ADVERTISEMENT

കെട്ടിട നിർമാണ മേഖലയിൽ മാത്രമല്ല, മറ്റേതു മേഖലയിലായാലും നമ്മൾ മലയാളികളെപ്പോലെ കലാബോധവും നൈപുണ്യവുമുള്ളവർ വേറെയുണ്ടോ എന്നത് സംശയമാണ്. പക്ഷേ, അത് പ്രകടമാകണമെങ്കിൽ നമ്മൾ മനസ്സ് വയ്ക്കണം എന്നുമാത്രം.. അന്യസംസ്ഥാന തൊഴിലാളികളെ കഴിവതും വീട്ടിലേക്ക് പണിക്ക് വിളിക്കരുത് എന്ന പക്ഷക്കാരനാണ് ഞാൻ (അടുത്ത വീടുകളിൽ പണി നടക്കുമ്പോഴും കരാറുകാരനെ ഇത് ഞാൻ ഓർമ്മപ്പെടുത്താറുണ്ട്). പക്ഷേ, ആവശ്യനേരത്ത് പണി നടക്കണമെങ്കിൽ മറുനാടൻ പണിക്കാർ തന്നെ നമുക്ക് വേണം എന്നതാണ് വസ്തുത.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഓണസമയത്താണ് വീട്ടിലെ ബൗണ്ടറി വാൾ കെട്ടുവാൻ അടുത്തുതന്നെയുള്ള ഒരു കരാറുകാരനെ ഏല്പിച്ചത്. നാലു പേരാണ് പണിക്ക് വന്നത്. ദിവസങ്ങളോളം പണിയെടുത്തിട്ടും പണിയിൽ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നപ്പോൾ  ''പണി എന്ന് തീർത്തുതരും" എന്ന് ഞാൻ ചോദിച്ചു.

'ഓണത്തിനുമുമ്പ് തീർത്തു തരാം' എന്നവർ ഏറ്റു. (ഓണത്തിന് ഒന്നര ആഴ്ചയോളം പിന്നേയും ബാക്കിയുണ്ട്...)

ഓണമിങ്ങ് അടുത്തിട്ടും പണിയുടെ വലിയൊരു ഭാഗം തീർക്കാൻ പിന്നെയും ബാക്കിയാണ്. ഈ രീതിയിൽ പണി നടന്നാൽ ഓണവും, വിഷുവും, വല്യ പെരുന്നാളും കഴിഞ്ഞാലും പണി തീരില്ല എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ, എന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബാക്കിവന്ന മുഴുവൻ പണികളും അവർ ചെയ്തു തീർത്തു. (രണ്ട് ആഴ്ചകൊണ്ട് ചെയ്ത അത്രയും പണിയാണ് വെറും രണ്ടു ദിവസംകൊണ്ട് തീർത്തത്....)

അതോടെ ഒരു കാര്യം എനിക്ക് ബോധ്യമായി.

വെറും ഒരാഴ്ചകൊണ്ട് തീർക്കാവുന്ന പണി ഓണംവരെ മനപ്പൂർവ്വം നീട്ടികൊണ്ടുപോകുകയായിരുന്നു എന്നത്. ഓണത്തിനുമുമ്പ് ഇനിയൊരു പണി ഏൽക്കുന്നതിലും നല്ലത് ഈ പണി പരമാവധി നീട്ടി കൊണ്ടുപോകുകയാണ് ബുദ്ധി എന്നവർക്ക് അറിയാമായിരുന്നു.

ഇതാണ് ചില മലയാളികളുടെ സ്വഭാവം. മലയാളികൾ മാത്രമേ ഇത്തരം നെറികേട് കാണിക്കാൻ തരമുള്ളൂ. അതേസമയം അന്യസംസ്ഥാന തൊഴിലാളികൾക്ക് പണിയിൽ നൈപുണ്യം അല്പം കുറവാണെങ്കിലും (എല്ലാവരുമല്ല, അപാര സാമർഥ്യമുള്ളവർ അവർക്കിടയിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല) എടുക്കുന്ന പണിയിലും പണി കൊടുക്കുന്ന ഉടമയോടും അവർ കാണിക്കുന്ന ആത്മാർത്ഥത ഒന്ന് വേറെയാണ്. പണി പറഞ്ഞു കൊടുത്ത് ചെയ്യിപ്പിക്കാൻ നമുക്ക് സാധിക്കുമെങ്കിൽ ഏറ്റവും നല്ലത് അന്യസംസ്ഥാനതൊഴിലാളികളാണ്.

ഈ ബൗണ്ടറി വാൾ പിന്നീട് പ്ലാസ്റ്റർ ചെയ്തത് അന്യസംസ്ഥാന തൊഴിലാളികളാണ്. പണിയുടെ അവസാന ദിവസം ഏകദേശം നാലുമണിക്ക് പണി തീർന്നു. അത് കഴിഞ്ഞു വൈകുന്നേരത്തെ ചായ കുടിച്ചതിനുശേഷം അവർ എന്നോട് പറഞ്ഞു: "ബായ്സാബ്, ഹോ കാം പൂരാ ഖത്തം ഹോഗയാ....ദുസ്‌റാ കുച്ച് കാം ഹേ?"....

ഇതാണ് മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും തമ്മിലുള്ള വ്യത്യാസം.

ഇത് വായിക്കുന്ന പലർക്കും ഇത്തരം അനുഭവം ഉണ്ടായി കാണും എന്നത് ഉറപ്പാണ്. പക്ഷേ, പലർക്കും അത് തുറന്നു പറയാൻ മടിയാണ്.

'നാളെ പണിക്ക് വരാം' എന്ന് ഏറ്റവർക്ക് നമ്മൾ രാവിലത്തെ ഭക്ഷണം ഉണ്ടാക്കി കാത്തിരുന്നിട്ടും പണിക്കാർ സമയത്തിന് എത്താതെ വന്നാൽ  നമ്മൾ അവർക്ക് വിളിപ്പു നോക്കും. അപ്പോൾ ഫോൺ എടുത്ത് കാര്യങ്ങൾ പറയാൻ പോലും മര്യാദ കാണിക്കാത്തവരാണ് അധികവും.'നാളെ ഞങ്ങൾ വരില്ല' എന്ന് പറഞ്ഞാൽ ഭക്ഷണം ഉണ്ടാകുന്ന മെനക്കേടും ഭക്ഷണത്തിനുവേണ്ടി നഷ്ടപ്പെടുത്തുന്ന പണവും നമുക്ക് ലാഭിക്കാം.

പക്ഷേ, അത് നേരത്തെ പറയാനുള്ള മര്യാദയും തന്റേടവും നമ്മുടെ മലയാളികൾക്ക് ഇല്ലേ ഇല്ല! 

NB: 'അതിഥി തൊഴിലാളികൾ' എന്ന വാക്ക് മനപ്പൂർവ്വം ഒഴിവാക്കിയതാണ്

***അഭിപ്രായം വ്യക്തിപരം.

നിങ്ങൾക്ക് വീടുമായി ബന്ധപ്പെട്ട വ്യത്യസ്ത അനുഭവങ്ങൾ പറയാനുണ്ടോ? നിങ്ങളുടെ പേരും മൊബൈൽ നമ്പറും ചിത്രവും സഹിതം അയച്ചുതരൂ...അയയ്‌ക്കേണ്ട വിലാസം- customersupport@mm.co.in

English Summary- A Compound Wall Building Experience; Commitment in Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com