പെണ്മക്കളുടെ വിവാഹം, ചികിത്സ അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയപ്പോഴാണ് അയാൾ തന്റെ പേരിലുള്ള വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. സ്ഥലം ഒരുമിച്ചു വിറ്റുപോകാൻ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടായി ഭാഗിച്ചു വിൽക്കാൻ തീരുമാനിച്ചു. വീടും കിണറും അടങ്ങിയ ഒരു പ്ലോട്ട്, സമീപം വീട് വയ്ക്കാൻ പാകത്തിൽ ഒരു സ്ക്വയർ പ്ലോട്ട്. ഒടുവിൽ കാത്തിരുന്ന് സ്ഥലം മാത്രമായി വാങ്ങാൻ ഒരാളെത്തി.
ആൾ ഒരു ഡിമാൻഡ് മുന്നോട്ടുവച്ചു. വീടുപണിയാനാണ്. വീടുപണിക്കും പിന്നീടും വെള്ളം ആവശ്യം വരും. അത് അപ്പുറത്തെ പ്ലോട്ടിലെ കിണറിൽനിന്ന് എടുക്കാൻ അനുവദിക്കണം. വാക്കാൽ പറഞ്ഞാൽ പോരാ..മുദ്രപത്രത്തിൽ എഗ്രിമെന്റ് ആയി എഴുതണം. എങ്കിൽ സ്ഥലം വാങ്ങാം. കാര്യം നടക്കാൻ മറ്റൊന്നും ആലോചിക്കാതെ പ്രാരാബ്ധക്കാരൻ ഉടമ സമ്മതം മൂളി. അങ്ങനെ ധാരണ മുദ്രപത്രത്തിലായി. സ്ഥലം വാങ്ങി ആൾ വീടുപണിതു. കുഴൽക്കിണറും കുഴിച്ചു. അപ്പോഴും വിൽക്കാനിട്ടിരിക്കുന്ന അയൽപ്ലോട്ടിലെ കിണർവെള്ളം അയാൾ ഉപയോഗിച്ചുപോന്നു.
ഇനിയാണ് പ്രശ്നങ്ങളുടെ തുടക്കം.
കുറച്ചുനാളുകൾക്കുശേഷം രണ്ടാമത്തെ സ്ഥലവും അതിലുള്ള വീടും മേടിക്കാൻ ആളെത്തി. താമസം തുടങ്ങി തൊട്ടടുത്ത സുപ്രഭാതത്തിൽ, അയൽക്കാർ കിണറിൽനിന്ന് വെള്ളം ആവശ്യപ്പെട്ടപ്പോഴാണ് പുതിയ വീട്ടുകാർ കാര്യമറിയുന്നത്. വിസമ്മതിച്ചപ്പോൾ അയൽക്കാരൻ എഗ്രിമെന്റ് ഉയർത്തിക്കാട്ടി ഭീഷണിയായി.
എഗ്രിമെന്റിനെക്കുറിച്ച് തങ്ങൾക്കറിയില്ല, അറിയേണ്ട കാര്യവുമില്ല എന്ന് പുതിയ വീട്ടുകാർ. ഒടുവിൽ വാക്കേറ്റമായി. ഒടുവിൽ പുതിയ വീട്ടുകാർ മുൻഉടമസ്ഥനെ വിളിച്ചു ചോദിച്ചപ്പോൾ, ഒഴുക്കൻ മട്ടിൽ അയാളും കൈമലർത്തി. അങ്ങനെ സംഭവം കേസായി. പുതിയ വീട്ടുകാർ, അയൽക്കാർ വെള്ളം ഉപയോഗിക്കുന്നതിൽ താത്കാലിക സ്റ്റേ ഒപ്പിച്ചു. പക്ഷേ പ്രശ്നം അവിടെയും തീരുന്നില്ല. ചുരുക്കത്തിൽ അയൽക്കാർ കീരിയും പാമ്പും പോലെയായി.
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാറുണ്ട്. കുടിവെള്ള പ്രശ്നമായതിനാൽ കൃത്യമായി ഒരുഭാഗം പിടിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുമാണ്. എങ്കിലും പലപ്പോഴും ഔദാര്യമായിട്ട് ചെയ്യുന്ന ഉപകാരങ്ങൾ പിന്നീട് അവകാശമായി തിരിഞ്ഞുകൊത്തുന്ന അനുഭവങ്ങളാണ് കേരളത്തിൽ കൂടുതൽ കാണാനാവുക. ആദ്യസ്ഥലം വിൽക്കാനായി കണ്ണടച്ചു എഗ്രിമെന്റ് എഴുതിയ ഉടമ, ഇത്തരമൊരു എഗ്രിമെന്റിന്റെ കാര്യം രണ്ടാമത്തെ സ്ഥലവും വീടും വാങ്ങാൻ എത്തിയവരിൽനിന്ന് മറച്ചുവച്ചത് മറ്റൊരുതെറ്റ്.
അപരിചിതമായ സാഹചര്യങ്ങളിൽ വീടും സ്ഥലവും വാങ്ങുമ്പോൾ ഇത്തരം ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് വലിയ തലവേദനയാകും, മനഃസമാധാനം നഷ്ടമാകും എന്ന് ഈ അനുഭവം പഠിപ്പിക്കുന്നു.
English Summary- Using Water from Neighbours Well- Plot Buying Experience