പണ്ട് അയൽവാസിക്ക് സ്നേഹത്തോടെ ചെയ്ത സഹായം; പക്ഷേ തിരികെ ലഭിച്ചത് 'മുട്ടൻ പണി'; അനുഭവം

house-kerala-experience
Representative Image: Photo credit: Michaelyoh/ Shutterstock.com
SHARE

പണ്ട് അയൽപക്ക സൗഹൃദത്തിന്റെ പ്രത്യക്ഷ അടയാളം മതിൽകെട്ടുകളില്ലാത്ത വീടുകളായിരുന്നു. എന്നാൽ ഇന്ന് അയൽപക്ക സൗഹൃദം നിലനിർത്താൻ വേണ്ടത് നല്ല ഉറപ്പുള്ള മതിൽകെട്ടുകളാണ്. എന്റെ ദുരനുഭവം പറയാം.

ആരുടേയും അനുവാദമില്ലാതെ, ആർക്കും പരാതിയില്ലാതെ ഏതു വസ്തുവിലൂടെയും വഴി നടക്കാൻ ആർക്കും തടസ്സമില്ലാതിരുന്ന നല്ല കാലം. അയൽവാസികൾ പലർക്കും നേരായ വഴിയുണ്ടായിട്ടും പൊതുവഴിയിൽനിന്ന് അവരുടെ വീട്ടിലേക്കുള്ള എളുപ്പവഴി കണ്ടത്തിയിരുന്നത് എന്റെ കുടുംബവസ്തുവിലൂടെയായിരുന്നു. കാലക്രമേണ അവരിൽ പലരും നേരായ വഴിയിലേക്ക് മാറിയെങ്കിലും ഒരുവീട്ടുകാർ മാത്രം പഴയപടി തുടർന്നു..

ജീവിതനിലവാരം ഉയർന്നതിനനുസരിച്ച് അവരുടെ മക്കൾ ഇരുചക്രവാഹനവും കാറുമെല്ലാം വാങ്ങിയപ്പോഴും അതിൽ കയറിയുള്ള യാത്രയും ഞങ്ങളുടെ വസ്തുവിലൂടെത്തന്നെയായിരുന്നു. ഞാനും എന്റെ സഹോദരിമാരുമെല്ലാം മുതിർന്നപ്പോൾ വീടിന് പുറകിലൂടെയുളള ചീറിപ്പാഞ്ഞുള്ള അവരുടെ യാത്ര ഞങ്ങൾക്ക് വലിയ ശല്യമായി തുടങ്ങി. 

''വീട്ടിലേക്കുള്ള ഏളുപ്പവഴിയായി നിങ്ങൾ എത്ര കാലം വേണേലും ഈ വഴി ഉപയോഗിച്ചോളൂ. പക്ഷേ, കാറും, ഇരുചക്രവാഹനങ്ങളും, അതുപോലെ പുറമെയുള്ളവരുമൊന്നും ഈ വഴി ഉപയോഗിക്കരുത്...'' എന്ന് ഞങ്ങൾ പറഞ്ഞപ്പോഴാണ് അയൽവാസിയുടെ തനിനിറം പുറത്തു വന്നത്.

''ഞങ്ങൾ വർഷങ്ങളായി ഉപയോഗിച്ച് പോന്ന വഴിയാണിത്. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഈ വഴി ഞങ്ങൾ വിലയ്‌ക്കെടുക്കാൻ   തയ്യാറാണ്. 'വഴിയിലൂടെ യാത്ര ചെയ്യാൻ പാടില്ല' എന്ന് പറയാനും, അതിന് നിയന്ത്രണം ഏർപെടുത്താനുമൊന്നും പറ്റില്ല...'' ഇതായിരുന്നു അവരുടെ തിരിച്ചുള്ള പ്രതികരണം.

ഇത് പിന്നീടൊരു തർക്കമായി മാറുകയും, തർക്കം പിന്നീട് രൂക്ഷമാകുകയും കാര്യം പൊതുമധ്യസ്ഥതയ്ക്ക് വരുകയും ചെയ്തു. സ്വാഭാവികമായും ഇവിടേയും രണ്ടുപക്ഷവും രണ്ട് അഭിപ്രായങ്ങളുമുണ്ടായി. ചിലർ പറഞ്ഞു, കുറെ കാലങ്ങളായി അവർ ഉപയോഗിച്ചുപോരുന്ന വഴി അവർക്കങ്ങ് കൊടുത്തൂടായോ എന്ന്. മറ്റുചിലർ പറഞ്ഞു, അവർക്ക് നേരായ മറ്റൊരു വഴിയുള്ളപ്പോൾ എന്തിനാണ് അന്യന്റെ വഴി ഉപയോഗിച്ച് അവരെ (ഞങ്ങളെ) ബുദ്ധിമുട്ടിക്കുന്നത് എന്ന്.

കൂടെയുള്ള ചില കുനുഷ്ട് ബുദ്ധിക്കാർ പറഞ്ഞു, വസ്തുവിൽ മതിൽകെട്ടി ഈ വഴി എന്നന്നേക്കുമായി അങ്ങ് അടച്ചാൽ പ്രശനം തീരുമെന്ന്. വേലിയോ മതിലോ കെട്ടി വഴി തടസ്സപ്പെടുത്തിയാൽ അത് പൊളിച്ചു കളയുമെന്ന് മറ്റവരും.....

തർക്കവും ചർച്ചയും എങ്ങും എത്തിയില്ല. അയൽവാസിക്ക് വർഷങ്ങളോളം വഴി നടക്കാൻ സ്ഥലം കൊടുത്ത് സഹായിച്ചത് ആകെപ്പാടെ പൊല്ലാപ്പായി എന്ന് പറഞ്ഞാൽ മതിയല്ലോ.

അവർക്ക് ശരിയായ മറ്റൊരു വഴി ഉണ്ടായിട്ടും എളുപ്പവഴിക്കുവേണ്ടി ഏകദേശം മുപ്പത് വർഷത്തിന് മുകളിൽ ഞങ്ങളുടെ വസ്തുവിലൂടെയാണ് അവർ വഴിനടന്നത്. അവസാനം ഞങ്ങൾക്ക് പ്രത്യുപകാരമായി കിട്ടിയത് നല്ല 'മുട്ടൻ പണി'യും.!

വീട് വിഡിയോസ് കാണാം..

English Summary- Some Helps will Get You in Trouble- Pathway Disputes between Neighbours-Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS