അവധിക്കു നാട്ടിൽ പോയി സ്വൽപം ആട്ടിറച്ചിയൊക്കെ വാങ്ങി മഴയത്തു കുടയും പിടിച്ചു നടന്നുവരുമ്പോഴാണ് പുറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ടത്. സുരേഷ് തിരിഞ്ഞു നോക്കി, ഭാഗ്യം ഇത്തവണ മൈന അല്ല, കൃഷ്ണദാസനാണ്. കൃഷ്ണദാസൻ യു.പി സ്‌കൂളിൽ എന്റെ സഹപാഠിയായിരുന്നു. പഠിക്കുന്ന കാലത്തേ ആളൊരു വേന്ദ്രനായിരുന്നു. ഇപ്പോൾ കവലയിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. കഴിഞ്ഞതവണ ഞാൻ നാട്ടിൽ വന്നപ്പോൾ അവൻ ഒരു തയ്യൽക്കട നടത്തുകയായിരുന്നു, അതിനും രണ്ടു വർഷം മുൻപ് ഒരു സ്വകാര്യ ബസ്സിൽ കിളിയായിരുന്നു. അടുത്ത വരവിന് അവനെ ഏതു വേഷത്തിൽ കാണുമെന്ന് എനിക്ക് യാതൊരു പിടിയുമില്ല.
" നീ വന്നിട്ടുണ്ടെന്നറിഞ്ഞു. ഞാൻ നിന്നെക്കാണാൻ വീട്ടിലേക്കു വരാനിരിക്കുകയായിരുന്നു."
കൃഷ്ണദാസൻ കയ്യിലുള്ള അൽപം വലുപ്പമുള്ള ഒരു പേപ്പർ നിവർത്തി, ഞാൻ ഊഹിച്ചതുപോലെ അതൊരു വീടിന്റെ പ്ലാനായിരുന്നു. ഏതാണ്ടൊരു 1500-2000 ചതുരശ്രഅടി ഏരിയ വരുന്ന ഒരു പ്ലാൻ.
" എന്റെ ചേച്ചിയുടെ വീടാണ്. നീ ഈ പ്ലാൻ ഒന്ന് നോക്കണം."
സംഗതി കൃഷ്ണദാസൻ അങ്ങനെ പറഞ്ഞെങ്കിലും അതിലൊരു പന്തികേട് ഞാൻ മണത്തു. കാരണം, കൃഷ്ണദാസന്റെ ചേച്ചി രമണി ഞങ്ങളുടെ രണ്ടു ക്ലാസ് മുകളിൽ പഠിച്ചതായതുകൊണ്ടു അവരെ എനിക്കറിയാം. വിവാഹം കഴിച്ചയച്ചിരിക്കുന്നതും അധികം അകലെയല്ല. അവരിപ്പോൾ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായാണ് ജോലി ചെയ്യുന്നത്, ഇതുപോലൊരു വീട് നിർമ്മിക്കാനുള്ള സാഹചര്യം അവർക്കില്ല എന്നത് എനിക്ക് നൂറു ശതമാനം ഉറപ്പാണ്.
" ആര് രമണിയോ. അവർക്കാണോ ഈ വലിയ വീട് ..?"
" ഇത് ആ ചേച്ചിയല്ല, കുടുംബത്തിലുള്ള വേറൊരു ചേച്ചി "
കൃഷ്ണദാസന്റെ കുടുംബത്തെക്കുറിച്ചു വ്യക്തമായ വിവരം എനിക്കുള്ളതുകൊണ്ടും അതുപോലെ ഒരു വീടുവയ്ക്കാനുള്ള സാഹചര്യമുള്ള ഒരാളും അക്കൂട്ടത്തിൽ ഇല്ലാത്തതുകൊണ്ടും ഞാൻ ലവനെ ഒന്ന് വിരട്ടി.
"സത്യം പറയടാ, ഇതാരുടെ പ്ലാനാണ് ..?
പരിപ്പ് വേവുന്നില്ലെന്നു കണ്ടപ്പോൾ കൃഷ്ണദാസൻ ഒന്ന് ചുറ്റും നോക്കി, പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു :
" ഇവിടെ എനിക്ക് വേണ്ടപ്പെട്ട ചില ചേച്ചിമാരിൽ ഒരു ചേച്ചിയുടേതാണ് ഈ പ്ലാൻ, നീ അത് വിട്, പ്ലാനിന്റെ കാര്യം പറ."
എന്തായാലും കൃഷ്ണദാസൻ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ചേച്ചിയെ വിട്ടു, പ്ലാൻ നിവർത്തി നോക്കി. ഏതോ വാസ്തുവിദ്യക്കാരന്റെ പ്ലാനാണ്. മുകളിൽ വെണ്ടക്കാ അക്ഷരത്തിൽ പുള്ളിയുടെ പേരും ഫോൺ നമ്പറും ഒക്കെയുണ്ട്, പ്ലാനിന്റെ മുകൾവശത്ത് വലത്തായി വാസ്തുപുരുഷന്റെ ഒരു ചിത്രവുമുണ്ട്.
" വാസ്തു രത്നം രാജപ്പൻ കിഴക്കേ വീട്ടിൽ "
താഴെയുള്ള പ്ലാനിൽ ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ബെഡ് റൂമുകൾ ഉണ്ട്, പിന്നെ ഒരു വീടിനു വേണ്ടുന്ന ഒരുമാതിരിപ്പെട്ട കാര്യങ്ങളൊക്കെ ഉണ്ട്. എന്നാൽ വാസ്തുരത്നത്തിന് പിഴച്ചത് അവിടെയല്ല. ഒന്നാം നിലയിലെ പല ലോഡ് ബെയറിങ് ഭിത്തികളും നിൽക്കുന്നതിന്റെ താഴെയായി ഗ്രൗണ്ട് ഫ്ലോറിൽ ചുവരുകളില്ല, അത്തരം സിവിശേഷ സാഹചര്യങ്ങളെ മറികടക്കാനുള്ള ബീമുകളോ മറ്റു സംവിധാനങ്ങളോ ഇല്ല.
നാട്ടിൻപുറത്തെ വാസ്തുവിദ്യക്കാർ തയ്യാർ ചെയ്യുന്ന ഒട്ടുമിക്ക പ്ലാനുകളിലും ഇതൊരു പതിവ് കാഴ്ച ആയതിനാൽ (ഇങ്ങനെ ചെയ്യുന്ന എൻജിനീയർമാരെയും കണ്ടിട്ടുണ്ട്) എനിക്കത്ഭുതം തോന്നിയില്ല.
എന്നാൽ എന്റെ ശ്രദ്ധ ഉടക്കിയത് വേറൊന്നിലാണ്. വാസ്തുവിദ്യാപ്രകാരം എന്നവകാശപ്പെട്ടു നിർമ്മിച്ച ആ പ്ലാനിലെ പല റൂമുകളും, അടുക്കള ഉൾപ്പെടെ മരണചുറ്റിന്റെ പരിധിക്കുള്ളിൽ വരും, അത് വാസ്തുവിദ്യാപരമായി തെറ്റാണ്.
നമുക്ക് മരണചുറ്റിലേക്കു വരാം.
എന്താണീ മരണച്ചുറ്റ് ..?
സാധാരണയായി ഇക്കാലത്തു നാം വീടുകളുടെ വലുപ്പം സ്‌ക്വയർഫീറ്റിലോ, സ്‌ക്വയർമീറ്ററിലോ ഒക്കെയാണ് പറയാറുള്ളത്. 800 സ്‌ക്വയർ ഫീറ്റ് വീട്, 2000 സ്‌ക്വയർ ഫീറ്റ് വീട് എന്നിങ്ങനെയൊക്കെ. വീടിന്റെ പ്ലിന്ത് ഏരിയയെ ആണ് ഇതുകൊണ്ടു വിവക്ഷിക്കുന്നതും. എന്നാൽ വാസ്തുവിദ്യയിൽ കാര്യങ്ങൾ മറിച്ചാണ്. ഇവിടെ ഏരിയയ്ക്ക് ഒരു പ്രസക്തിയുമില്ല, മറിച്ചു നീളത്തിലുള്ള അളവിനാണ് വാസ്തുവിൽ പ്രാമുഖ്യം. ഇത് വീടിന്റെ പുറംചുവരിന്റെ മൊത്തം നീളമാണ് വാസ്തുക്കാർക്കു മുഖ്യം.
വീട്ടിന്റെ മാത്രമല്ല, റൂമുകളുടെയും ചുറ്റിനാണ് വാസ്തുവിൽ പ്രാധാന്യം. എന്നാൽ നമുക്ക് തോന്നിയപോലെ അങ്ങനെ എല്ലാ ചുറ്റളവുകളും സ്വീകരിക്കാനാവില്ല. വസ്തുവിലെ കൈക്കണക്ക് പട്ടിക പറയുന്ന അളവുകളേ എടുക്കാൻ പാടുള്ളൂ. എന്താണിങ്ങനെ എന്നോ, ഇതിൽ ഇല്ലാത്ത അളവുകൾ സ്വീകരിച്ചാൽ എന്ത് സംഭവിക്കുമെന്നോ ചോദ്യമില്ല. വാസ്തുവിൽ അതിനു ഉത്തരവും ഇല്ല.
പ്രശ്നം അവിടെയും തീരുന്നില്ല.
ഈ കൈക്കണക്ക് പട്ടികയിലെ അളവുകളെ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം എന്നിങ്ങനെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ആദ്യത്തെ കുറെ അളവുകൾ ബാല്യം, പിന്നെയുള്ള കുറെ അളവുകൾ കൗമാരം, പിന്നെ കുറെയെണ്ണം യൗവ്വനം, പിന്നെ വാർദ്ധക്യം, ബാക്കി മരണം. മരണത്തിന്റെ റേഞ്ചിൽ പെട്ട അളവുകൾ അവസാനിച്ചാൽ അടുത്തത് വീണ്ടും ബാല്യത്തിൽ തുടങ്ങും ..
ഇക്കൂട്ടത്തിലെ മരണത്തിന്റെ പരിധിയിൽ വരുന്ന അളവുകളെയാണ് 'മരണച്ചുറ്റ്' എന്ന് വിളിക്കുന്നത്. വാസ്തുവിദ്യാ നിയമപ്രകാരം ഈ അളവുകൾ സ്വീകാര്യമല്ല. എന്നാൽ പേര് സൂചിപ്പിക്കുന്നപോലെ അത്ര കൊടും ഭീകരനൊന്നുമല്ല ഈ മരണച്ചുറ്റ്. അത്തരം അളവുള്ള റൂമിൽ താമസിച്ചാൽ ഒരാളും ചത്തുപോവുകയുമില്ല. അങ്ങനെ സംഭവിക്കുമായിരുന്നെങ്കിൽ കേരളം അടക്കമുള്ള ഈ ലോകത്തെ ഏതാണ്ട് തൊണ്ണൂറു ശതമാനം ആളുകളും എന്നേ ചത്തുപോകുമായിരുന്നു. കാരണം ലോകത്തെ ബെഡ്റൂമുകളിൽ ഏതാണ്ട് 90 ശതമാനവും ഈ പറയുന്ന മരണചുറ്റിന്റെ പരിധിയിൽ വരും. കേരളത്തിലും ഉണ്ട്, ഇഷ്ടം പോലെ. അവിടെയൊന്നും ആരും അക്കാരണം കൊണ്ട് ചത്തുപോയിട്ടുമില്ല.
എന്നിരുന്നാലും വീട് പണിയാൻ ഒരുങ്ങുന്ന വാസ്തുവിദ്യാ വിശ്വാസിയായ ഒരു ശരാശരി മലയാളിക്ക് ചില്ലറ പണിയൊന്നുമില്ല ഈ മരണച്ചുറ്റ് ഉണ്ടാക്കി വയ്ക്കുന്നത്. കാരണം, നമുക്ക് സൗകര്യപ്രദമായ, സാമ്പത്തികമായി നമ്മുടെ കൊക്കിൽ ഒതുങ്ങുന്ന റൂമുകളുടെ എല്ലാം അളവുകൾ വാസ്തുവിദ്യാപരമായി മരണചുറ്റിന്റെ പരിധിക്കുള്ളിലാണ്.
വിശദമാക്കാം.
ഒരു ശരാശരി ജീവിതസാഹചര്യമുള്ള മലയാളിയുടെ അടുക്കളയ്ക്കും കിടപ്പുമുറിക്കും ഒക്കെ ഏതാണ്ടൊരു പന്ത്രണ്ടടി നീളവും പത്തടി വീതിയും ഉണ്ടെങ്കിൽ അത് ഓക്കെയാണ്. പക്ഷേ വാസ്തുവിദ്യയിൽ ഇത് പ്രശ്നമാണ്. 11.76 മീറ്റർ നീളം മുതൽ 14.64 മീറ്റർ നീളം വരെ വരുന്ന ചുറ്റളവുകൾ എല്ലാം ഈ മരണചുറ്റിന്റെ പരിധിയിൽ വരും. ചുരുക്കിപ്പറഞ്ഞാൽ നാം ഈ മരണചുറ്റിനെ പേടിച്ചു വീടുണ്ടാക്കിയാൽ ഒന്നുകിൽ നമ്മുടെ റൂമുകൾ എല്ലാം വളരെ ചെറുതാവും, അല്ലെങ്കിൽ വളരെ വലുതാവും. അതുപോലെ വീടിന്റെ മൊത്തം ചുറ്റളവ് കണക്കാക്കുമ്പോഴും ഈ ഭീകരൻ അവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. ഫലം, വീടിന്റെ വലുപ്പം വർദ്ധിപ്പിക്കേണ്ടതായി വരും. ബജറ്റ് തെറ്റും. അല്ലെങ്കിൽ വീടിന്റെ വലുപ്പം കുറയ്‌ക്കേണ്ടതായി വരും, അതുവഴി സൗകര്യം കുറയാം. പക്ഷേ ഒന്നുറപ്പാണ്, ഈ പറയുന്ന അത്രയും ഭീകരനൊന്നുമല്ല ഈ മരണച്ചുറ്റ്.
എന്നാൽ നമ്മുടെ ചില വാസ്തുവിദ്യാവിദഗ്‌ധന്മാരെങ്കിലും ഇതിനിടയിൽ നൈസായി ചെയ്യുന്ന ഒരു പണിയുണ്ട്. വാസ്തുവിദ്യാ പ്രകാരമുള്ള പ്ലാൻ ആവശ്യപ്പെട്ടു വരുന്ന ആളുകൾക്ക് കൂടി മരണചുറ്റിൽ ഉള്ള അളവുകളുള്ള റൂമുകൾ പ്ലാനിൽ നൈസായി തിരുകിക്കയറ്റും. ഇതിനു പല കാരണങ്ങൾ ഉണ്ടാകാം.
ഒന്ന് - കണക്കുകൂട്ടാനുള്ള ബുദ്ധിമുട്ടും അറിവില്ലായ്മയും.
രണ്ട് - ക്ലയന്റ് പറയുന്ന ഏരിയയ്ക്കുള്ളിൽ പ്ലാൻ ചിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ട്.
കൃഷ്ണദാസന്റെ ചേച്ചിക്ക് ഉള്ള പ്ലാനിൽ നമ്മുടെ 'വാസ്തുവിദ്യാരത്നം' കാണിച്ചു വച്ചതും ഇതുതന്നെയായിരുന്നു, അതിന് അദ്ദേഹം മറുപടി പറഞ്ഞതുമില്ല. പക്ഷേ പ്രശ്നം ഇവിടെയല്ല. നിർമ്മാണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലോ, പണി പൂർത്തിയായ ശേഷമോ ഈ മരണചുറ്റിനെക്കുറിച്ചു ആരെങ്കിലും പറഞ്ഞാൽ ശരാശരി വിശ്വാസിയായ ഒരാളുടെ ഉറക്കം നഷ്ടപ്പെടാൻ അത് ധാരാളമാണ്. പിന്നെ പരിഹാര ക്രിയകളായി, ചുവരുകൾ പൊളിച്ചു മാറ്റലായി. പൊളിച്ചു മാറ്റുന്നത് ലോഡ് ബെയറിങ് ചുവരുകളാണോ, അല്ലയോ എന്നൊന്നും നോക്കില്ല. ഫലത്തിൽ ഈ മരണച്ചുറ്റ് " മാരണചുറ്റായി " മാറും. അതിനാൽ ഈ മരണചുറ്റിനെപ്പറ്റി ഭീതി വേണ്ട, ജാഗ്രത മതി.
ലേഖകന്റെ വാട്സാപ്പ് നമ്പർ : +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Vasthu Corrections in Malayali House Plans- Experience