ലുക്കിലല്ല കാര്യം: കാലൻകുടയുമായി നടക്കുന്ന ചുള്ളൻ സാർ പഠിപ്പിച്ച പാഠം! അനുഭവം

1528286675
Representative Image: Photo AS photo family/ Shutterstock.com
SHARE

എന്റെ കോളേജ് കാലഘട്ടത്തിൽ ഞങ്ങൾക്കിടയിലെ ഏറ്റവും ഗ്ലാമറുണ്ടായിരുന്ന വ്യക്തി ആരെന്നു ചോദിച്ചാൽ നിങ്ങൾ കരുതുംപോലെ അത് ഞാൻ ആയിരുന്നില്ല, ഞാൻ രണ്ടാമൻ മാത്രമായിരുന്നു! ഞങ്ങളുടെ ഒക്കെ അധ്യാപകനായിരുന്ന സുദീപ് സാറായിരുന്നു ആ ഒന്നാം റാങ്കുകാരൻ. 

സുദീപ് സാർ ആളൊരു സുന്ദരക്കുട്ടപ്പനാണ്. പോളീഷ് ചെയ്തു മിനുക്കിയ ഷൂ, ഇസ്തിരിയിട്ട പാന്റ്‌, ഫുൾ സ്ലീവ് ഷർട്ട്, ഷൂസിനു യോജിക്കുന്ന ബെൽറ്റ്‌, വൃത്തിയായി വെട്ടിയൊതുക്കിയ താടി, ചീകിയൊതുക്കിയ മുടി... ഇങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ സുദീപ് സാറിന് ഒരു മമ്മൂട്ടിച്ചന്തം ഉണ്ടെന്നു പറയേണ്ടിവരും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സുദീപ് സാറിന്റെ കയ്യിലുള്ള വേറൊരു വസ്തുവാണ് അദ്ദേഹത്തിന്റെ ആ മമ്മൂട്ടിച്ചന്തം മൊത്തം പ്രശ്നത്തിലാക്കിയിരുന്നത്..സാറിന്റെ കയ്യിൽ സ്ഥിരമായി ഉണ്ടാകാറുള്ള വലിയ ഒരു കാലൻ കുടയാണ് ഈ പ്രശ്‌നബാധിത വസ്തു.

സത്യത്തിൽ ഈ കാലൻകുട സാറിന്റെ പ്രായത്തിനോ, ഗ്ലാമറിനോ ഒന്നും ചേർന്നതല്ല എന്ന് ഞങ്ങൾ ശിഷ്യർക്കിടയിലും, സഹഅധ്യാപകർക്കിടയിലും അഭിപ്രായമുണ്ട്. എങ്കിലും സാറ് അതൊന്നും ഗൗനിക്കാറില്ല. പൊരിവെയിലത്തും, പെരുമഴയത്തും തന്റെ കുടയും നിവർത്തിപ്പിടിച്ചു സാർ അങ്ങനെ നടക്കും,  വേണ്ടിവന്നാൽ കുടയില്ലാതെ മഴ നനഞ്ഞു പോകുന്ന ശിഷ്യരെയോ, സഹപ്രവർത്തകരെയോ ഒക്കെ തന്റെ കുടക്കീഴിൽ ചേർക്കും. അങ്ങനെയിരിക്കെയാണ് ഒരുനാൾ സാർ തന്റെ കാലൻകുടയുമെടുത്ത് ക്ളാസിലെത്തുന്നത്.

സെലിബ്രിറ്റി വീടുകളുടെ വിഡിയോസ് കാണാം! Subscribe Now

സ്ട്രക്ചറൽ എൻജിനീയറിങ്ങിന്റെ ഭാഗമായ ട്രസ് രൂപകല്പനയെക്കുറിച്ചും മേൽക്കൂരകളെക്കുറിച്ചും ക്ലാസെടുക്കാൻ വരുമ്പോഴാണ് സാർ തന്റെ കുടയുടെ മാഹാത്മ്യം ഞങ്ങൾക്ക് മുന്നിൽ വിവരിക്കുന്നത്. ഒരു മേൽക്കൂര എന്ന് പറയുന്നത് പൂർണ്ണമായും ഒരു കാലൻ കുടപോലെ അതിനു താഴെയുള്ള സകലതിനും സംരക്ഷണം നല്കുന്നതായിരിക്കണം. വിശേഷിച്ചു പൊരിവെയിലും, പെരുമഴയും ഉള്ള നമ്മുടെ കാലാവസ്ഥയിൽ.

ഒന്നുകൂടി വിശദമാക്കിയാൽ ഒരു കെട്ടിടം സ്വയം സംരക്ഷിക്കുകയും അതിനകത്തു ജീവിക്കുന്നവരെ സംരക്ഷിക്കുകയും വേണം, ആ രീതിയിൽ ആയിരിക്കണം അതിന്റെ മേൽക്കൂര രൂപകൽപന ചെയ്യേണ്ടത്. ആ രൂപകൽപനയുടെ മാനദണ്ഡങ്ങൾ അന്നാട്ടിലെ കാലാവസ്ഥയുമായി അങ്ങേയറ്റം ബന്ധപ്പെട്ടു കിടക്കുന്നു. ഗൾഫിലെ മഴയില്ലാത്ത കാലാവസ്ഥയിൽ പിന്തുടരുന്ന പരന്ന മേൽക്കൂരകൾ അല്ല നമുക്ക് വേണ്ടത്.  എന്നുവച്ച് റഷ്യയിലെ കൂർത്തു കുത്തനെ ഉള്ള മേൽക്കൂരയും നമുക്ക് വേണ്ട, കാരണം മഞ്ഞുവീഴ്ച എന്ന് പറയുന്ന പ്രതിഭാസം നമ്മുടെ നാട്ടിൽ ഇല്ല. നമ്മുടെ മുഖ്യ പ്രശ്നം മഴയും വെയിലുമാണ്. അതുകൊണ്ടുതന്നെ നമുക്ക് ഇടത്തരം ചെരിവുള്ള മേൽക്കൂരകളാണ് അഭികാമ്യം.

ഓല മേയുന്ന കാലഘട്ടത്തിലും, പുല്ലു മേയുന്ന കാലഘട്ടത്തിലും, ഓട് മേയുന്ന കാലഘട്ടത്തിലും നമുക്കുണ്ടായിരുന്നത് മഴയെ ചെറുക്കാൻ കഴിവുള്ള മേൽക്കൂരകളായിരുന്നു, റൂഫിങ്ങിനെക്കുറിച്ചു കൃത്യമായ ധാരണയും നമുക്കുണ്ടായിരുന്നു.കോൺക്രീറ്റിന്റെ വരവോടെയാണ് അതിൽ മാറ്റമുണ്ടാവുന്നത്. അതോടെ ആർക്കും ഏതു രൂപത്തിലും റൂഫ് നിർമ്മിക്കാം എന്ന അവസ്ഥ വന്നു, ഈ വിഷയത്തെക്കുറിച്ചു കാര്യമായ അറിവില്ലാത്തവർ കൂടി ഇക്കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ കാര്യങ്ങൾ ചക്ക കുഴയുന്നപോലെ ഒന്നുകൂടി കുഴഞ്ഞു. 

അങ്ങനെ കുഴഞ്ഞതിന്റെ ബാക്കിപത്രമാണ് ഇന്ന് നമ്മുടെ ഫ്ലാറ്റ് റൂഫ് വീടുകളുടെ മുകളിൽ ഉയർന്നു നിൽക്കുന്ന ചെരിഞ്ഞ ട്രസ് റൂഫുകൾ. എന്നാൽ ഈ ചെരിഞ്ഞ മേൽക്കൂരകൾ അങ്ങനെ എളുപ്പം പ്ലാൻ ചെയ്യാവുന്ന ഒന്നല്ല. അതിൽ ഒരിടത്തും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ ഉണ്ടാവരുത്. വീടിന്റെ ഭിത്തിയെയും ജനാലകളെയും സംരക്ഷിക്കാൻ ഉതകും വിധമുള്ള റൂഫ് പ്രൊജക്‌ഷൻ വേണം.

ഇക്കാര്യം മനസ്സിലാക്കാനായി വീടുകളുടെ പ്ളാനിനോടൊപ്പം റൂഫ് പ്ലാൻ കൂടി ചോദിക്കണം. അല്ലാതെ നാല് ബെഡ് റൂമുകളും, മൂന്നു ടോയ്‌ലറ്റുകളും, ഒരു അടുക്കളയും തമ്മിൽ ചേർത്തുവച്ചു വരച്ചുണ്ടാക്കുന്ന ഒന്നല്ല ഈ വീടിന്റെ പ്ലാൻ. ഇനി എന്താണ് ഈ ചെരിഞ്ഞ റൂഫുകൾ നൽകുന്ന ഗുണം എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം അവ സ്വയം വൃത്തിയാക്കുന്നു എന്നുതന്നെയാണ്.

മേൽക്കൂരയിൽ അടിഞ്ഞു കൂടുന്ന പൊടിയും അഴുക്കും അടുത്ത മഴയിലോ, കാറ്റിലോ താഴേക്കു പോകും. അതുപോലെ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നില്ല. ഭിത്തിയെയും, ജനാലകളെയും വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്നതുകൊണ്ട്  വീടിന്റെ ആയുസ്സു ഗണ്യമായി വർധിക്കും. ഒരു സംശയവും വേണ്ട. വീടിന്റെ പരിപാലന ചെലവ് കാര്യമായി കുറയും. പെയിന്റിങ്ങിന്റെ ഇടവേളകൾ വർധിക്കും.

എന്നാൽ ഇപ്പോൾ ചിലരുടെ സംശയം, കോൺക്രീറ്റുകൊണ്ടു ചെരിഞ്ഞ മേൽക്കൂര പണിയുമ്പോൾ അത് ലീക്കിനു കാരണമാവില്ലേ എന്നാണ്. പല കോൺട്രാക്ടർമാരും, അപൂർവ്വം ചില എൻജിനീയർമാരും ചേർന്ന് അത്തരം ഒരു ധാരണ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുമുണ്ട്. ഇതും നമുക്ക് പരിശോധിക്കാം.

നമ്മുടെ വീടുകൾക്ക് യൂറോപ്യൻ നാടുകളിലെ പോലുള്ള കൂർത്തു ചെരിഞ്ഞ മേൽക്കൂര ആവശ്യമില്ലെന്നു നാം കണ്ടുകഴിഞ്ഞു. നമുക്ക് വേണ്ടത് ഒരു ഇടത്തരം ചെരിവുള്ള മേൽക്കൂരകളാണ്, അത് കോൺക്രീറ്റിൽ പാട്ടും പാടി നിർമ്മിച്ചെടുക്കാം. ഒരു പ്രശ്നവുമില്ല. മാത്രവുമല്ല, നമ്മുടെ ചെരിഞ്ഞ മേൽക്കൂരയ്ക്ക് മുകളിലായി നമ്മൾ ഓട് മേയുന്ന പതിവുമുണ്ട്. അപ്പോൾ പിന്നെ ലീക്കിന്റെ കാര്യം മറക്കാം.

എന്നാൽ എന്തുകൊണ്ടാണ് നമ്മുടെ കോൺട്രാക്ടർമാരും എൻജിനീയർമാരും ഇത്തരം ഒരു ധാരണ പരത്തുന്നത് എന്ന് ചോദിച്ചാൽ ചെരിഞ്ഞ മേൽക്കൂരകൾ നിർമ്മിക്കാനുള്ള ഷട്ടറിങ് ജോലികൾ ചെയ്യാൻ അവർക്കിത്തിരി ബുദ്ധിമുട്ടുണ്ട് എന്ന് മാത്രമാണ് അതിനുള്ള ഉത്തരം.  എന്നാൽ ഈ ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരകൾ ചെയ്യുമ്പോൾ അതിന്റെ സ്ട്രക്ചറൽ എൻജിനീയറിങ് തലത്തിൽ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങൾ ഉണ്ട്, വലിയൊരു വിഷയം ആയതിനാലും, ഓരോ റൂഫിലും വേണ്ടുന്ന കാര്യങ്ങൾ വ്യത്യസ്തം ആയതിനാലും കുറച്ചധികം പറയേണ്ടി വരും, അതുകൊണ്ടു പിന്നെ ആവാം. 

വീട് വിഡിയോസ് കാണാം...

മഴയിൽ നിന്നും, വെയിലിൽ നിന്നും, കാറ്റിൽ നിന്നും, മഞ്ഞിൽ നിന്നും ഒക്കെ സ്വയം സംരക്ഷിക്കുകയും, മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്നതാവണം ഓരോ കെട്ടിടവും. ആ സംരക്ഷണം, ഒരധ്യാപകൻ തന്റെ വിജ്ഞാനത്തിന്റെ കുടക്കീഴിൽ ചേർത്തു നിർത്തുന്ന  വിദ്യാർത്ഥിക്ക് നല്കുന്ന സംരക്ഷണം പോലെ, ആത്മവിശ്വാസം പോലെ സുദൃഢവും ആവണം...

ചെലവ് കുറഞ്ഞ വീടുകളുടെ വിഡിയോ കാണാം! Subscribe Now

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Slope Roof in Kerala Homes- Expert Talk

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA