ADVERTISEMENT

സ്പെയിനിലെ സവിൽ എന്ന നഗരത്തിൽ അഞ്ചുവർഷത്തോളമായി ആൾതാമസമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു വീടുണ്ട്. മരണത്തിന്റെയും ഒറ്റപ്പെടലിന്റെയുമെല്ലാം ബാക്കിപത്രമായി കാഴ്ചക്കാരിൽ ഭീതിയുളവാക്കുന്ന വീട്. വീടാകെ നിറഞ്ഞിരിക്കുന്ന ആയിരത്തിൽപരം മനുഷ്യപ്പാവകളാണ് ഇവിടേക്ക് എത്തുന്നവരെ കാത്തിരിക്കുന്നത്.

doll-house

രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീയായിരുന്നു ഈ വീടിന്റെ ഉടമ. എന്നാൽ വർഷങ്ങൾക്കു മുൻപ് ഇവരുടെ രണ്ടു മക്കളും മരണപ്പെട്ടു. മക്കളെ നഷ്ടപ്പെട്ട വേദനയിൽ നിന്നും കരകയറാൻ ആ അമ്മ അന്നുമുതൽ വാങ്ങിക്കൂട്ടിയതാണ് മനുഷ്യരൂപത്തിൽ പല വലുപ്പത്തിലുള്ള ഈ പാവകളത്രയും. കിടക്കയിലും തറയിലും മേശകളിലും ചുമരിലും അങ്ങനെ വീടിന്റെ മുക്കും മൂലയും നിറയെ പാവകൾ നിരന്നിരിക്കുന്നത് കാണാം. എന്നാൽ 2017ൽ വീട്ടുടമയായ സ്ത്രീയും മരണപ്പെടുകയായിരുന്നു.

house-with-doll

കുട്ടികളുടെയും അമ്മയുടെയും മരണത്തിന്റെ കഥകളും വീടാകെ നിറഞ്ഞിരിക്കുന്ന പാവകളും മൂലം കാഴ്ചയിൽ തന്നെ വീട് ഭയമുണർത്തുന്നുണ്ട്. അതിനാൽ ഉടമയുടെ മരണശേഷം ആരും ഇവിടേക്ക് എത്തിനോക്കാൻ പോലും ധൈര്യപ്പെടാറുമില്ല. കേംബ്രിഡ്ജിൽ നിന്നുള്ള ബെൻ ജെയിംസ് എന്ന വ്യക്തി ഇവിടെയെത്തി ചിത്രങ്ങൾ പകർത്തിയതോടെയാണ് പ്രേതഭവനത്തിന്റെ കഥ കൂടുതൽ പ്രശസ്തി നേടിയത്. അബാൻഡന്റ് സ്പെയിൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

വീടിനെക്കുറിച്ച് ധാരാളം കെട്ടുകഥകളും നാട്ടുകാർക്കിടയിൽ പ്രചാരത്തിലുണ്ട്. വീടിനുള്ളിൽ പ്രവേശിക്കുകയോ പാവകൾ ഇരിക്കുന്ന സ്ഥലത്ത് നിന്നും നീക്കം ചെയ്യുകയോ ചെയ്യുന്നവർക്ക് ശാപമേൽക്കുമെന്നും വീട്ടുടമസ്ഥയുടെ മക്കളെ പോലെ ദുർമരണം സംഭവിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. മരണപ്പെട്ട കുട്ടികളുടെ ആത്മാക്കൾ പാവകളിൽ ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരും നാട്ടിലുണ്ട്. ഉടമസ്ഥ ജീവിച്ചിരുന്ന കാലത്ത് ഏകാന്ത ജീവിതം നയിക്കുകയായിരുന്നുവെന്നും അവിടേക്ക് പ്രവേശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല എന്നും ഇവർ പറയുന്നുണ്ട്. ആൾപ്പാർപ്പില്ലാത്തത് മൂലമുണ്ടായ കേടുപാടുകളൊഴിച്ചാൽ വീടിന്റെ അകത്തളം ഇപ്പോഴും അതിമനോഹരമായാണ് തുടരുന്നത് എന്ന് ബെൻ പറയുന്നു.

English Summary- Abandoned Home Filled with 1000 Dolls- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com