1. നികുതിയും മറ്റു നിയമങ്ങളും
വിൽപനനികുതി, റജിസ്ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ ഫ്ലാറ്റുകൾക്കും അപ്പാർട്മെന്റുകൾക്കും ബാധകമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽനിന്നു വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. തുടക്കത്തിൽത്തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത കൊണ്ടുവരണം. പണി പൂർത്തിയാക്കിയശേഷം ഫ്ലാറ്റ് കൈമാറുന്നതിനു മുൻപു നികുതികൾ അടച്ചുതീർക്കേണ്ടതു ബിൽഡറുടെ ഉത്തരവാദിത്തമാണ്. ഇതുപോലെതന്നെ പ്രധാനമാണ് വസ്തു കൈമാറ്റനിയമം, റജിസ്ട്രേഷൻനിയമം, മുദ്രപ്പത്ര നിയമം എന്നിവ കൃത്യതയോടെ പിന്തുടരുകയെന്നത്. മേൽപറഞ്ഞ നിയമങ്ങൾക്കൊപ്പം അപ്പാർട്മെന്റ് ഓണർഷിപ് ആക്ട് കൂടി ഫ്ലാറ്റ് തീറാധാരങ്ങളിൽ പാലിക്കണം. കൊമേഴ്സ്യൽ, റസിഡൻഷ്യൽ പെർമിറ്റുകൾ പ്രത്യേകം വാങ്ങിയിരിക്കണം.
2. എഗ്രിമെന്റുകൾ ശ്രദ്ധിക്കുക
ഫ്ലാറ്റ് വാങ്ങുന്നതിനു മുന്നോടിയായി എഗ്രിമെന്റുകൾ എഴുതാറുണ്ട്. സാധാരണയായി രണ്ടുതരം എഗ്രിമെന്റുകളാണ് എഴുതുന്നത്. ആദ്യത്തേത് എഗ്രിമെന്റ് ഫോർ സെയിൽ. പ്രസ്തുത എഗ്രിമെന്റ് നടക്കുന്നത് വാങ്ങുന്നയാളും ഭൂവുടമയും തമ്മിലായിരിക്കും. ഈ എഗ്രിമെന്റ് റജിസ്റ്റർ ചെയ്യും. അതിൽ ഒരു അഡ്വാൻസ് തുകയും എഴുതിയിരിക്കും. അഡ്വാൻസ് തുകയുടെ 2% റജിസ്‌ട്രേഷൻ ഫീ ആയി അടയ്ക്കുകയും ചെയ്യും.
രണ്ടാമത്തെ എഗ്രിമെന്റ്, കെട്ടിടം ഉണ്ടാക്കുന്ന കമ്പനിയും ഫ്ലാറ്റ് വാങ്ങുന്ന വ്യക്തിയും തമ്മിലാണ്. ആ എഗ്രിമെന്റിന്റെ പേര് എഗ്രിമെന്റ് ഫോർ കൺസ്ട്രക്‌ഷൻ എന്നാണ്. കൃത്യ സമയത്തു ഫ്ലാറ്റിന്റെ പണി പൂർത്തിയാക്കി നൽകും എന്നുള്ള ഉടമ്പടിയാണിത്. ഈ എഗ്രിമെന്റ് റജിസ്റ്റർ ചെയ്യാറില്ല.
3. കംപ്ലീഷൻ സർട്ടിഫിക്കറ്റ്
വിവിധ വകുപ്പുകളുടെ അനുമതിയോടെയാണോ കെട്ടിടം നിർമിച്ചിരിക്കുന്നതെന്നും കെട്ടിടത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റുണ്ടോ എന്നും പരിശോധിക്കണം. കൃത്യമായി നികുതി അടയ്ക്കുന്ന ഭൂമിയിലാണ് ഫ്ലാറ്റ് ഉള്ളതെന്നും ഈ ഭൂമിക്ക് മറ്റു ബാധ്യതകളില്ലെന്നും ഇതിലൂടെ ഉറപ്പിക്കണം. തണ്ണീർത്തട സംരക്ഷണ നിയമങ്ങൾക്കനുസൃതമായാണോ ഫ്ലാറ്റിന്റെ നിർമാണമെന്നും ഭൂമിനിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പു വരുത്തണം. ഫ്ലാറ്റ് സ്വന്തമാക്കിക്കഴിഞ്ഞാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കൽ ഡ്രോയിങ്, പ്ലംബിങ് സ്‌കെച്ച്, ഫ്ലാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒറിജിനൽ ആധാരം തുടങ്ങിയ രേഖകളും വാങ്ങിയിരിക്കണം.
4. മാലിന്യസംസ്കരണ സംവിധാനം
ഫ്ലാറ്റുകൾ വാങ്ങിയ ശേഷം പലരെയും വെട്ടിലാക്കുന്ന ഒന്നാണ് ശരിയായ മാലിന്യസംസ്കരണത്തിന്റെ അഭാവം. ഫ്ലാറ്റുകൾ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം എന്നുണ്ട്. ഇതിനാവശ്യമായ സംവിധാനങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നുറപ്പാക്കണം. സീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം ഇല്ലാത്ത ഫ്ലാറ്റുകൾ ഭാവിയിൽ താമസക്കാരില്ലാത്ത ഇടങ്ങളായി മാറും.
5. കാർ പാർക്കിങ് സൗകര്യം
ഫ്ലാറ്റ് വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കാർ പാർക്കിങ്ങിനുള്ള സൗകര്യം. കാർ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം. കോമൺ സ്‌പേസ് ഉപയോഗിക്കാം എന്നു വാക്കാൽ മാത്രം പറഞ്ഞു വയ്ക്കുന്നത് ഉചിതമായ നടപടിയല്ല.
English Summary- Flat Buying- Legal Things to Know