ഏതൊരു ഉദ്യമത്തിന്റെയും തുടക്കം ഒരു ബിന്ദുവിൽ നിന്നാണ്. ഏതൊരു കാര്യവും വൈകിപ്പോകുന്നത് അതിനൊരു തുടക്കം കുറിക്കാൻ സാധിക്കാത്തതുകൊണ്ടാണ്. അതിനാണ് നമ്മൾ 'സ്റ്റാർട്ടിങ് ട്രബിൾ' എന്ന് പറയുന്നത്. വീട് വയ്ക്കുന്ന കാര്യത്തിലും നമ്മളിൽ പലർക്കും സംഭവിച്ചു പോകുന്നതും ഈ 'സ്റ്റാർട്ടിങ് ട്രബിൾ' തന്നെയാണ്.
വസ്തു ഇല്ലാത്തവരാണെങ്കിൽ വസ്തു വാങ്ങാനും, വസ്തു ഉണ്ടായിട്ടും ഇതുവരെ വീട് പണിയാൻ സാധിക്കാത്തവരാണെങ്കിൽ അവരും ആദ്യം ചെയ്യേണ്ടത് കൈയിലുള്ള പണംകൊണ്ട് (അതെത്ര ചെറിയ തുക ആയാലും) എത്രയും പെട്ടന്ന് അതിനുള്ള തുടക്കം കുറിക്കുക എന്നതാണ്.
എങ്ങനെയെങ്കിലും സംഗതി തുടങ്ങിവച്ചാൽ (അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും) തുടർന്ന് ചെയ്യാനുള്ള താല്പര്യം നമ്മളിൽ വർദ്ധിക്കും. പിന്നീടുള്ള നമ്മുടെ ചിന്തയും ശ്രദ്ധയും പ്രവൃത്തികളുമെല്ലാം തുടർപണികൾ ചെയ്യാനും, പണികൾ എത്രയും പെട്ടെന്നു പൂർത്തിയാക്കുന്നതിലുമായിരിക്കും. (ഇതൊരു മനഃശാസ്ത്രം കൂടിയാണ്...)
ഇപ്പോൾ വീടുപണിയുടെ കാര്യമെടുത്താൽ, ഒരുവർഷം മുൻപ് 1000 ചതുരശ്രയടിയുള്ള നോർമൽ വീട്, ഏകദേശം 20 ലക്ഷത്തിന് തീർക്കാമായിരുന്നു. നിലവിൽ അതേ 1000 ചതുരശ്രയടിവീട് പൂർത്തിയാക്കാൻ കുറഞ്ഞത് 25 ലക്ഷമെങ്കിലും വേണം. ചതുരശ്രയടിക്ക് 500 രൂപയോളം ചെലവ് വർധിച്ചു. നിലവിൽ പെർമിറ്റ് ഫീസ്, കരം അടക്കമുള്ള ഫീസുകളെല്ലാം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. അനുദിനം നിർമാണസാമഗ്രികൾക്ക് വിലകൂടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയ്ക്ക് അനുസൃതമായി സാമഗ്രികളുടെ ട്രാൻസ്‌പോർട്ടേഷൻ നിരക്ക് വർധിക്കുന്നു. ഇത് ഇനി വർദ്ധിക്കാനേ തരമുള്ളൂ.
പണം മാത്രം ഉണ്ടായാൽ പോര, അനുകൂല സാഹചര്യങ്ങളും വേണം. കൈനിറയെ പണം വച്ചുകൊണ്ട് സാധാരണക്കാർക്ക് വീട് പണിയാൻ പറ്റിയെന്നു വരില്ല. അനുകൂല സാഹചര്യം എന്നതും ഒരു മൂലധനമായി കരുതണം. ആവശ്യത്തിന് പണം കൈയിലുണ്ടായിട്ടും വസ്തു വാങ്ങിക്കാനോ, വസ്തുവിൽ വീട് പണിയാനോ സാധിക്കാത്തവർ പലരുമുണ്ട്.
വീടായാലും, മറ്റെന്തായാലും, പണത്തിനപ്പുറം നമ്മുടെ മനസ്സും ശരീരവും നമ്മോടൊപ്പം ഉണ്ടാകുന്ന സമയത്തെ നമ്മൾ ആഗ്രഹിക്കുന്നത് എന്തും നടക്കൂ. അതുകൊണ്ട് ഒന്നും പിന്നത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക...
English Summary- Don't delay House Construction- Rates are Soaring- News