ADVERTISEMENT

ഉന്നത വിദ്യാഭ്യാസമുണ്ട്. യൂറോപ്പിൽ കുറച്ചു കാലം കുടുംബസമേതം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ നാട്ടിലുണ്ട്. വീടുപണി കഴിഞ്ഞിട്ടേ തിരിച്ചുപോകുന്നുള്ളു. ഇപ്പോൾ വർക്ക് ഫ്രം ഹോം. കാലങ്ങളായി വീട് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. പഴയ ഓടിട്ട സൗകര്യമില്ലാത്ത വീടാണ്. മാറണം. തൊട്ടടുത്ത് 8 സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. 

അദ്ദേഹത്തിന്റെ ബന്ധു എൻജിനീയറുടെ അടുത്ത സുഹൃത്താണ്. ആ സുഹൃത്തിനൊപ്പമാണ് എൻജിനീയർ അവിടെ എത്തുന്നത്. അവർ അദ്ദേഹത്തെ കാണാൻ പോകുമ്പോൾ ബെൽറ്റ് വാർത്ത് കൊണ്ടിരിക്കുകയാണ് കോൺട്രാക്ടർ. കോൺട്രാക്ടറും ഉടമയും തമ്മിൽ തർക്കം നടക്കുകയാണ്. ബെൽറ്റ് ആറിഞ്ച് വേണമെന്ന് വീട്ടുടമയും നാലിഞ്ച് മതിയെന്ന് കോൺട്രാക്ടറും.

ആരാണ് പ്ലാൻ ഡിസൈൻ ചെയ്തത്? 200 കിലോമീറ്റർ അപ്പുറത്തുള്ള ഒരാൾ.

അയാൾ സ്ഥലം സന്ദർശിച്ചോ?

ഇല്ല.

പക്ഷേ പ്ലാനും 3D യുമുണ്ട്. പകൽക്കാഴ്ചയും രാത്രിക്കാഴ്ചയുമുണ്ട്. പുറകിൽ മരങ്ങളുണ്ട്. ആകാശവും മേഘങ്ങളും ഒക്കെയുണ്ട് 3D യിൽ. മുറ്റത്ത് മുഴുവൻ ഇന്റർലോക്ക്. കാഴ്ചയിൽ ഗംഭീരം. പക്ഷേ പ്ലാനും 3D യും തമ്മിൽ ചില പൊരുത്തക്കേടുകളുമുണ്ട്.

ഏകദേശം 2500 സ്ക്വയർഫീറ്റ് കാണുമെന്ന് തോന്നുന്നു. പ്ലാനിൽ തന്നെ ഒട്ടനവധി തകരാറുകൾ. ഡൈനിങ് റൂമിൽ ഊണുമേശയിടാൻ സ്ഥലമില്ലാന്ന് മാത്രമല്ല അവിടൊരു ജനാല വയ്ക്കാനിടവുമില്ല. റൂമുകളാൽ ചുറ്റപ്പെട്ടൊരു ഡൈനിങ്...അതിനോടനുബന്ധമായി ഗോവണി വച്ചിരിക്കുന്നതിലും തകരാറുകളുണ്ട്. പ്രധാനപ്പെട്ട മുൻജനാലയെ മുറിച്ചുകൊണ്ടാണ് ഫ്ലൈറ്റ് പോകുന്നത്. അങ്ങനെ ചെയ്താൽ ജനാല അടയ്ക്കാനോ തുറക്കാനോ സാധ്യമല്ല.

100 സ്ക്വയർഫീറ്റ് സ്ഥലം മുഴുവൻ ഗോവണിക്കു വേണ്ടി നീക്കിവച്ചിട്ടുണ്ടെങ്കിലും ഫ്ലൈറ്റിന്റെ കീഴ്ഭാഗം ഉപയോഗിക്കാനാവില്ല. അത്തരം ചില പ്രശ്നങ്ങളൊക്കെ എൻജിനീയർ അദ്ദേഹത്തോട് സൂചിപ്പിച്ചുവെങ്കിലും അതാണതിന്റെ അളവെന്ന് ഉത്തരത്തിലൊതുക്കി അദ്ദേഹം. 

അതോടെ എൻജിനീയർ പ്ലാൻ നിരൂപണം നിർത്തി.

"അസ്തിവാരം ലേശം ഉറപ്പിൽ തന്നെ പണിതിട്ടുണ്ട്. കോൺട്രാക്ടർ രണ്ടരയടി ആഴം മതി എന്ന് പറഞ്ഞെങ്കിലും മൂന്നടി കുഴിയെടുത്തു "

എൻജിനീയറോട് തന്റെ വൈദഗ്‌ധ്യം ഓർമ്മപ്പെടുത്തി അദ്ദേഹം.

"നല്ല സിമന്റും കമ്പിയും തന്നെ വാങ്ങിച്ചു".

"വിലയൽപ്പം കൂടുതലാണെങ്കിലും ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയുമില്ല"

"വെളുത്ത പാറയിറക്കി അവനെന്നെ പറ്റിക്കാമെന്ന് കരുതി ഞാൻ വിട്ടില്ല. കറുത്ത പാറ തന്നെ ഇറക്കണമെന്ന് പറഞ്ഞു".

"മെയിൻ വാർപ്പിന് പുഴമണലിന് ശ്രമിക്കുന്നുണ്ട്."

"കട്ടകെട്ടാൻ എം സാന്റുതന്നെ മതീന്ന് വച്ചു."

"എല്ലാ വീട്ടിലും ചോർച്ചയല്ലെ? പുഴമണലാകുമ്പോ അതുണ്ടാവില്ല"

എല്ലാം അവർ ശ്രദ്ധയോടെ കേട്ടു.

"മൊത്തം എത്ര സ്ക്വയർഫീറ്റുണ്ട് "?

"2950 സ്ക്വയർഫീറ്റ്. അത് മതീന്ന് വച്ചു. ഞങ്ങളത്രക്ക് വലിയ ആളുകളൊന്നുമില്ലല്ലോ".

"എൻജിനീയർ, ആർകിടെക്ട്...  ആരെയും സമീപിച്ചില്ലേ?"

"ഏയ് അതിന്റെയൊന്നും ആവശ്യമില്ലന്നേ.ഏകദേശം പണിയൊക്കെ എനിക്കറിയാമല്ലോ..പിന്നെ നോക്കി ചെയ്യിപ്പിക്കാൻ ദാ ഭാര്യയുടെ അച്ഛനുണ്ട്. "

എൻജിനീയറെ സൂക്ഷ്മം വീക്ഷിച്ചുകൊണ്ട്, അദ്ദേഹമായിരിക്കണം ഒരാൾ തൊട്ടപ്പുറത്ത് നിൽക്കുന്നുണ്ട്.

"അപ്പോൾ എന്റെ സേവനം പ്രതീക്ഷിക്കുന്നത് എങ്ങനാ?"

"കോൺക്രീറ്റ് ദിവസം ഒന്ന് വന്നാ മതി."

അതുംപറഞ്ഞ് സുഹൃത്തുമായി അദ്ദേഹം എന്തൊക്കയോ മാറി നിന്ന് ചർച്ച ചെയ്യുന്നുണ്ട്.  പണമെത്ര കൊടുക്കണമെന്നതിനെ പറ്റിയാണ് ചർച്ചയെന്ന് എൻജിനീയർക്ക് മനസിലായി. അൽപനേരത്തിനു ശേഷം നിരാശയോടെ സുഹൃത്ത് എൻജിനീയറിന്റടുത്തേക്ക് വന്ന് ഇങ്ങനെ പറഞ്ഞു.

"2000 ഉറുപ്പിക തരാന്നാണ് പറയുന്നത്. എന്താ ചെയ്യേണ്ടത് ".

"വാ സമയം കളയണ്ട നമുക്ക് പോകാം ".

ഇതാണ് എൻജിനീയർ/ ആർക്കിടെക്ട്..ഇത്യാദിയുള്ള പ്രൊഫഷനൽസിനെ പൊതുസമൂഹത്തിലെ പലരും കാണുന്ന രീതി. എത്ര വലിയ വീടാണെങ്കിലും അതിന് ചെലവെത്രയായാലും 'വെറുതെ നോക്കിനിക്കുന്ന എൻജിനീയേഴ്സിന്" പണം കൊടുക്കേണ്ടല്ലോ എന്നതാണ് മിക്കവരുടേയും ആത്മാർത്ഥമായ പോളിസി. പ്ലാൻ എത്തരത്തിലായാലും വേണ്ടില്ല അസ്തിവാരത്തിന് ഉറപ്പുണ്ടായാൽ മതി എന്നതാണ് പലരുടെയും മുദ്രാവാക്യം. പ്ലാനും നിർമാണവും എങ്ങനെ ചെയ്താലും വീടിന്റെ പാലുകാച്ചൽ നല്ല ദിവസംനോക്കി തന്നെ നടത്തണമെന്നതാണ് മറ്റൊരു മുദ്രാവാക്യം.

***

(ഡിസൈനറാണ് ലേഖകൻ)

English Summary: Engineer Site Visit and Malayali House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com