അയൽവാസിയുടെ വീട്ടിലേക്ക് ശരിയായ വഴിയിലൂടെ കറണ്ട് എടുക്കാൻ ഒരു കാൽ (post) ആവശ്യമാണ് എന്ന് വന്നപ്പോഴാണ് ഞങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവസ്തുവിലൂടെ സർവീസ് വയർ കൊണ്ടുപോകാൻ എന്റെ പിതാവ് ആ വീട്ടുകാർക്ക് അനുവാദം കൊടുത്തത്. പിന്നീട് 22 വർഷം കഴിഞ്ഞതിനു ശേഷമാണ് കുടുംബവസ്തു ഞങ്ങൾ ഭാഗം വയ്ക്കുന്നത്. വസ്തു ഭാഗം വച്ചപ്പോൾ അതിലെ ഒരു വസ്തുവിന്റെ നടുവിലായാണ് 'മുകളിൽ പറഞ്ഞ' സർവീസ് വയർ വന്നത്. ആ വസ്തുവിൽ സഹോദരൻ വീട് വയ്ക്കാൻ നേരം സർവീസ് വയർ മാറ്റിത്തരാൻ അയൽവാസിയോട് ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ പുകിൽ ചെറുതൊന്നുമല്ലായിരുന്നു.
അവസാനം കാലിന്റെയും കമ്പിയുടേയും മറ്റും ചെലവുകളെല്ലാം ഞങ്ങൾതന്നെ വഹിച്ചുകൊണ്ടാണ് ആ വയർ മാറ്റിയത്. സൗജന്യമായി ചെയ്തുകൊടുത്ത സൗകര്യം 22 വർഷത്തിലധികം കാലം ഉപയോഗിച്ചതിനുള്ള നന്ദി അയൽവാസി പ്രകടിപ്പിച്ചത് വളരെ ക്രൂരമായിട്ടായിരുന്നു. (അയാളിപ്പോൾ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് ആ സംഭവം ഇവിടെ വിവരിക്കുന്നില്ല...)

ഇത് മാത്രമല്ല:
കിണറില്ലാത്ത അടുത്ത വീട്ടിലേക്ക് ഞങ്ങളുടെ കിണറിൽനിന്നും വെള്ളമെടുക്കാൻ അനുവാദം കൊടുത്തതിന് പിന്നീട് കിട്ടിയ പ്രത്യുപകാരം. പൊതുവഴിയിൽനിന്നും അടുത്ത വീട്ടിലേക്ക് എളുപ്പവഴിക്ക് വേണ്ടി വസ്തുവിലൂടെ നടക്കാൻ സൗകര്യം ചെയ്തു കൊടുത്തതിന് കിട്ടിയ പ്രത്യുപകാരം. റോഡിൽ സ്ഥലമില്ലാത്തതുകൊണ്ട് പൊതുടാപ്പ് സ്വന്തം പറമ്പിൽ സ്ഥാപിക്കാൻ അനുവാദം കൊടുത്തപ്പോൾ വസ്തുവും മറ്റും നാട്ടുകാർ ദുരുപയോഗം ചെയ്തത്. അങ്ങനെ പറയാൻ കഥകൾ ഏറെയുണ്ട്...
ഗുണപാഠം:
*താത്കാലികമായിട്ടാണങ്കിൽപോലും സ്വന്തം വസ്തുവിലൂടെ മറ്റൊരാൾക്കും കറണ്ട് ലൈൻ വലിക്കാൻ അനുവാദം കൊടുക്കരുത്.
*(മറ്റു വഴികളുണ്ടങ്കിൽ) താത്കാലികമായിട്ടാണങ്കിൽപോലും പൊതുവഴിയിൽനിന്നും സ്വന്തം വീട്ടുപറമ്പിലൂടെ അടുത്ത വീട്ടുകാർക്ക് 'സ്ഥിരമായി' സഞ്ചരിക്കാനുള്ള അനുവാദം കൊടുക്കരുത്.
*താത്കാലികമായിട്ടാണങ്കിൽപോലും സ്വന്തം വസ്തുവിൽ പൊതുടാപ്പ് സ്ഥാപിക്കാൻ അനുവാദം കൊടുക്കരുത്.
*വീടോ, ക്വാർട്ടേഴ്‌സോ, മറ്റുകെട്ടിടമോ വാടകയ്ക്ക് കൊടുക്കുമ്പോൾ 'വ്യക്തവും ശക്തവുമായ' കരാർ ഉണ്ടാക്കി രജിസ്റ്റ് ചെയ്യുകയും, യഥാസമയത്ത് കരാർ പുതുക്കുകയും ചെയ്യുക.
*കരാർ എഴുതാതെ (വിശ്വാസത്തിന്റെയോ, പരിചയത്തിന്റെയോ പുറത്ത്) വാഹനം, സ്ഥാപനം, വീട്, വസ്തുവകകൾ എന്നിവയൊന്നും കൈമാറ്റം ചെയ്യരുത്.
English Summary- Misusing Favours- Malayali Experience