ചുട്ടുപൊള്ളുന്ന സൂര്യനെ കറണ്ടാക്കി മാറ്റിയാലോ! ഇത് സോളറിന് നല്ലകാലം

solar-house
Representative Image: Photo credit: Diyana Dimitroval/ Shutterstock.com
SHARE

വൈദ്യുതി ബിൽ കാണുമ്പോൾ മാത്രം ബദൽ ഊർജ സംവിധാനത്തെപ്പറ്റി ചിന്തിക്കുന്നവരാണു നാം. സൗരോർജ സംവിധാനത്തിന്റെ മേന്മകളെപ്പറ്റി അറിയാമെങ്കിലും ആശങ്കകൾക്കു വിരാമം ആകാത്തതുകൊണ്ടാണ് അധികമാരും ഇതിനു മുന്നിട്ടിറങ്ങാത്തത്. ഭാവിയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടേക്കാവുന്ന സാഹചര്യത്തിൽ ബദൽ സംവിധാനത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രളയകാലത്ത് സൗരോർജത്തിന്റെ ഗുണം മനസ്സിലാക്കിയവർ സൗരോർജ സംവിധാനത്തിലേക്കു ചുവടുവച്ചത് ഈ രംഗത്തു പുത്തൻ ഉണർവ് പകർന്നിരിക്കുകയാണ്. 

രണ്ടു തരത്തിലുള്ള സോളർ ഇൻവർട്ടറുകളാണുള്ളത്. ഓൺ ഗ്രിഡും, ഓഫ്ഗ്രിഡും. പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബിയിലേക്കു നൽകി, തത്തുല്യഅളവ് വൈദ്യുതി ഗ്രിഡിൽനിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി. ഓൺ ഗ്രിഡ് രീതിയിൽ വീട്ടിലെ ഉപകരണങ്ങൾ സൗരോർജത്തിൽ അല്ല പ്രവർത്തിക്കുക. കെഎസ്ഇബിയിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് സൗരപാനലുകളിൽനിന്നുള്ള ഡിസി വൈദ്യുതി എസി ആക്കി വൈദ്യുതി ബോർഡിലേക്കു നൽകുന്നത്. 

2070531506

വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി വീട്ടിലെ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും രാത്രികാലങ്ങളിലെ ആവശ്യത്തിനു ബാറ്ററിയിൽ സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഓഫ് ഗ്രിഡ് സംവിധാനം. ഇതോടൊപ്പം ആവശ്യമെങ്കിൽ വൈദ്യുതി ബോർഡിന്റെ കണക്‌ഷനും എടുക്കാം. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഒരു ദിവസം മൂന്നുനാല് കിലോവാട്ട് വൈദ്യുതിവരെ ഉണ്ടാക്കാം. ഓൺഗ്രിഡ് സംവിധാനം വഴി നേരിട്ട് കെഎസ്ഇബിയിലേക്കു വൈദ്യുതി നൽകുന്നതിനാൽ കറന്റ് ചാർജ് ലാഭിക്കാം. ഒപ്പം വൈദ്യുതി സൂക്ഷിക്കുന്നതിനായി ബാറ്ററിയും ഉപയോഗിക്കേണ്ടതില്ല. എന്നാൽ കെഎസ്ഇബിയിൽനിന്നുള്ള പവർ സപ്ലൈ നിലച്ചാൽ സൗരോർജം ഉപയോഗിക്കാൻ സാധ്യമല്ല. ഇതിനായി പ്രത്യേകം ബാറ്ററി സ്ഥാപിച്ചാൽ പ്രശ്നപരിഹാരം സാധ്യമാണ്. എന്നാലും ഇത് ഏറെ ചെലവേറിയ കാര്യമാണ്. സ്മാർട് മീറ്റർ ഘടിപ്പിച്ച് ടൈംലി ബില്ലിങ് സംവിധാനത്തിനൊരുങ്ങുകയാണ് കെഎസ്ഇബി. പീക്ക് ടൈമിൽ വാങ്ങുന്ന വൈദ്യുതിക്ക് ഇതുമൂലം വില കൂടും, നാം വിൽക്കുന്ന സൗരോർജ വൈദ്യുതിയിലും കൂടുതൽ തുക ഇപ്രകാരം വന്നേക്കാം. ഇതു ലാഭകരമായിരിക്കുകയില്ല. 

സൗരവൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കേണ്ട എല്ലാ ഉപകരണങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്നത്ര വൈദ്യുതി ലഭിക്കാൻ പാകത്തിനുള്ള സോളർ പാനലുകൾ, ഡിസി വൈദ്യുതിയെ എസി ആക്കാൻ ശക്തിയുള്ള ഇൻവർട്ടറും അധിക വൈദ്യുതി സൂക്ഷിച്ചുവയ്ക്കാൻ പാകത്തിനുള്ള ബാറ്ററി സംവിധാനവുമാണ് ഓഫ് ഗ്രിഡ് രീതിക്ക് ആവശ്യമായിട്ടുള്ളത്. എല്ലാ വൈദ്യുതിക്കും സ്റ്റാർട്ടിങ് കറന്റും റണ്ണിങ് കറന്റും ഉണ്ട്. റണ്ണിങ് കറന്റിന്റെ രണ്ടോ മൂന്നോ മടങ്ങായിരിക്കും സ്റ്റാർട്ടിങ് കറന്റ്. വീട്ടിലെ ഉപകരണങ്ങളുടെ എണ്ണം, ഉപയോഗിക്കുന്ന സമയം, ഉപയോഗത്തിന്റെ അളവ്, സ്റ്റാർട്ടിങ് കറന്റ്, റണ്ണിങ് കറന്റ് എന്നിവ അളന്നു നോക്കി വേണം ഇൻവർട്ടറിന്റെ കപ്പാസിറ്റി തീരുമാനിക്കാൻ. പകൽ സമയങ്ങളിൽ നേരിട്ടു പ്രവർത്തിക്കുന്ന സോളർ സംവിധാനം രാത്രികാലങ്ങളിൽ ബാറ്ററിയിൽ സൂക്ഷിച്ചിരിക്കുന്ന വൈദ്യുതിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനാൽ എത്ര ഉപകരണങ്ങൾ എത്ര സമയം പ്രവർത്തിക്കുന്നു എന്നു കണക്കാക്കിയാണ് ബാറ്ററിയുടെ പരിധി നിശ്ചയിക്കുന്നത്. പാനലുകൾ വയ്ക്കുമ്പോഴും ഉപഭോക്താവിന്റെ ആവശ്യങ്ങൾ അറിഞ്ഞുതന്നെ ആകണം.

Solar-Panel

ഉദാഹരണമായി നാലുപേരടങ്ങുന്ന കുടുംബത്തിൽ ഗൃഹനാഥനും ഗൃഹനാഥയും ജോലിക്കാരും കുട്ടികൾ വിദ്യാർഥികളും ആണെങ്കിൽ പകൽ സമയം ഈ വീട്ടിൽ പ്രവർത്തിക്കുന്ന ഉപകരണം ഫ്രിഡ്ജ് മാത്രമായിരിക്കും. ഇത്തരം വീടുകളിൽ കൂടുതൽ പാനലുകൾ സ്ഥാപിക്കുന്നതിൽ കാര്യമില്ല. ഇൻവർട്ടർ കപ്പാസിറ്റി കൂടുതലായിരിക്കാൻ ശ്രദ്ധിക്കണം. സ്റ്റാർട്ടിങ് കറന്റ് എപ്പോഴെങ്കിലും കൂടുതലായി വന്നാൽ ഉപകരണം സംരക്ഷിക്കാൻ കഴിയണം. സോളർ ബാറ്ററിയിലെ 70 % വൈദ്യുതി ഉപയോഗിച്ചു തീർന്നാൽ ഓട്ടമാറ്റിക്കായി കെഎസ്ഇബിയിലേക്ക് മാറുകയും കെഎസ്ഇബിയിൽനിന്നുള്ള വൈദ്യുതി നിലച്ചാൽ ബാക്കിയായ സൗരവൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിൽ ക്രമീകരിക്കുന്ന സംവിധാനമാണ് കൂടുതൽ ഫലപ്രദം. ആവശ്യഘട്ടത്തിൽ വൈദ്യുതി ലഭിക്കാൻ ഇതു സഹായിക്കും. 

സോളറിനായി പ്രത്യേക ബാറ്ററിയാണ് ഉപയോഗിക്കേണ്ടത്. സാധാരണ ബാറ്ററിയെക്കാൾ സോളർ ബാറ്ററികൾക്ക് ലൈഫ് കൂടുതലാണ്. ഇവയ്ക്കു സൈക്ലിങ് കൂടുതലുണ്ട്.  ഒരു തവണ ചാർജായ ബാറ്ററി പൂർണമായും ഉപയോഗിച്ചു തീർന്ന ശേഷം വീണ്ടും ചാർജാകാനെടുക്കുന്ന സമയമാണു ബാറ്ററിയുടെ സൈക്ലിങ് എന്നറിയപ്പെടുന്നത്. മാസത്തിൽ ഒന്നോ, രണ്ടു മാസത്തിൽ ഒന്നോ ആണ് സാധാരണ ഇൻവർട്ടർ ബാറ്ററികൾ സൈക്ലിങ് പൂർത്തിയാക്കുക. എന്നാൽ സോളർ ബാറ്ററികൾ എല്ലാ ദിവസവും ഒന്നോ രണ്ടോ സൈക്കിൾ പൂർത്തിയാക്കിക്കൊണ്ടിരിക്കും. ബാറ്ററിയുടെ ആയുസ്സ് സൈക്ലിങ്ങിനെ അടിസ്ഥാനമാക്കിയാണു കണക്കാക്കുന്നത്. 

ഭാവിയിലേക്കു വാങ്ങുന്ന ഉപകരണങ്ങൾ സോളർ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കണമെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്യണം. ഭാവിയിൽ വാങ്ങുന്ന സാധനങ്ങൾ പ്രവർത്തിക്കത്തക്കരീതിയിൽ വേണം ഓഫ് ഗ്രിഡ് സംവിധാനം സജ്ജമാക്കാൻ. അല്ലാത്തപക്ഷം ഓവർലോഡാകാൻ സാധ്യതയുണ്ട്. ആവശ്യത്തിൽ കൂടുതൽ കപ്പാസിറ്റിയുള്ള ഇൻവർട്ടറും, അനുയോജ്യമായ ബാറ്ററിയും മുൻകൂട്ടി സ്ഥാപിക്കണം, സോളർ പാനലുകൾ ആവശ്യാനുസരണം ഘടിപ്പിച്ചാൽ മതിയാകും.

solar-panel-home-tips

റിജ്യുവനേറ്റിങ് എന്നറിയപ്പെടുന്ന ജർമൻ സാങ്കേതികവിദ്യയിലൂടെ സോളറിനായി ഉപയോഗിക്കുന്ന ബാറ്ററികൾ റീചാർജ് ചെയ്യാം. പൂർണമായും ചാർജില്ലാതാകുന്നതിനു മുൻപു വേണം റിജ്യുവനേറ്റിങ്ങിനു വിധേയമാക്കാൻ. ആറുമാസത്തിലൊരിക്കൽ മെയിന്റനൻസ് നടത്തുകയും കൃത്യമായി ബാറ്ററി വാട്ടർ മാറ്റുകയും ചെയ്താൽ റിജ്യുവനേറ്റിങ്ങിലൂടെ ഉപയോഗപ്രദമാക്കിയെടുക്കാൻ സാധിക്കും. കൂടുതൽ സമയം നല്ലതുപോലെ പ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം സൗരോർജ പാനലുകൾ ക്രമീകരിക്കേണ്ടത്. ആറുമാസത്തിലൊരിക്കൽ തുടച്ചു വൃത്തിയാക്കണം. വൃത്തിയാക്കാൻ സാധിക്കുന്ന ഉയരത്തിൽ പാനലുകൾ ക്രമീകരിക്കണം. ടെർമിനലിൽ പായൽ പിടിച്ചിട്ടുണ്ടെങ്കിൽ അതും വൃത്തിയാക്കണം. ബാറ്ററി വാട്ടർ ഇടയ്ക്കിടയ്ക്കിടയ്ക്ക്  പരിശോധിച്ച് കുറവുെണ്ടങ്കിൽ നികത്തണം.  

വിവരങ്ങൾക്കു കടപ്പാട് 

ജോർജ് എം.ഡി.

മുരിക്കൻസ് ഗ്രൂപ്പ്, കടുത്തുരുത്തി.

English Summary- Solar Panel Inverter Installation at Home- Things to Know

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA