വീടിന് ശ്രദ്ധയും പരിചരണവും കൂടുതൽ ആവശ്യമുള്ള കാലമാണ് മഴക്കാലം. പായലിന്റേയും പൂപ്പലിന്റേയുമെല്ലാം ആക്രമണം ഉണ്ടാകുന്നത് മഴക്കാലത്താണ്. ഇതിനൊരുകാരണം വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളുമാണ്. വാർപ്പിന് മുകളിൽ മരത്തിന്റെ ഇലകൾ വീണ് വാട്ടർ ഹോളുകൾ തടസ്സപ്പെട്ടിട്ടുണ്ടങ്കിൽ അതെല്ലാം വൃത്തിയാക്കണം. (മഴ തുടങ്ങിയതിനു ശേഷം അതിനു പുറപ്പെട്ടാൽ അത് അപകടമാണ്. വഴുതി വീഴാൻ സാധ്യതയുണ്ട്)
വാർപ്പിൽ സ്ഥിരമായി വെള്ളം കെട്ടി കിടക്കുന്നത് വാർപ്പിന് ലീക്ക് വരാൻ കാരണമാകും. വാർപ്പിൽ പെയ്യുന്ന മഴവെള്ളം വാർപ്പിൽ കെട്ടി കിടക്കാതെ സുഖമമായി താഴേക്ക് ഒഴുകിപ്പോകാൻ കോൺക്രീറ്റ് സമയത്തുതന്നെ ശ്രദ്ധിക്കുന്നത് നല്ലതാണ്. വാട്ടർ ഹോളുകൾ വരുന്ന ഭാഗത്തേക്ക് സൂക്ഷ്മമായ ഒരു ചരിവ് കോൺക്രീറ്റിൽത്തന്നെ ചെയ്യുന്നത് നല്ലതാണ്. അതുപോലെ, കോൺക്രീറ്റിൽ (വാർപ്പിന് മുകളിൽ) കുഴികൾ വരാതിരിക്കാൻ വാർപ്പ് സമയത്തുതന്നെ ശ്രദ്ധിക്കണം. കുഴികളില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. വാട്ടർപാസ് പൈപ്പ് പഴയതുപോലെ വാർപ്പിൽനിന്നും പുറമേക്ക് നീട്ടിയിടുന്നത് കാഴ്ചയ്ക്ക് അഭംഗി ഉണ്ടാക്കും എന്നുമാത്രമല്ല, വെള്ളം സുഗമമായി വാർപ്പിൽനിന്നും ഒഴുകിപോകാനും ആ രീതി നല്ലതല്ല.
വെള്ളം താഴേക്ക് ഇറങ്ങാനുള്ള (മിനിമം 2 ഇഞ്ച് വ്യാസം വരുന്ന) റെഡ്യൂസർ പൈപ്പ് കോൺക്രീറ്റ് സമയത്തുതന്നെ വാർപ്പിൽ ഇടുകയും, അതിൽനിന്നും താഴേക്ക് ആവശ്യമുള്ളത്ര പൈപ്പ് കണക്‌ഷൻ കൊടുക്കുന്നതുമാണ് നല്ല രീതി. വാർപ്പിൽ പെയ്യുന്ന മഴവെള്ളം പാഴായി പോകാതെ തൊടിയിൽത്തന്നെ ശേഖരിക്കാനും ശ്രദ്ധവേണം.
മഴക്കാലം പലവിധ അപകടങ്ങളുടെ കൂടി കാലമാണ്. ഇന്റർലോക്ക് ചെയ്ത മുറ്റത്തും, വാർപ്പിൽ നിന്നും കാൽ വഴുതി വീണ് അപകടമുണ്ടാകുന്നതും, ലൈൻ കമ്പികളിലും, സർവീസ് വയറിന്മേലും മരക്കൊമ്പുകൾ മുറിഞ്ഞു വീണ് ഷോക്കേറ്റുള്ള അപകടവും ഈ കാലത്ത് കൂടുതലാണ്. ശ്രദ്ധവേണം. മഴവെള്ളം ഭിത്തികളിലൂടെ വയറിങ്ങിലേക്ക് ഇറങ്ങിയുള്ള അപകടവും മഴക്കാലത്ത് ഉണ്ടാകാറുണ്ട്. ഇടിമിന്നൽ മൂലമുള്ള നാശനഷ്ടങ്ങളും കൂടിവരികയാണ്. പഴയ വയറിങ് കാര്യക്ഷമമാണോ എന്ന് പരിശോധിക്കണം.
കുളിമുറികളിലും മറ്റും ഈർപ്പത്തിന്റെ ശല്യവും അതുമൂലം ഒച്ചുപോലുള്ള ജീവികളുടെ ശല്യവും കൂടുതലുള്ള കാലമാണ് മഴക്കാലം. അതുകൊണ്ടൊക്കെയും വീടും പരിസരവുമെല്ലാം വൃത്തിയും വെടിപ്പുമുള്ളതാക്കി വയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം...
English Summary- Rainy Season- Ensure Proper Maintenance to House