അച്ഛനും അമ്മയും അനിയനും അടങ്ങുന്നതായിരുന്നു സതീശന്റെ കുടുംബം. ഓടിട്ട ചോരുന്ന മൂന്നുമുറി വീട്ടിലായിരുന്നു താമസം. അച്ഛന് കൂലിപ്പണിയായിരുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ പണിക്കു പോകാൻ കഴിയാതായി. അമ്മ തൊഴിലുറപ്പിനു പോയി കുടുംബം മുന്നോട്ടുകൊണ്ടുപോയി. ഐടിഐ പഠനം കഴിഞ്ഞു നിരവധി പരിശ്രമങ്ങൾക്കും പരാജയങ്ങൾക്കുംശേഷം സതീശന് ഗൾഫ് വിസ കിട്ടി.
കുറച്ചുവർഷങ്ങൾക്ക് ശേഷം കുടുംബം പതിയെ കരകയറാൻ തുടങ്ങി. സതീശന് വിവാഹപ്രായമായപ്പോൾ പഴയ ഓടിട്ട ചോരുന്ന കുടുംബവീട് പൊളിച്ചുപണിത് ഇരുനില വീട് പണിതുടങ്ങി. സമ്പാദ്യം ആകുന്നമുറയ്ക്ക് രണ്ടുമൂന്നു വർഷങ്ങളെടുത്താണ് വീടുപണി പൂർത്തിയായത്.
അങ്ങനെ സതീശന്റെ വിവാഹം കഴിഞ്ഞു. രണ്ടു മക്കളായതോടെ സതീശൻ ഗൾഫുവിട്ടു നാട്ടിൽ സെറ്റിലായി. നാട്ടിൽ ഒരു സ്റ്റേഷനറി കട തുടങ്ങി. ഇതിനിടയ്ക്ക് അനിയൻ രമേശൻ പ്രേമിച്ച് വിവാഹം കഴിച്ചു. അങ്ങനെ പ്രായമായ അച്ഛനും അമ്മയും രണ്ടു കുടുംബങ്ങളും ഒരുകൂരയ്ക്ക് കീഴിൽ താമസമായി.
ആദ്യമൊക്കെ സന്തോഷമായി മുന്നോട്ടുപോയി. പതിയെ നാത്തൂൻപോര് ഉടലെടുത്തു. അത് സഹോദരങ്ങളിലേക്കും പടർന്നു. ഒരു കൂരയ്ക്ക് കീഴിൽ വീർപ്പിച്ച മുഖവുമായി അവർ താമസിച്ചു. വഴക്കുകൾ പതിവായി.
ഒടുവിൽ സമവായത്തിനായി വീട്ടുകാർ വട്ടമേശസമ്മേളനം കൂടി. തന്റെ സമ്പാദ്യവും ഭാര്യയുടെ സ്വർണവും വിറ്റുകിട്ടിയ പണം കൊണ്ടുപണിത വീട് സ്വാഭാവികമായും തനിക്ക് കിട്ടും എന്ന് സതീശൻ പ്രതീക്ഷിച്ചു. അനിയനും കുടുംബവും ഓഹരി വാങ്ങി മാറിത്താമസിക്കട്ടെ എന്ന പദ്ധതി അയാൾ അവതരിപ്പിച്ചു.
അപ്പോഴാണ് മാതാപിതാക്കളുടെ തനിനിറം പുറത്തുവന്നത്. നാട്ടുനടപ്പ് പ്രകാരം കുടുംബവസ്തു ഇളയവനല്ലേ, അപ്പോൾ അതും വീടും അനിയൻ രമേശന് കൊടുക്കാം. നീ ഭാഗം പറ്റി മാറിക്കോ എന്നതായിരുന്നു സ്ഥലഉടമയായ അച്ഛന്റെ വിധി. അയാളുടെ വർഷങ്ങളുടെ അധ്വാനം ഒന്നും അവർ കണക്കിലെടുത്തില്ല.
അങ്ങനെ ആകെയുള്ള 8 സെന്റിൽ നാലു സെന്റ് ഓഹരികിട്ടി. സതീശനും കുടുംബവും വാടകവീട്ടിലേക്ക് മാറി. കയ്യിൽ സമ്പാദ്യമൊന്നുമില്ല. തന്റെ സ്വർണം കുടുംബവീടിനുവേണ്ടി തുലച്ച ഭർത്താവിനെ ഭാര്യ പള്ളുപറഞ്ഞു. അങ്ങനെ സതീശൻ ആഗ്രഹിക്കാതെ വീണ്ടും പ്രവാസിയായി. ഭാര്യ സ്റ്റേഷനറി കട നോക്കിനടത്തുന്നു.
ഗുണപാഠം- സമാന അനുഭവങ്ങൾ നിരവധി മലയാളികൾക്കുണ്ടായിട്ടുണ്ടാകാം. സഹോദരങ്ങൾ ഉണ്ടെങ്കിൽ കഴിവതും കുടുംബസ്വത്ത് ഭാഗംവയ്ക്കുന്നതിന് മുൻപ് കുടുംബവീട്ടിൽ അധികം നിക്ഷേപിക്കാതിരിക്കുക. അതല്ലെങ്കിൽ വീടുപണിയും മുൻപ് അതിന്റെ ഭാവിയിലെ ഉടമസ്ഥാവകാശത്തെക്കുറിച്ച് സമവായത്തിലെത്തുക. കൃത്യമായ കണക്കുവച്ച് എഗ്രിമെന്റ് ചെയ്യുക. കാരണം പണം, സ്വത്ത് എന്നിവയുടെ മുൻപിൽ ബന്ധങ്ങൾ എന്നുപറയുന്നത് പലപ്പോഴും സാങ്കേതികമായ ഒരുപദംമാത്രമാണ്.
English Summary- Story of Many Pravasi Malayalis; Partition of House