വീടിന്റെ വലുപ്പവും കേരളത്തിലെ സോഷ്യൽ സ്റ്റാറ്റസും; ചില യാഥാർഥ്യങ്ങൾ

1847938246
SHARE

വലിയ കോൺക്രീറ്റ് വീടുള്ളവർ പറയുന്നു ചെറിയ വീടാണ് നല്ലതെന്ന്.. ഇത്രയും വലിയ വീട് വേണ്ടിയിരുന്നില്ലയെന്ന്.. ആ പഴയ ചെറിയ വീട്ടിലെ ജീവിതമായിരുന്നു സന്തോഷമുള്ളത് എന്ന് ലേശം ഗൃഹാതുരത ചാലിച്ച് അവർ പറയുന്നു. ബെൻസ് കാറുള്ളവർ അൾട്ടോയുടെ ഗുണഗണങ്ങളെപ്പറ്റി പറയുന്നതുപോലെയാണത്. സ്വന്തം വീട്ടിലെ എല്ലാ റൂമുകളും ഗ്രാനൈറ്റിട്ട് റെഡ് ഓക്സൈഡ് ഫ്ലോറാണ് നല്ലതെന്ന് പറയുന്നതുപോലെ.

തീരെ ചെറിയ വീടുള്ളവർ, കുറച്ചുകൂടി സൗകര്യങ്ങളുള്ള വലിയ വീടിനെപ്പറ്റിയും തന്റെ വീടിനെ ഒന്ന് സൗകര്യപ്പെടുത്തുന്നതിനെപ്പറ്റിയും നിരന്തരം ആലോചിക്കുന്നു. പാവപ്പെട്ടവരും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരും സ്വന്തമായി വീടും സ്ഥലവുമില്ലാത്തവരും സ്വന്തമായി ഒരു ചെറിയ വീടിനെപ്പറ്റിയാണ് നിരന്തരം ആലോചിക്കുന്നത്. ഒരുനില വീടുള്ളവർ മുകൾനില പണിയുന്നതിനെപ്പറ്റിയും സാമാന്യം തരക്കേടില്ലാത്ത വീടും പുരയിടവും സമ്പത്തുമുള്ളവർ വീടിനെ പുതുക്കാനും പുതിയ മോഡൽ നിർമ്മിതിയാക്കാനും ശ്രമിക്കുന്നു. നമ്മളോരോരുത്തരം ഇതിലേതെങ്കിലുമൊരു വിഭാഗത്തിലായിരിക്കും.

എങ്ങനെയായാലും വീട്, നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ഭാവന തന്നെയാണ്. നമ്മുടെ ധനശേഷിക്കനുസരിച്ചുള്ള വീട് പണിയുന്നതിനെപ്പറ്റി പലരും പറയാറുണ്ട്. പക്ഷേ പ്രായോഗികമായി അത് സംഭവിക്കാറില്ല. നമ്മളോരോരുത്തരും അതിവിപുലമായ സൗകര്യങ്ങളിൽ താമസിക്കാൻ തന്നെയാണിഷ്ടപ്പെടുക.

മനസ്സിനെ തങ്ങളുടെ ധനശേഷിക്കനുസരിച്ചുള്ള ചെറിയ വീട്ടിലേക്ക് തളയ്ക്കാൻ നമുക്കാവില്ല പലപ്പോഴും. കാരണം വീടിന്റെ വലുപ്പം ഓരോ മനുഷ്യന്റേയും സാമൂഹികാംഗീകാരത്തിന്റേയും കഴിവിന്റേയും സോഷ്യൽ സ്റ്റാറ്റസിന്റേയും അടയാളങ്ങളാണ് കേരളത്തിൽ. അതുകൊണ്ട് വീട് ഒരു തീരുമാനമാണ്, നിലപാടാണ്, ജീവിത വീക്ഷണവുമാണ്. ജീവിതം വീടിനു വേണ്ടിമാത്രമാണോ അതോ മറ്റൊരുപാട് സന്തോഷങ്ങളും യാത്രകളും ഉൾചേർന്നതാണോ എന്ന് തീരുമാനിക്കുന്നിടത്താണ് ഇതെല്ലാം ആരംഭിക്കുന്നത്.

വീടില്ലാത്തവർക്ക് തീർച്ചയായും സ്വന്തമായൊരു വീടിനെപ്പറ്റി സ്വപ്നം കാണാനുള്ള അവകാശമുണ്ട്, അത് ന്യായവുമാണ്. പക്ഷേ പക്ഷെ ഇടത്തരക്കാർ തങ്ങളുടെ ധനശേഷിക്കപ്പുറം വലിയൊരു വീടുപണിത് ശിഷ്ടജീവിതം വീടിനും ബാങ്കിനും മാത്രമായി വിനിയോഗിക്കുന്നത് ലളിതമായിപ്പറഞ്ഞാൽ മണ്ടത്തരമാണ്.

ധനശേഷിയുള്ളവർക്ക് ഇഷ്ടമുള്ളപോലെ വമ്പൻ വീട് പണിയട്ടെ (നിർമാണസാമഗ്രികളുടെ ധൂർത്ത് ഇക്കൂട്ടർ ആത്മപരിശോധന നടത്തേണ്ട മറ്റൊരു വിഷയമാണ്). പണം അവരെ അലട്ടുന്ന വിഷയമേയല്ലല്ലോ. അതുകൊണ്ട് വീടിന്റെ പ്ലാനല്ല ആദ്യം നിർമ്മിക്കേണ്ടത് വീടിനെപ്പറ്റിയുള്ള കാഴ്ചപ്പാടും നിലപാടുമാണ് നമ്മളുണ്ടാക്കേണ്ടത് എന്നാണ് ഞാൻ പറയുക. ഇല്ലെങ്കിൽ നമ്മുടെ മനസ്സ് നമ്മെ പ്രാരാബ്ധങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുക തന്നെ ചെയ്യും.

വീട് വിഡിയോ കാണാം...

ലേഖകൻ ഡിസൈനറാണ്.

English Summary- House shouldn't be a status symbol- Malayali experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS