'സ്പ്രിങ് റോയി'ക്ക് പറ്റിയ അബദ്ധവും മലയാളിയുടെ 'പർഗോള മാനിയ'യും; അനുഭവം

pargola-house
Representative Image: Photo credit:sl-f/istock.com
SHARE

1990-ൽ 'ആഷിഖി' എന്ന സിനിമ ഇറങ്ങുമ്പോൾ ഞാനും സുഹൃത്ത് ഷാറൂഖും ബെംഗളൂരുവിലായിരുന്നു ജീവിതം. അതിലെ പുതുമുഖ നടൻ റാഹുൽ റോയിയുടെ റൊമാന്റിക് ലുക്കും ഫിലിമിലെ മനോഹരമായ പാട്ടുകളും ഹിറ്റായിരുന്നു. ഈ സിനിമ കണ്ടതുമുതൽ കൂട്ടുകാരൻ ഷാറൂഖിന് അവന്റെ മുടിയുടെ സ്റ്റൈൽ സിനിമയിലെ നായകനെ പോലെ ആക്കണം എന്ന അതിയായ മോഹം. അതിനുവേണ്ടി ബെംഗളൂരു മജെസ്റ്റിക്കിലെ ഒട്ടുമിക്ക ജെന്റ്സ് ബ്യൂട്ടിപാർലറുകളിലും കയറിയിറങ്ങി പൈസ കുറെ കളഞ്ഞെങ്കിലും രക്ഷയുമുണ്ടായില്ല.

കുറെ ഹെയർജെല്ലുകളും മുടിയിൽ തേച്ചുപിടിപ്പിച്ചുനോക്കിയെങ്കിലും ആഫ്രിക്കക്കാരുടെ മുടി പോലുള്ള അവൻ്റെ സ്പ്രിങ് മുടി ചുരുണ്ടുതന്നെയിരുന്നു. മോഹം തീർക്കാൻ പിന്നീടവൻ ചെയ്തിരുന്നത് പോക്കറ്റിൽ എപ്പോഴും ചെറിയൊരു വെള്ളക്കുപ്പി സൂക്ഷിച്ച് ഇടയ്ക്കിടയ്ക്ക് മുടിയിൽ വെള്ളം നനയ്ക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാർക്കിടയിൽ അവന് 'സ്പ്രിങ് റോയ്' എന്നൊരു വിളിപ്പേരും വീണു. ജലദോഷവും മൂക്കടപ്പും അവൻ്റെ കൂടെപ്പിറപ്പായി മാറുകയും ചെയ്തു!

ഇനി വിഷയത്തിലേക്ക് വരാം:

'പർഗോള മാനിയ'- വീടുപണിയുമ്പോൾ കുറച്ചുകാലമായി മലയാളികളിൽ കടന്നുകൂടിയ ഒരു മാനിയയാണ് പർഗോള. അതിന്റെ ഗുണവും ദോഷവും എന്താണന്നറിയാതെ, വീടിന് ചേരുന്നുണ്ടൊ ഇല്ലയൊ എന്നൊന്നും ചിന്തിക്കാതെ വീടിന്റെ എവിടേയെങ്കിലുമൊക്കെ കൊണ്ടുപോയി പർഗോള ഫിറ്റ് ചെയ്യുന്ന ഒരേർപാട് തുടങ്ങിയിട്ട് കുറച്ചുകാലമായി.

പർഗോള ചെയ്ത പല വീടുകൾക്കും വീടിന്റെ എലിവേഷനുപോലും ഒട്ടുംചേരാത്ത രീതിയിൽ വീടിനുതന്നെ അഭംഗിയായിട്ടാണ് പല വീടുകളിലും ഈ പുതിയ ട്രെൻഡ് ചെയ്തിരിക്കുന്നത്.

നല്ല ട്രെൻഡുകളെയും മാറ്റങ്ങളേയുമൊക്കെ അനുകരിക്കുന്നത് നല്ലതുതന്നെ. പക്ഷേ അത് എവിടെയാണങ്കിലും യോജിക്കുന്നതുപോലെമാത്രമേ ചേർക്കാവൂ. 'അടുത്ത വീടുകൾക്കെല്ലാം പർഗോളയുണ്ട്, ഞങ്ങടെ വീടിന് മാത്രം പർഗോളയില്ല' എന്ന് സങ്കടം പറഞ്ഞവരെ എനിക്കറിയാം.

പർഗോള ചെയ്തത് അബദ്ധമായിപോയി എന്ന് മനസ്സിലാക്കി അത് കട്ട് ചെയ്ത് കളയുന്നവരുമുണ്ട്. പർഗോളയ്ക്കകത്ത് പായലും പൂപ്പലും പിടിച്ച് വൃത്തികേടായി കിടക്കുന്നതും പല വീടുകളിലേയും കാഴ്ചയാണ്. മഴ നനഞ്ഞ് വൃത്തികേടാകാതിരിക്കാൻ പർഗോളയ്ക്ക് മുകളിൽ ഗ്ലാസ്സിട്ട് ആ ഗ്ലാസ്സുകൂടെ പായൽപിടിച്ച് വൃത്തികേടാകുന്നതും കണ്ടിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കൂട്ടുകാരൻ 'സ്പ്രിങ് റോയി'യുടെ ജലദോഷവും മൂക്കൊലിപ്പും ഒരുകാലത്തും പർഗോള വീടുകൾക്ക് വിട്ടുമാറുകയില്ല എന്ന് ചുരുക്കം.

വീടിൻമേൽ പർഗോള ചെയ്യണം എന്ന് നിർബന്ധമുള്ളവർ ശ്രദ്ധിക്കേണ്ടത്:

  • വീടിന് മുകളിൽ പാരലൽ/ ഹൊറിസോണ്ടലായി പർഗോള ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. പകരം ചുമരുകളിൽ വെർട്ടിക്കലായി (vertical) പെർഗോള ചെയ്യുക.
  • മഴ നനയുന്ന ഭാഗങ്ങളിൽ നിന്ന് പരമാവധി പർഗോള ഒഴിവാക്കുക. അഥവാ അങ്ങനെ ചെയ്യുന്നുവെങ്കിൽ മുകളിൽ ഗ്ലാസ്സിട്ടാലും കയ്യെത്തി വൃത്തിയാക്കാൻ സാധിക്കുന്ന ഭാഗങ്ങളിൽ മാത്രം പർഗോള ചെയ്യുക.

ആസ്വാദനം എന്നത് ഓരോരുത്തർക്കും വ്യത്യസ്തമാണ്. അത് ഓരോരുത്തർക്കുമുള്ള കഴിവിനും അഭിരുചിക്കുമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എങ്കിലും, ദീർഘനാൾ നീണ്ടുനിൽക്കുന്ന (പുതുമ നഷ്ടപ്പെടാത്ത) ആസ്വാദനവും, ഒറ്റനോട്ടത്തിൽ ഭംഗി തോന്നുകയും പെട്ടന്ന് ഇറിട്ടേറ്റഡാകുന്നതുമായ കാഴ്ചകളുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ രണ്ടാമത് പറഞ്ഞതാണ് ഭൂരിഭാഗം കേസുകളിലും പർഗോള കാഴ്ചക്കാരിലുണ്ടാക്കുന്ന അനുഭവം!

വീട് വിഡിയോസ് കാണാം..

English Summary- Pargola Mania in Malayali Homes- Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS