ADVERTISEMENT

ഒന്നുകിൽ വീടു പൊളിച്ച് ഉയർത്തിപ്പണിയുക, അല്ലെങ്കിൽ കിട്ടുന്ന വിലയ്ക്കു വിറ്റ് കരപ്പറ്റുള്ളിടം തേടിപ്പോകുക. ഇതു രണ്ടും സാധ്യമല്ലെങ്കിൽ വെള്ളപ്പൊക്കവും അനുബന്ധ ദുരിതങ്ങളും ജീവിതത്തിന്റെ ഭാഗമായി കണ്ട് മുന്നോട്ടു പോകുക. ഇതായിരുന്നു താഴ്ന്ന പ്രദേശങ്ങളിൽ വീടുള്ളവർക്ക് അടുത്തകാലം വരെ ചെയ്യാനുണ്ടായിരുന്നത്. എന്നാലിപ്പോൾ സ്ഥിതി മാറി. പണ്ട് അവിടെയും ഇവിടെയുമൊക്കെ ഓരോ വീട് ഉയർത്തി എന്നു പറഞ്ഞു കേട്ടിടത്തു നിന്ന് താഴ്ന്ന പ്രദേശങ്ങളിലെ, വെള്ളപ്പൊക്ക ഭീതിയുള്ള വീടുകളൊക്കെ സാമ്പത്തികവും സാഹചര്യവും അനുവദിക്കുമെങ്കിൽ ഉയർത്തുന്ന സ്ഥിതിയായി. അതുകൊണ്ടു തന്നെ മലയാളികളുൾപ്പെടെ ഒട്ടേറെ കരാറുകാരും കമ്പനികളുമിന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നു. 

 

house-lifting

വീട് ഉയർത്താനുള്ള സാഹചര്യം

സാധാരണ രീതിയിൽ വീടിന്റെ അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ച് ഇരുന്നു പോയാലോ സമീപത്തെ റോഡ് നിരപ്പിന് താഴെയായാലോ ആണ് വീട് ഉയർത്തുന്ന സാങ്കേതിക വിദ്യയെ ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ കേരളത്തിൽ സ്ഥിരമായി വെള്ളം കയറുന്ന വീടുകളും ദുർബലമായ ഭൂപ്രദേശങ്ങളിലെ ഇരുന്നുപോയ വീടുകളുമാണ് കൂടുതലും ഉയർത്തിയെടുക്കുന്നത്. പ്രളയസമയത്തും മറ്റും ദിവസങ്ങളോളം വെള്ളം കയറി കിടന്ന വീടുകൾക്കു കാലക്രമേണ ബലക്ഷയമുണ്ടാകാം. ഇത്തരം വീടുകളുടെ ഭിത്തികളിലെ താഴെനിരയിലുള്ള ഇഷ്ടികകൾ വെള്ളം വലിച്ചെടുക്കുകയും ഭിത്തികളിൽ നനവു പടർത്തുകയും ചെയ്തിട്ടുണ്ടാകും. കാലങ്ങളോളം നിലനിൽക്കുന്ന ഈ ഈർപ്പം വീടിനെ ബലക്ഷയത്തിലേക്കു നയിക്കും. ഉയർത്തുക വഴി ഇത്തരം വീടുകളുടെ ബലക്ഷയത്തിനും പരിഹാരം കണ്ടെത്താനാകും. 

 

പൊളിച്ചുപണിയോ ഉയർത്തലോ, ഏതാണ് ലാഭം?

നിലവിലെ സാഹചര്യമനുസരിച്ച് ഒരു വീടു പൊളിച്ചു പണിയുമ്പോൾ ചതുരശ്രയടിക്ക് മിനിമം 2,000 രൂപയെങ്കിലും ചെലവു വരും. ഇതിന്റെ നാലിലൊന്നു മതി വീട് ഉയർത്തുന്നതിന്. അതുപോലെതന്നെ വീടു പൊളിച്ചു പണിയുകയാണെങ്കിൽ നിയമപരമായ അനുമതികളൊക്കെ വാങ്ങണം. വൈദ്യുതി, വാട്ടർ കണക്ഷൻ മുതലായവ വിച്ഛേദിക്കുകയും പിന്നീടു പുനഃസ്ഥാപിക്കുകയും ചെയ്യണം. സമയദൈർഘ്യത്തിന്റെ കാര്യമെടുത്താൽ പഴയവീട് പൊളിച്ച ശേഷം പുതിയതൊന്നു പണിതുയർത്തുവാൻ വേണ്ടതിന്റെ പകുതി മതി വീട് ഉയർത്തുവാൻ.

 

church-house-lifting

െചരിഞ്ഞുപോയ വീടുകളും നേരെയാക്കാം

വീടിനകത്തു കുളംപോലെയുള്ള ജലസ്രോതസ്സുകൾ ഉണ്ടെങ്കിൽ മഴക്കാലത്ത് ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോകുകയും ക്രമേണ വീടിന്റെ അടിത്തറയ്ക്ക് ഇരുത്തം സംഭവിക്കുകയും ചെയ്യാം. ഇങ്ങനെയുള്ള വീടുകൾ പതിയെ ഏതെങ്കിലും വശത്തേക്കു ചെരിയാനും ഭിത്തികളിലും മറ്റും വിള്ളൽ വീഴാനും സാധ്യതയുണ്ട്. ഇത്തരം വീടുകൾക്ക് ജാക്കി സപ്പോർട്ട് നൽകി ഉയർത്തി അടിത്തറ ബലപ്പെടുത്താൻ കഴിയും. 

തൃപ്രയാറിൽ മുരളി കുന്നത്തുള്ളിയുടെ വീട് ട്രോളി ജാക്കിയിൽ തള്ളി നീക്കുന്ന തൊഴിലാളികൾ
തൃപ്രയാറിൽ മുരളി കുന്നത്തുള്ളിയുടെ വീട് ട്രോളി ജാക്കിയിൽ തള്ളി നീക്കുന്ന തൊഴിലാളികൾ

 

കോൺക്രീറ്റ് ബെൽറ്റില്ലെങ്കിലും ഉയർത്താം 

കരിങ്കൽ ഫൗണ്ടേഷനുള്ള വീടാണെങ്കിൽ കോൺക്രീറ്റ് ബെൽറ്റ് വേണമെന്നില്ല. മുപ്പതു വർഷം പഴക്കമുള്ള വീടുകളിലൊന്നും സാധാരണ ഈ ബെൽറ്റ് കാണാറില്ല. പഴയ സിമന്റും പുഴമണലുമൊക്കെ ഉപയോഗിച്ച് നിർമിച്ച വീടുകൾക്ക് പുതുതലമുറ വീടുകളെക്കാൾ ഉറപ്പുണ്ട്. അത്തരം വീടുകൾ ഉയർത്തുക എന്നത് താരതമ്യേന എളുപ്പവുമാണ്. ഇനി െബൽറ്റില്ലാത്ത വീടുകൾക്ക് ആവശ്യമെങ്കിൽ വീട് ഉയർത്തുന്നതിനൊപ്പം ബെൽറ്റ് ഒരെണ്ണം വാർത്തു നൽകുകയും ചെയ്യാം. അതുപോലെ ഇഷ്ടിക, വെട്ടുകല്ല്, സിമന്റ്കട്ട തുടങ്ങി ഭിത്തി നിർമാണത്തിന് ഏതുതരം സാമഗ്രി ഉപയോഗിച്ച വീടാണെങ്കിലും ഉയർത്താൻ സാധിക്കും. 

 

കോളം / ബീം ഉള്ള വീടുകൾ ഉയർത്തുമ്പോൾ

കോളം / ബീം രീതിയിൽ പണിത വീടുകൾ ഉയർത്തുന്ന അവസരത്തിൽ നിലവിലുള്ള പില്ലറുകളോടു ചേർന്നു സപ്പോർട്ടിങ് പില്ലറുകൾ ഉണ്ടാക്കിയ ശേഷം നിലവിലുള്ള പില്ലറുകളുടെ അടിഭാഗം പൊളിച്ച് കമ്പികൾ മുറിക്കും. വീട് ഉയർത്തൽ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇരുഭാഗത്തെയും കമ്പികൾ തമ്മിൽ ബന്ധിപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്ത് പില്ലറുകൾ പുനർനിർമിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് അടിത്തറയിലെ കോളങ്ങളെയോ പ്ലിന്ത് ബീമുകളെയോ ബാധിക്കില്ല. നിലവിലുള്ളതിലും ബലം വർധിക്കുന്ന രീതിയിലാണ് ചെയ്യുക. 


വടകര താഴെ അങ്ങാടിയിൽ ജാക്കി കൊണ്ട് ഉയർത്തുന്ന വീട്.
വടകര താഴെ അങ്ങാടിയിൽ ജാക്കി കൊണ്ട് ഉയർത്തുന്ന വീട്.

 

എത്ര വരെ ഉയർത്താം, വീടു തിരിച്ചു വയ്ക്കാനാകുമോ?

അഞ്ച് അടിവരെയാണ് വീടുകൾ ഉയർത്തുന്നത്. ഒറ്റനില വീടിന്റെ ഉയരം പത്ത് അടി വരെയാണല്ലോ. വീട് അഞ്ചടി കൂടി ഉയർത്തിയാൽ ആകെ ഉയരം 15 അടി ആകും. അപ്പോൾ ഇടയ്ക്കൊരു ബെൽറ്റ് കൊടുക്കേണ്ടി വരാം. സാധാരണയായി നാലടി വരെയാണ് ഉയർത്തുക. ആവശ്യമെങ്കിൽ വീടു തിരിച്ചു വയ്ക്കാനും മറ്റൊരു സ്ഥലത്തേക്കു നീക്കി വയ്ക്കാനും സാധിക്കുന്ന തരത്തില്‍ ഇന്നു സാങ്കേതിക വിദ്യ വളർന്നിട്ടുണ്ട്. ഇതിനായി വീലുകളുള്ള ജാക്കിയാണ് ഉപയോഗിക്കുക. എവിടേക്കാണു മാറ്റുന്നത് അവിടേക്ക് ഉയർന്ന ഭാരവാഹകശേഷിയുള്ള പ്രത്യേക പാളങ്ങളുടെ സഹായത്തോടെ വീട് മാറ്റി സ്ഥാപിക്കുന്നു. ഇതിനു മുന്നോടിയായി വീട് മാറ്റിവയ്ക്കുന്നയിടത്ത് ആവശ്യമുള്ള വലുപ്പത്തിൽ ഉറപ്പുള്ള അടിത്തറ ഒരുക്കേണ്ടതുണ്ട്. വലിയ ഭാരമുള്ള ഒരു വീട് ട്രെയിൻ പോകുന്ന പോലെയാണ് വീലുകളുള്ള ജാക്കികളുടെ സഹായത്താൽ മാറ്റുന്നത്. ഇതു വളരെ റിസ്കുള്ളതും പണച്ചെലവേറിയതുമാണ്. അത്ര ആവശ്യമെങ്കിൽ മാത്രമേ ഈ രീതി ഉപയോഗിക്കാറുള്ളൂ. 

 

വീടുകൾക്ക് ഗാരന്റി

പുലിയന്നൂർ നാലൊന്നിൽ സോണി രാജേഷിന്റെ വീട് ഉയർത്തി ജാക്കി വച്ചിരിക്കുന്നു.
പുലിയന്നൂർ നാലൊന്നിൽ സോണി രാജേഷിന്റെ വീട് ഉയർത്തി ജാക്കി വച്ചിരിക്കുന്നു.

വീട് ഉയർത്തൽ ജോലികൾ ഏറ്റെടുക്കുന്ന മിക്കവാറും എല്ലാ കമ്പനികളും ജോലി തുടങ്ങുന്നതിനു മുൻപ് വീട്ടുകാരുമായി കരാറിലേർപ്പെടും. ഉയർത്തുന്നതിനിടെ വീടുകൾക്ക് സംഭവിക്കുന്ന തകരാറുകൾക്കെല്ലാം ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള ഒരു കരാറാണിത്. നിലവിലെ വീടിന്റെ ഭാരമനുസരിച്ചാണ് പുതിയ ഫൗണ്ടേഷൻ നൽകി വീടുയർത്തുന്നത്. ഇതിന് ആജീവനാന്ത ഗാരന്റിയാണു പറയുക. എന്നാൽ, ആ വീടിന്റെ മുകളിൽ പുതിയ നിർമാണങ്ങൾ, വീടിനോടു ചേർന്നു കുളങ്ങൾ പോലുള്ളവയെല്ലാം ഉണ്ടായാൽ അതു ദോഷകരമാകാം. ഇക്കാര്യങ്ങൾ കൂടി കരാറിൽ വ്യക്തമാക്കാറുണ്ട്. 

 

ഉയർത്തുന്നതിന്റെ നിരക്കുകൾ

വീട് ഉയർത്തുന്നതിന് സ്ലാബ് റേറ്റാണ് മിക്ക കമ്പനികളും നിശ്ചയിച്ചിരിക്കുന്നത്. 500 ചതുരശ്രയടി മുതൽ 1000 വരെ ഒരു സ്ലാബ്, 1000 മുതൽ 2000 വരെ അടുത്ത സ്ലാബ്. അതിനൊപ്പം എത്ര അടി ഉയർത്തണം എന്നതും നിരക്ക് നിശ്ചയിക്കുന്നതിൽ ഘടകമായിരിക്കും. ലേബർ കോൺട്രാക്റ്റാണു സാധാരണയായി ചെയ്യുന്നത്. ഇതിൽ ഉപകരണങ്ങൾ, യന്ത്രസാമഗ്രികൾ, തൊഴിലാളികളുടെ വേതനം എന്നിവയെല്ലാം ഉൾപ്പെടുന്നു. വേണ്ട സാധനങ്ങൾ ഉടമസ്ഥനാണു വാങ്ങി നൽകേണ്ടത്. പ്രത്യേകതരം സിമന്റ് കട്ടകൾ, എംസാൻഡ്, സിമന്റ് മുതലായവ ഇതിൽപ്പെടുന്നു. പിന്നെ പാളങ്ങൾ വെൽഡ് ചെയ്യാനുള്ള വസ്തുക്കൾ, ഫൈനൽ പ്ലാസ്റ്ററിങ്ങിനു വേണ്ട സാമഗ്രികൾ തുടങ്ങിയവയും  വേണം. 

വീടുയർത്തുന്നതിനൊപ്പംതന്നെ പുതിയ അടിത്തറയുടെ ജോലികളും നടക്കും. അതായത് മൂന്നടി ഉയർത്തുന്ന വീടാണെങ്കിൽ ഒരടി ഉയർത്തിയ ശേഷം അടിത്തറ പണിയും. പിന്നെ അടുത്ത ഒരടി ഉയർത്തിയശേഷം വീണ്ടും അടിത്തറ ഉയർത്തിപ്പണിയുന്നു. മൂന്നാമത്തെ അടി ഉയർത്തിയ ശേഷം അടിത്തറയുടെ ഉയരം വീണ്ടും കൂട്ടി ഫിനിഷ് ചെയ്യുന്നു. പടിപടിയായാണ് ഇതെല്ലാം നടക്കുക. ശേഷം നാലു മൂലകളും ഉടമസ്ഥരെ കാണിച്ച ശേഷമാണ് ജാക്കികൾ പൂർണമായും മാറ്റുന്നത്. പിന്നീട് ആ വിടവും കട്ടകെട്ടി അടയ്ക്കുന്നു. 

 

വീട്ടുകാരുടെ ഭാഗത്തു നിന്നു വേണ്ടത്

കരാർ ഉറപ്പിച്ചു കഴിയുമ്പോൾ ഒരു തീയതി നിശ്ചയിച്ചു പറയും. ആ ദിവസത്തിനു മുൻപേ ചില കാര്യങ്ങൾ വീട്ടുകാർ ചെയ്യേണ്ടതുണ്ട്. പ്രധാനമായും ഗ്രൗണ്ട് ഫ്ലോറിലാണല്ലോ പണികൾ നടക്കുക. അതിനാൽ ഗ്രൗണ്ട് ഫ്ലോർ പൂർണമായും കാലിയാക്കണം. ഉറപ്പിച്ചു വച്ചിരിക്കുന്ന കബോർഡുകൾ, വാതിൽ പാളികൾ, ജനലുകളിലെ കൊതുകു വലകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവ മുകളിൽ മുറികളുണ്ടെങ്കിൽ അവിടെ സൂക്ഷിക്കാവുന്നതാണ്. അതുപോലെ നിർമാണാവശ്യത്തിനു വേണ്ട വെള്ളത്തിന്റെ ലഭ്യതയും ഉടമസ്ഥർ തന്നെ ഉറപ്പു വരുത്തണം. തൊഴിലാളികൾ മിക്കവാറും സൈറ്റിൽ താമസിച്ചായിരിക്കും ജോലി ചെയ്യുക. അപ്പോൾ അതിനു വേണ്ടുന്ന ക്രമീകരണങ്ങളും വേണം.

 

വീട് ഉയർത്താൻ വേണ്ട സമയം

അഞ്ചടി ഉയർത്തുക എന്നു പറഞ്ഞാൽ അഞ്ചു ഘട്ടങ്ങളായാണ് ജോലി പൂർത്തിയാകുന്നത്. ഇതിനായി 50 ദിവസം വരെ വേണ്ടി വരാം. നാലടിക്ക് 40 ദിവസം, മൂന്നടിക്ക് 30 ദിവസം എന്നിങ്ങനെയാണു പറയുക. എന്നാൽ സാധാരണ ഇത്ര ദിവസം വേണ്ടി വരാറില്ല. 

 

ഇരുനിലയ്ക്കും ഒറ്റനിലയ്ക്കും ഒരേ നിരക്കാണോ?

ഉയർത്തുന്നതിന് ഇരുനില വീടിനും ഒറ്റനില വീടിനും വ്യത്യസ്ത നിരക്കുകളാണ്. കാരണം ഇരുനില വീടാകുമ്പോൾ വിസ്തീർണവും അതനുസരിച്ചു ഭാരവും കൂടുതലുണ്ടാകും. അതിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളും മറ്റും ഉയർന്ന ഭാരവാഹക ശേഷിയുള്ളവയായിരിക്കണം. അടിത്തറയ്ക്കും തക്ക ബലം വേണം. അപ്പോൾ സ്വാഭാവികമായും നിരക്കു കൂടാം. എന്നാൽ സ്ലാബ് കൂടുന്നതിനനുസരിച്ച് നിരക്കു കുറയുന്നുമുണ്ട്. അതിനാൽ ഇരുനില വീടുകളുടെ ഉയർത്തൽ വലിയ ബാധ്യതയാകില്ലെന്നു പറയാം. എന്തായാലും പ്രളയം പതിവാകുന്ന കേരളത്തിൽ വീടുയർത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. പ്രളയത്തിന്റെ ദുഃഖവും ദുരിതവും ഇല്ലാതാകുന്നതിനൊപ്പം നിലവിലെ വീടു വിട്ട് മറ്റൊരിടത്തേക്കു മാറുന്നതിന്റെയും പുതിയ വീടു നിർമിക്കുന്നതിന്റെയും സാമ്പത്തിക ആഘാതം ഒരു പരിധിവരെ ലഘൂകരിക്കാനും വീടുയർത്തലിലൂടെ കഴിയുന്നു.

 

വിവരങ്ങൾക്കു കടപ്പാട്

അജിഷ് അഷറഫ്

ആശീർവാദ് ബിൽഡിങ് ലിഫ്റ്റിങ് & കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്

English Summary- House Lifting Trend in Kerala- Explaining in detail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com