ADVERTISEMENT

എന്റെ പേര് അഭി. ചെറിയ പ്രായത്തിനിടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളെ മറികടന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കിയ കഥയാണ് ഞാൻ പങ്കുവയ്ക്കുന്നത്.

25ാം വയസ്സിൽ ഒരുസെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന ഞാൻ, 28ാം വയസ്സിൽ സ്വന്തമായി സ്ഥലംവാങ്ങി കുറഞ്ഞ ചെലവിൽ ഒരു വീടും പണിതു. അതെ, എന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഞാനും എന്റെ കുടുംബവും.

സ്വന്തമായി ഒരു വീട്... സ്വന്തമായി ഒരു വീട്...സ്വന്തമായി ഒരു വീട്...ഞാൻ പോലും അറിയാതെ എന്റെ  സ്വപ്നങ്ങളിൽ വന്ന് എന്റെ  ഉറക്കം കെടുത്തിയിരുന്ന ആഗ്രഹം ആയിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മുൻപിൽ രണ്ട് ചോദ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്ന്? എങ്ങനെ?.. കാരണം ഈ ചോദ്യങ്ങൾ എന്നെപ്പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒട്ടും നിസ്സാരവത്കരിക്കാൻ പറ്റാത്ത ഒന്നായിരുന്നു.

15ാം വയസിൽ അച്ഛന്റെ മരണം ഞങ്ങളുടെ കുടുംബത്തിൻ്റെ താളം തെറ്റിച്ചു. ഞങ്ങൾക്കുവേണ്ടി അച്ഛൻ കരുതിവച്ചതെല്ലാം അച്ഛന്റെ സഹോദരങ്ങൾ തട്ടിയെടുത്തു ഞങ്ങളെ ചതിച്ചു. പ്രശ്നം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല, അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് അമ്മയെയും ചേച്ചിയെയും എന്നെയും നോക്കാൻ ബാധ്യസ്ഥനായ ചേട്ടൻ ഞങ്ങളെ തനിച്ചാക്കി അവശേഷിച്ചിരുന്ന പണമെല്ലാം എടുത്തു നാടുവിട്ടപ്പോഴാണ് ഞങ്ങൾ ശരിക്കും അനാഥരായത്. 'ഇനി മുൻപോട്ട് എന്ത്' എന്ന വലിയ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിന്ന ഞങ്ങളെ തിരിച്ചു ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് എന്റെ ചിറ്റപ്പനും ചിറ്റയുമായിരുന്നു.

പിന്നീട് അങ്ങോട്ട് 16 വയസ്സ് മുതൽ തുടങ്ങിയതാണ് കുടുംബത്തിനുവേണ്ടിയുള്ള അധ്വാനം. ഇതിനിടയിൽ എനിക്ക് എന്റെ പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. കേരളത്തിനകത്തും പുറത്തുമായി പല പല അമ്പലങ്ങളിൽ മേൽശാന്തി ആയും കീഴ്ശാന്തി ആയും സേവനം അനുഷ്ഠിച്ചു. 18ാം വയസിൽ വീട്ടുകാരെ വിട്ട് മുംബൈയിൽ അമ്പലത്തിലേക്ക് പോയി ശേഷം 4 വർഷം അവിടെ. അവിടെ നിന്നുണ്ടാക്കിയ പണംകൊണ്ട് ചേച്ചിയുടെ കല്യാണം ഞാനും ചിറ്റപ്പനും ചേർന്ന് നടത്തി. 

ഇതിലെല്ലാം ഞാൻ സന്തുഷ്ടനായെങ്കിലും മനസ്സിൽ എവിടെയൊക്കെയോ ഒരു അസംതൃപ്തി ഉണ്ടാവാൻ തുടങ്ങി. ആ അസംതൃപ്തി എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം ചെന്നവസാനിച്ചത് 'ഇനി എന്നാണ് എനിക്കും സ്വന്തമായി ഒരു വീട് വയ്ക്കാൻ പറ്റുക?' എന്ന ചോദ്യത്തിന് മുൻപിലാണ്. 

ആ ചോദ്യം എന്നെ ഒരുപാട് അലട്ടി. കാരണം എന്റെ പേരിൽ ഒരു തുണ്ട് ഭൂമിപോലും ഉണ്ടായിരുന്നില്ല. ശേഷം സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങി. കഴിഞ്ഞ മൂന്നുവർഷമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ശാന്തിയായി ജോലിചെയ്യുന്നു. 2020ൽ കൊറോണ മൂലം എനിക്ക് ഉപകരമാണ് ഉണ്ടായത്. അതുവരെ കരുതിയിരുന്ന സമ്പാദ്യത്തിൽനിന്നും അധികം പണംമുടക്കില്ലാതെ കുറഞ്ഞ വിലയ്ക്ക് നിലവിലെ വീട്ടിൽനിന്ന് 500മീറ്റർ ഉള്ളിലോട്ടായി 10സെന്റ് സ്ഥലം ഞാൻ വാങ്ങി.

ശേഷം ബാങ്കിൽനിന്ന് ലോൺ അപേക്ഷിച്ചു. അങ്ങനെ കിട്ടിയ തുകയും ഒപ്പം മിച്ചം ഉണ്ടായിരുന്ന സമ്പാദ്യവുമായി വീട് പണിയുവാൻ തുടങ്ങി. മൂന്നു ബെഡ്‌റൂമുള്ള ഒരുനില വീടാണ് ആദ്യം പദ്ധതി ഇട്ടത്. എന്നാൽ ആകെയുള്ള 10 സെന്റ് മുഴുവൻ വീടിനുവേണ്ടി കളയാൻ എനിക്ക് താൽപര്യം ഇല്ലായിരുന്നു. അതുകൊണ്ട് 1300 sqftൽ ഒതുങ്ങുന്ന രീതിയിൽ രണ്ടുനില വീട് മതിയെന്ന് ഞാൻ പറഞ്ഞു. അങ്ങനെ പ്ലാൻ പൂർത്തിയായി, എല്ലാംകൂടി 23 ലക്ഷം രൂപ ചെലവിൽ വീട് പണിത് തരാം എന്ന് കോൺട്രാക്ടർ വാക്ക് തന്നു. 

സ്ഥലപരിമിതി മൂലം ഓപ്പൺ നയത്തിലാണ് വീടൊരുക്കിയത്. താരതമ്യേന ചെലവുകുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചാണ് ബജറ്റ് പിടിച്ചുനിർത്തിയത്. തടിയുടെ ഉപയോഗം നിയന്ത്രിച്ചു. കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തത് ചെലവ് കുറച്ചു. 'ഒന്നും അധികം' എന്ന് തോന്നാത്ത രീതിയിൽ ഉള്ള സ്ഥലത്ത് ഗൃഹോപകരണങ്ങൾ ക്രമീകരിച്ചു. അങ്ങനെ ഉള്ള സ്ഥലത്ത് വേണ്ട സാധനങ്ങൾ നിറച്ചുകൊണ്ട് ഇന്റീരിയർ ഒരുക്കി. 2 വർഷംകൊണ്ട് വീടുപണി കഴിഞ്ഞു.

എന്റെ സ്വപ്നഭവനത്തിന്റെ താക്കോൽ കൈകളിലേക്ക് കിട്ടിയപ്പോൾ 13 വർഷം മുൻപുള്ള എന്നെ, ഞാൻ അറിയാതെ ഓർത്തു. ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം നേടിയവന്റെ കഥ സിനിമയിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലും അതുഞാൻ യാഥാർത്ഥ്യമാക്കി...

English Summary- Malayali Youth Fulfilled Dreamhome- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com