വകാര്യ മേഖല ആണെങ്കിൽ ഒന്നുകൂടി നന്നായി. വേണ്ടിവന്നാൽ വിദേശ പങ്കാളിത്തവും അന്വേഷിക്കണം.

ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ഈ വിഷയം നല്ല വൃത്തിയായി കൈകാര്യം ചെയ്യുന്ന കമ്പനികൾ ഉണ്ട്. ഇതിൽ ഒക്കെ ജോലി ചെയ്യുന്ന, ഇത്തരം സ്ഥാപനങ്ങൾ ഒക്കെ നയിക്കുന്ന നല്ല ഒന്നാംതരം എൻജിനീയർമാരും മാനേജർമാരും നമ്മുടെ മലയാളികൾക്കിടയിൽ തന്നെ ഉണ്ട്.
അവർ കാര്യങ്ങൾ നല്ല മണി മണി പോലെ നടപ്പാക്കി കാണിച്ചു തരും. അല്ലാതെ ഇതിന്റെ പേരിൽ ഇനിയൊരു സംസ്ഥാന മാലിന്യ നിർമാർജന കോർപ്പറേഷൻ സ്ഥാപിച്ച്, അതിനൊരു ചെയർമാനെ കൂടി നിയമിക്കരുത് പ്ലീസ്. കാരണം ഇനിയും മാലിന്യങ്ങൾ താങ്ങാൻ കേരളത്തിന് കെല്പില്ല .
ഏതാനും മാസം മുൻപ് ഏതോ ഒരു മാസിക പ്രസിദ്ധീകരിച്ച, ലോകത്തെ ഏറ്റവും മലിനീകരണമുള്ള പട്ടണങ്ങളുടെ പട്ടികയിൽ കൊച്ചിയും ഉണ്ടായിരുന്നു. അത് നമുക്ക് ഒന്നാം സ്ഥാനത്ത് എത്തിക്കണം. ഈ മാലിന്യം എന്തുകൊണ്ട് സംസ്കരിക്കപ്പെട്ടില്ല എന്നതിനും, ഈ അഗ്നിബാധക്ക് ആരാണുത്തരവാദി എന്നതിനും ഒന്നും ഒരിക്കലും ഉത്തരം ലഭിക്കില്ല. കാരണം ഒന്നേയുള്ളൂ. ഒരു ജനതയ്ക്ക്, അവർ അർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ...
English Summary- Kochi Air Pollution- Who is accountable? Expert Talk