ഓലപ്പുര, ഓടിട്ട വീട്, കോൺക്രീറ്റ് വീട്; മലയാളിയുടെ മാറ്റത്തിന്റെ കഥ

1325671711
Representative Image: Photo credit: P KRISHNADEV/istock.com
SHARE

ലേശം മേച്ചിലോട് വിശേഷങ്ങൾ:

നമ്മളിൽ ചിലരെങ്കിലും വിചാരിക്കും, മംഗലാപുരം മേച്ചിലോടുകൾ അതായത് നാടൻ ഓട് നമ്മൾ ഇന്ത്യാക്കാരുടെ കണ്ടുപിടുത്തമാണെന്ന്. എങ്കിൽ അങ്ങനെയല്ല. ഓട് ഇന്ത്യാക്കാരന്റെയോ കേരളത്തിന്റെയോ തനത് ഉൽപന്നമല്ല. ഒരു ജർമ്മൻ മിഷനറിയാണ് 1860 ൽ ഈ ഓടിനെ നമുക്ക് പരിചയപ്പെടുത്തുന്നത്. തികഞ്ഞ യൂറോപ്യനാണവൻ.

നേത്രാവതിയുടെ തീരത്ത് ഓടിന് പറ്റിയ കളിമണ്ണ് ലഭിക്കുമെന്ന് കണ്ടെത്തിയപ്പോൾ കോമൺവെൽത്ത് ട്രസ്റ്റ് ലിമിറ്റഡ് എന്ന പേരിൽ രാജ്യത്ത് ആദ്യത്തെ ഓടുകമ്പനി മംഗലാപുരത്ത് സ്ഥാപിക്കുന്നതും വെള്ളക്കാർ തന്നെ. ബ്രിട്ടീഷുകാർ തങ്ങളുടെ എല്ലാ കെട്ടിടങ്ങൾക്കും മംഗലാപുരം ഓട് ഉപയോഗിക്കാൻ തീരുമാനിക്കുന്നതോടെയാണ് ഓടിത്രയും ജനകീയമായത്. 

കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനി 1878 ൽ കോഴിക്കോട്ടെ ഫറോക്കിൽ സ്ഥാപിച്ചു. അഫ്രിക്കൻ രാജ്യങ്ങളിലേക്കും മധ്യേഷ്യയിലേക്കും  ബർമ്മയിലേക്കും ശ്രീലങ്കയിലേക്കുമൊക്കെ കയറ്റുമതിയും ചെയ്തിരുന്നുവെന്നതാണ് അദ്‌ഭുതം.. ഇരുപതാം നൂറ്റാണ്ടിൽ കോഴിക്കോടും കൊല്ലത്തും തൃശൂരും വ്യാപകമായി നൂറുകണക്കിന് ഓട്ടുകമ്പനികളുണ്ടായി.

1950കൾ മുതൽ കേരളത്തിൽ ഓടുവീടുകൾ ജനകീയമായി. നമ്മുടെ തനത് ഓലപുരകൾ ഒന്നൊന്നായി പൊളിച്ചുകളഞ്ഞ് ഓടുവീടുകളിലേക്കുള്ള മാറ്റം വലിയ സാമൂഹ്യവിപ്ലവമായിരുന്നു. ഓലപുരകൾ ദാരിദ്ര്യത്തിന്റെ ചിഹ്നമായി അതിവേഗം മാറി. ഓടിട്ട വീടുകൾ അഭിമാനമായി കണക്കാക്കപ്പെട്ടു. 1980 കൾ വരെ ഓടിട്ട വീടിന് വലിയ സാമൂഹികാംഗീകാരം ലഭിച്ചിരുന്നു. അതായത് നമ്മുടെ മനകളും ഇല്ലങ്ങളും നാലുകെട്ടുകളും 1870കൾക്കു ശേഷം ഉണ്ടായതാണ് എന്നർത്ഥം.

2277889859
Representative Image: Photo credit: DSLucas/ Shutterstock.com

അപ്പോൾ അതിനും മുമ്പ് എന്തായിരുന്നു നമ്മുടെ റൂഫിങ്? സംശയം വേണ്ട, തെങ്ങോല, പനമ്പട്ട, പുല്ല്, കല്ല്പാളി, മരം, സുർക്കി ഇവയൊക്കെ തന്നെയായിരുന്നു.

കാലം മാറി. ഇപ്പോൾ ഓടിട്ട വീട് പൊളിക്കുന്ന കാലമാണ്. യൂറോപ്യൻ കണ്ടുപിടുത്തമായ കോൺക്രീറ്റ് രംഗം കയ്യടക്കി. വമ്പൻ നിർമ്മിതികൾക്കു മാത്രം യൂറോപ്യൻസ് ഉപയോഗിച്ചിരുന്ന കോൺക്രീറ്റിനെ ഓടിന്റെ സ്ഥാനത്തിൽ പ്രതിഷ്ഠിച്ചതോടെ മറ്റൊരു നിർമ്മാണ വിപ്ലവമാണ് കേരളത്തിൽ അരങ്ങേറിയത്.

നമ്മുടെ സാമൂഹീകാംഗീകാരം എന്നത് ജോലി, ധനം, വീട്, തറവാടിത്തം, ഭൂവുടമസ്ഥത എന്ന രീതിയിൽ വിഭജിക്കപ്പെട്ടപ്പോൾ ഇതിലേതിലെങ്കിലും ഒന്നിലേക്ക് കേറിപ്പറ്റാൻ നാം കിണഞ്ഞു പരിശ്രമിക്കുന്നവരായി. നമ്മുടെ വിവാഹാലോചന വേളകളിൽ കാരണവൻമാർക്ക് വലിയ സ്ഥാനമുള്ളതു കൊണ്ട് മേൽപ്പറഞ്ഞ ഘടകങ്ങൾക്ക് പ്രാധാന്യമേറി.

ഒരു വ്യക്തിയെ വിലയിരുത്താൻ ഏറ്റവും എളുപ്പവഴി മേൽപറഞ്ഞ ഘടകങ്ങളാണെന്ന് കണ്ട കാരണവൻമാർ അവസരം നന്നായി ഉപയോഗിച്ചു. അത്തരം കാരണവരെ ഭയന്ന് കേരളത്തിലെ യുവാക്കൾ തങ്ങളുടെ ഓടിട്ട വീടുകൾ ഒന്നൊന്നായി പൊളിച്ച് കോൺക്രീറ്റ് വീടുകൾ നിർമ്മിച്ചു. അതിന്റെ ധനസമാഹരണത്തിനുവേണ്ടിയാണ് വാശിയോടെ മലയാളി ഗൾഫിലേക്ക് വിമാനംകയറിയത്.

യൂറോപ്യൻസ് ചിരിക്കുന്നുണ്ടാകണം. ചിരിച്ചിട്ട് കാര്യമില്ല കോൺക്രീറ്റ് നമുക്ക് വലിയ സൗകര്യങ്ങളാണ് നൽകിയത്. അതേസമയം കോൺക്രീറ്റ്, ഓട്, മരം ഇതിൽ ഏറ്റവും കൂടുതൽ തെർമൽ കണ്ടക്ടിവിറ്റിയുള്ളത് കോൺക്രീറ്റിനാണ്. കുറവ് മരത്തിനും. അതുകൊണ്ടാണ് ഓടും മരവും നമ്മൾ റൂഫിങ്ങിന് ഉപയോഗിച്ചത്.

കാലം മാറി. ചോർച്ചയും ചിതലും, മരത്തിന് വില കൂടിയതും അറ്റകുറ്റപണി ചെയ്യാനുള്ള ചെലവും കോൺക്രീറ്റിന്റെ സൗകര്യങ്ങളും കൂടിയായപ്പോൾ ഓടിന്റെ ഡിമാന്റ് തലകുത്തി വീണു. ഓടുള്ള വീടുള്ളവന്റെ ഗ്രാഫ് വിവാഹ കമ്പോളത്തിൽ ഓടിനോടൊപ്പം തന്നെ താണുപോയി.

എന്റെ അനുഭവത്തിൽ ഏറ്റവും നല്ല റൂഫിങ്  ഇനം ഓടാണ്. കാരണം ചൂടില്ല എന്നതാണ്. അകത്തെ ചൂടുള്ള വായു പുറത്തേക്ക് പോവാൻ സ്വാഭാവികമായ പുറന്തള്ളൽ വഴികളുണ്ട്. പക്ഷേ ഓടിന്റെ കുഴപ്പം, അത് മണ്ണിൽ ലയിക്കില്ല എന്നതാണ്. അമ്പതിനായിരം കൊല്ലം മണ്ണിൽ കിടന്നാലും ദ്രവിച്ചു പോകില്ല. പ്ലാസ്റ്റിക്കിന്റെ അതേ പ്രശ്നം. അതിനാൽ മേച്ചിലോടുകൾ പരമാവധി പുനരുപയോഗിച്ച് പരിസ്ഥിതി മലിനീകരണം കുറക്കുക എന്നതും എന്റെ ഓട് പ്രണയത്തിന്റെ കാരണമാണ്. 

പരമ്പരാഗത രീതിയിൽ നിന്നും മാറി കൊളാഷ് രീതിയിൽ മനോഹരമായി രൂപകൽപന ചെയ്യുകയാണെങ്കിൽ മേച്ചിലോടിനിപ്പോഴും നമ്മുടെ വീടുകളിൽ പ്രമുഖസ്ഥാനം തന്നെയുണ്ടാകുമെന്നതിൽ സംശയമേ വേണ്ട. വീടിന് നല്ല ആർക്കിടെക്ചറൽ സൗന്ദര്യമുണ്ടാകുന്നതും ഓടിലൂടെ തന്നെയാണ്. അതുല്യമായ കാഴ്ചയാണ് ഓട് സമ്മാനിക്കുന്നത്. 

എത്രമാത്രം സമകാലിക വീടുകൾക്കിടയിലും തലയെടുപ്പോടെ നിൽക്കാനുള്ള കഴിവ് ഇപ്പോഴും ഓടിനുണ്ട്. മനോഹരമായ നല്ല ഹോംസ്റ്റേകൾ പണിയാനും ഓടിനോളം മറ്റൊരു റൂഫിങ് മെറ്റീരിയൽ ഇല്ലതന്നെ.

ഒടുക്കം:

ഓടിളക്കി കള്ളൻ അകത്തേക്ക്  കയറുമെന്ന ഭയത്തിൽ ഓട് മാറ്റി കോൺക്രീറ്റാക്കിയപ്പോൾ കള്ളൻമാരെല്ലാവരും ഉമ്മറവാതിൽ വഴി കേറാൻ തുടങ്ങിയെന്നത് മറ്റൊരു കാര്യം.

വീട് വിഡിയോസ് കാണാം...

ലേഖകൻ ഡിസൈനറാണ്.

English Summary- Clay Roof Tile and Malayali House Construction Trends

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS