'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്': പാഠമാകണം ഈ മലയാളിയുടെ ദുരനുഭവം

malayali-experience
Representative Image: Photo WESTOCK PRODUCTIONS/ Shutterstock.com
SHARE

ചില മനുഷ്യരുടെ ജീവിതങ്ങൾ സിനിമാക്കഥകളേക്കാൾ നാടകീയമായി തോന്നും.. ഇത് ഒരു മലയാളിയുടെ മാത്രം കഥയല്ല, ഇതേ അനുഭവത്തിലൂടെ കടന്നുപോകുന്ന ഒരുപാട് മലയാളികളുണ്ടാകും.

ചന്ദ്രൻ (യഥാർഥ പേരല്ല) ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. സ്‌കൂൾപഠനം പൂർത്തിയാക്കിയശേഷം നാട്ടിൽ ഏറെവർഷങ്ങൾ കൂലിപ്പണി ചെയ്തു. വിവാഹശേഷം ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയ വീസയിൽ കടൽകടന്നു. മറ്റുള്ളവർ എസിയുടെ സുഖശീതളിമയിൽ ജീവിക്കുമ്പോൾ പൊരിവെയിലും മണൽകാറ്റുമേറ്റ് ചത്തുപണിയെടുത്തു. തറവാട്ടിൽനിന്ന് ഓഹരിയൊന്നും ലഭിക്കാൻ ഇല്ലാത്തതുകൊണ്ട് ഗൾഫിൽ അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അവിടെ ഒരു ചെറിയ വീട് വച്ചു.

ചെലവ് കുറഞ്ഞ വീടുകൾ കാണാം! Subscribe Now

ഒരു മകനും മകളുമാണ് ചന്ദ്രന്. അവർ തന്നെപ്പോലെ കഷ്ടപ്പെടേണ്ടി വരരുത് എന്നാഗ്രഹിച്ച് മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. മകളെ ബിരുദാനന്തര പ്രൊഫഷണൽ കോഴ്സ് വരെ പഠിപ്പിച്ചു. മകൻ തനിക്കുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്ന് സ്വാഭാവികമായും അയാൾ പ്രതീക്ഷിച്ചു. എന്നാൽ മകൻ അയാൾ ആഗ്രഹിച്ച പോലെ പഠിച്ചില്ല. അവൻ കൂട്ടുകെട്ടുകളുമായി കറങ്ങിനടന്നു. 

മകൾക്ക് വിവാഹപ്രായമായപ്പോൾ ചന്ദ്രൻ പഴയ വീട് ഒന്ന് പുതുക്കാൻ തീരുമാനിച്ചു. നല്ല കുടുംബത്തിൽനിന്ന് ആലോചനകൾ വരണമെങ്കിൽ നല്ല ഒരു വീട് വേണം. മാത്രമല്ല ജീവിതത്തിന്റെ ഭൂരിഭാഗം കുടുസ്സുവീട്ടിൽക്കഴിഞ്ഞ ചന്ദ്രന് നല്ലയൊരു രണ്ടുനില വീട് ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു. അങ്ങനെ പ്രവാസജീവിതത്തിന്റെ അവസാനകാലത്ത് അതുവരെയുള്ള സമ്പാദ്യത്തിന്റെ നല്ലൊരു തുക ചെലവഴിച്ച് വീടുപണി തുടങ്ങി. മൂന്ന് വർഷത്തോളമെടുത്ത് അയാൾ തന്റെ സ്വപ്നഭവനം പൂർത്തിയാക്കി. അമിത ആഡംബരങ്ങൾ ഇല്ല എങ്കിലും ആരും ഇഷ്ടപ്പെടുന്ന ഒരു വീട്. ചന്ദ്രന്റെ ജീവിതനിലവാരം മാറിയത് നാട്ടിൽ സംസാരവിഷയമായി.

വീടുപണി കഴിഞ്ഞാൽ പിന്നെ അടുത്തത് വിവാഹമാണല്ലോ..മകളെ നല്ലരീതിയിൽ വിവാഹം ചെയ്തയച്ചു. 'സഞ്ചരിക്കുന്ന ജ്വല്ലറി' പോലെ മകളെ സർവാഭരണവിഭൂഷിതയാക്കി പറഞ്ഞയച്ചപ്പോൾത്തന്നെ ദീർഘവർഷം കൊണ്ട് സ്വരുക്കൂട്ടിയ അയാളുടെ ബാങ്ക് ബാലൻസ് ശുഷ്കമായി. 100 പവൻ കൊടുത്തതിന്റെ ഗമ ഭാര്യ മറ്റുസ്ത്രീകളോട് പറഞ്ഞുരസിക്കുമ്പോൾ അയാളുടെ ഉള്ള് പിടയുകയായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ച് യാതൊരു ചർച്ചയും തനിനാടൻ വീട്ടമ്മയായ ഭാര്യയുമായി അയാൾ നടത്തിയിരുന്നില്ല.

ഇതിനിടയിൽ മകൻ ജോലികിട്ടി ഗൾഫിൽ പോയി. അതോടെ ഇനി സ്വസ്ഥമാകാം എന്നുകരുതി ചന്ദ്രൻ ഗൾഫിലെ ജോലിമതിയാക്കി. നാട്ടിൽ ഒരു ചെറിയ കടയിട്ടു.  മകൻ ഗൾഫിൽ പോയി കുറച്ച് മാസങ്ങൾക്കുള്ളിൽ നാട്ടിലുള്ള ഒരു പെൺകുട്ടിയുമായി പ്രേമവിവാഹവും നടന്നു. പ്രേമവിവാഹമായതുകൊണ്ട് ചന്ദ്രൻ വിചാരിച്ചതുപോലെ ഒന്നും'തടഞ്ഞില്ല'. മാത്രമല്ല കല്യാണം കഴിഞ്ഞതോടെ 'ഗൾഫുകാരൻ' മകൻ നാട്ടിൽ കുറ്റിയടിച്ചു. പെൺവീട്ടിൽ വിലകാണിച്ച് പെണ്ണുകെട്ടാനുള്ള 'താൽകാലിക അഡ്രസ്സ്' മാത്രമായിരുന്നു അവന് ഗൾഫുദ്യോഗം. ഇതിനിടയ്ക്ക് കുട്ടികളുമായി. മകന്റെയും കുടുംബത്തിന്റെയും ചെലവ് കൂടി ചന്ദ്രന്റെ തലയിലായി.

ഇനിയാണ് യഥാർഥ പ്രശ്നം ആരംഭിക്കുന്നത്. ഒരു കുറവും അറിയിക്കാതെ വളർത്തി വിവാഹം കഴിപ്പിച്ചയച്ച മകൾക്കും ജോലിക്ക് പോകാൻ താൽപര്യമില്ല. കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ജോലിയില്ലാത്ത പെണ്ണ് താമസിയാതെ ഭർതൃവീട്ടുകാർക്ക് ഒരു 'ബാധ്യത'യായി. 'സ്ത്രീധനം കുറഞ്ഞുപോയി' എന്നുപറഞ്ഞു മകളുടെ ഭർതൃവീട്ടിൽ മുറുമുറുപ്പുകൾ തുടങ്ങി. ഒടുവിൽ തന്റെ ഓഹരി മേടിക്കാൻ മകളെ ചട്ടംകെട്ടി വീട്ടിലേക്കയച്ചു.

മകളുടെ ഇമോഷനൽ ബ്ലാക്മെയിലിങ് കാണാൻവയ്യാതെ മനസ്സില്ലാമനസ്സോടെ അവസാന അത്താണിയായ വീടും സ്ഥലവും അയാൾ വിൽക്കാൻ വച്ചു. പക്ഷേ കോവിഡ് കാലത്തിനുശേഷം നാട്ടിൽ സ്ഥലത്തിന്റെ ഡിമാൻഡ് ഇടിഞ്ഞതുകൊണ്ട് തുച്ഛമായ തുകയ്ക്ക് അയാൾക്ക് വീടും സ്ഥലവും വിറ്റൊഴിയേണ്ടിവന്നു. ഒരായുസ്സിന്റെ അധ്വാനം കൊണ്ട് നേടിയ വീട്ടിൽനിന്ന് കണ്ണീരോടെ അയാൾക്കിറങ്ങേണ്ടിവന്നു. കിട്ടിയതിൽ നല്ലൊരു തുക മകളുടെ ഓഹരികൊടുത്തു. ബാക്കി തുകകൊണ്ട് ഇനി സ്ഥലം മേടിച്ച് ആയുസ്സിൽ മറ്റൊരു വീട് വയ്ക്കാൻ അയാൾക്കാവതില്ല. ഇപ്പോൾ വാടകവീട്ടിൽ പ്രാരാബ്ധങ്ങളുമായി കഴിയുകയുമാണ് ചന്ദ്രനും കുടുംബവും.

***

'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്' എന്ന ചൊല്ല് ചന്ദ്രന്റെ കാര്യത്തിൽ സത്യമായി. വീട്, വിവാഹം...ഇതുരണ്ടുമാണ് ചന്ദ്രന്റെ സാമ്പത്തിക നട്ടെല്ല് ഓടിച്ചത്. ചന്ദ്രന്റെയും ഭാര്യയുടെയും പാരന്റിങിലുമുണ്ട് തെറ്റുകൾ. മക്കളെ ഒരു കഷ്ടപ്പാടും അറിയിക്കാതെ വളർത്തിയതോടെ അവർ സുഖിമാനും സുഖിമതിയുമായി.

നേരായ സാമ്പത്തിക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ ഇരയാണ് ചന്ദ്രൻ. 'ആരൂഢം അന്നം മുട്ടിക്കും' എന്ന് പറയുന്നത് വെറുതെയല്ല. ഇതുപോലെ പ്രവാസികളായ എത്രയെത്ര ചന്ദ്രന്മാർ കേരളത്തിലുണ്ടാകും. ഇത് വായിക്കുന്നവർക്കും ഇതുപോലെ ഒരു അനുഭവം കേട്ടുകേൾവിയെങ്കിലുമുണ്ടാകും. മാതാപിതാക്കളെ എടിഎം മെഷീനുകൾ മാത്രമായി കാണുന്ന മക്കളാണ് പുതിയകാലത്തെ ഏറ്റവും വലിയ ദുരന്തം എന്ന് ചന്ദ്രന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നു.

വീട് വിഡിയോസ് കാണാം...

ചെലവ് കുറഞ്ഞ വീടുകൾ കാണാം! Subscribe Now

English Summary- House, Marriage and Financial Trap- Life of a Malayali Parent Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA