വീടും സുഖജീവിതവും ചുളുവിൽവേണം : കള്ളംപറഞ്ഞു വിവാഹം; പിന്നെ പാഠംപഠിച്ചു

malayali-experience
Representative Image: Photo credit: Ezhova Mariia/ Shutterstock.com
SHARE

രാജീവൻ (യഥാർഥ പേരല്ല) ഒരു ലോവർ മിഡിൽ ക്‌ളാസ് കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ്. ഓടിട്ട ഒരുനില വീട്. പ്രാരാബ്‌ധമുള്ള കുടുംബം.പോളിടെക്നിക് വരെ പഠിച്ചു. ശേഷം നാട്ടിൽ ചെറിയ ജോലികളുമായി കൂടി. അടിസ്ഥാനപരമായി പറഞ്ഞാൽ പച്ചപിടിച്ചില്ല. വിവാഹപ്രായമായപ്പോഴാണ് പ്രശ്നം തിരിച്ചറിഞ്ഞത്. നല്ല ആലോചനകൾ ഒന്നുംവരുന്നില്ല. സ്വന്തമായി നല്ലൊരു വീടും കാറും പറയാൻ 'ഗും' ഉള്ളൊരു തൊഴിലും ഇല്ലെങ്കിൽ കല്യാണമാർക്കറ്റിൽ ഡിമാൻഡില്ല എന്ന സത്യം രാജീവൻ തിരിച്ചറിഞ്ഞു. 

വളഞ്ഞവഴിയെങ്കിൽ വളഞ്ഞവഴി...ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ട്രാക്ക് മാറ്റേണ്ട സമയമായി എന്ന് രാജീവന് മനസ്സിലായി. സെറ്റപ്പ് അടിമുടി മാറ്റണം. ആദ്യം പറയാൻ 'ഗും' ഉള്ള ഒരു ജോലിവേണം. പണ്ട് സ്‌കൂളിൽ കൂടെപഠിച്ച ഗൾഫിലുള്ള സുഹൃത്ത് വഴി ഒരു ചെറിയ ജോബ് വീസ ഒപ്പിച്ചു. കടൽകടന്നു. 

അടുത്തതായി കടമെടുത്ത് പഴയ വീട് പുതുക്കിപ്പണിയാൻ തുടങ്ങി. പുറംകാഴ്ചയിൽ നല്ല പ്രൗഢി തോന്നിക്കണം എന്നതായിരുന്നു രാജീവന്റെ ആവശ്യം. അങ്ങനെ ഒരുവർഷംകൊണ്ട് വീടുപണി കഴിഞ്ഞു. കുലീനമായ പുതിയ പരിവേഷവുമായി അയാൾ നാട്ടിലെത്തി. പെണ്ണുകാണാൻ കാറുവിളിച്ചു പോകുന്നതിൽ ഒരു പ്രൗഢിയില്ല. അങ്ങനെ ലോണെടുത്ത് ഒരു കാറും വാങ്ങി. ഇതിന്റെ എല്ലാം പിന്നിൽ അയാൾക്കൊരു ഗൂഢ ഉദ്ദേശ്യമുണ്ടായിരുന്നു. അത് പിന്നീട് പറയാം.

'നൂറു കള്ളം പറഞ്ഞായാലും കല്യാണം നടത്തുന്നതിൽ തെറ്റില്ല' എന്ന് നാട്ടിലെ ചില കാരണവന്മാർ പറഞ്ഞത് അയാൾ വേദവാക്യമായി ഉൾക്കൊണ്ടു. അങ്ങനെ വിദ്യാഭ്യാസ യോഗ്യതയിലും ജോലിയിലും ആസ്തിയിലുമൊക്കെ കളവുപറഞ്ഞു നല്ലയൊരു ഇടത്തരം കുടുംബത്തിൽനിന്ന് വിവാഹം ഉറപ്പിച്ചു. അത്യാവശ്യം നല്ല സ്ത്രീധനവും സ്വർണവും വാങ്ങി വിവാഹം കഴിഞ്ഞു. ഉടനെ ഒരു കുഞ്ഞിക്കാൽ കണ്ടാൽ വേറെ ചില ഗുണങ്ങളുണ്ട് എന്നയാൾ കണക്കുകൂട്ടിയിരുന്നു. അങ്ങനെ ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ കുഞ്ഞുമുണ്ടായിരുന്നു.

ഇനിയാണ് പ്രശ്നങ്ങളുടെ തുടക്കം...

വീടിന്റെ ലോൺ, കാറിന്റെ ലോൺ എല്ലാംകൂടി ഭാരിച്ച സാമ്പത്തികബാധ്യതയായിരുന്നു അയാളുടെ ചുമലിൽ ഉണ്ടായിരുന്നത്. 'ഗൾഫിൽ വലിയ ഉദ്യോഗമാണ്' എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച അയാൾക്ക് യഥാർഥത്തിൽ ഒരു ചെറിയ ജോലിയായിരുന്നു. പലവഴിക്ക് കടംവാങ്ങിയും റോൾ ചെയ്തുമാണ് അതുവരെ പിടിച്ചുനിന്നത്. അതോടെ അയാൾ തനിസ്വഭാവം പുറത്തെടുത്തു. ഭാര്യയുടെ സ്വർണം മുഴുവൻ വിറ്റുകടംവീട്ടാം. അങ്ങനെ ഭാര്യയെ ബ്രെയിൻവാഷ് ചെയ്ത് സ്വർണം വിറ്റു. ഹോം, കാർ ലോണുകൾ ക്ളോസ് ചെയ്തു. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ പുകഞ്ഞുതുടങ്ങി... അടുത്തത് പെങ്ങളുടെ കല്യാണം, മാതാപിതാക്കളുടെ ചികിത്സ, പറമ്പു മേടിക്കൽ, മതിൽകെട്ടൽ തുടങ്ങി സകലകാര്യങ്ങൾക്കും ഭാര്യവീട്ടുകാർ കറവപ്പശുവായിക്കൊണ്ടിരുന്നു. 

ഇതിനോടകം അത് ഭാര്യവീട്ടുകാർക്ക് മനസ്സിലായിരുന്നു. 'ഭാര്യയെയും കുഞ്ഞിനേയും പിരിയാൻവയ്യ, അതുകൊണ്ട് ഇനി ഗൾഫിൽ പോകുന്നില്ല. നാട്ടിൽ എന്തെങ്കിലും കച്ചവടം ചെയ്തുജീവിക്കാം'. അയാൾ അടുത്ത ഇമോഷനൽ കാർഡ് പുറത്തെടുത്തു. അതിനായി ഭാര്യവീട്ടുകാരെ വീണ്ടും പിഴിയാൻ അയാൾ ഭാര്യയെ നിർബന്ധിച്ചു. എതിർത്താൽ വാക്കേറ്റവും കയ്യേറ്റവും പതിവായി. അതോടെ ഭാര്യയ്ക്കും ഭാര്യവീട്ടുകാർക്കും ഇത് നേരെപോകില്ല എന്നുമനസ്സിലായി.

വലിച്ചുനീട്ടുന്നില്ല. കഥാന്ത്യം ഇങ്ങനെയാണ്.

ഭർത്താവിന്റെ മാനസിക പീഡനം താങ്ങാനാകാതെ ഭാര്യയും കുഞ്ഞും ഇപ്പോൾ അവരുടെ വീട്ടിലാണ്. വിവാഹമോചനത്തിന്റെ നടപടികൾ പുരോഗമിക്കുന്നു. ഗാർഹിക പീഡനത്തിനും സ്വർണവും കാശും 'വിഴുങ്ങി'യതിനും കേസുകളുമുണ്ട്. വളഞ്ഞവഴിയിൽ കെട്ടിപ്പൊക്കിയ വീടും പറമ്പും അങ്ങനെ കേസിൽപ്പെട്ടു കിടക്കുന്നു.

വാൽക്കഷ്ണം - വർഷങ്ങൾക്കുമുൻപ് കൃത്യമായ അന്വേഷണങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സംഭവങ്ങൾ പതിവായിരുന്നു. പക്ഷേ ഈ കാലത്തും ചുരുക്കമെങ്കിലും സമാനസംഭവങ്ങൾ അരങ്ങേറുന്നുണ്ട്. ഇതുവായിക്കുന്ന ഭൂരിഭാഗം ആളുകൾക്കും സമാനമായ അനുഭവങ്ങൾ കേട്ടറിവെങ്കിലുമുണ്ടാകും. വലിയ വീടും കാറും സ്റ്റാറ്റസ് സിംബലായി മാറുന്ന കാലമാണ് അടിസ്ഥാനപ്രശ്നം. വളഞ്ഞവഴിയിൽ കാശുകാരനാകാൻ 'പുളിങ്കൊമ്പിൽ പിടിക്കാൻ' ശ്രമിക്കുന്ന ഏർപ്പാട് ഇപ്പോഴും തുടരുന്നു. അതിന്റെ ഫലമാണ് ഇപ്പോഴും തുടരുന്ന സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും...'അധ്വാനിച്ചു സമ്പാദിക്കുന്നതേ നിലനിൽക്കൂ, അതിനേ മൂല്യമുള്ളൂ' എന്ന് ഇനി വിവാഹക്കമ്പോളത്തിൽ ഇറങ്ങാൻ കാത്തുനിൽക്കുന്നവരെങ്കിലും മനസ്സിലാക്കിയാൽ പലകുടുംബങ്ങളും തകരാതെ രക്ഷപെടും.

English Summary- Finding Marriage a Short cut towards Luxury House Lifestyle- Malayali Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA