പോർച്ചും ഗാരിജും...താത്വികമായി ഇവ രണ്ടും ഒന്നാണെങ്കിലും, ഇവയ്ക്കിടയിലുള്ള അന്തർധാര വിഭിന്നമാണ്. സാധാരണക്കാർക്കായി ചില പോർച്ച്-ഗാരിജ് ചിന്തകൾ.
1. സത്യത്തിൽ പോർച്ച് വാഹനം അൽപസമയം നിർത്തിയിടാനും, (മഴയും വെയിലും കൊള്ളാതെ വണ്ടിയിൽ കയറാനും, ചെറിയ ഇടവേളകളിൽ പാർക്ക് ചെയ്യാനും) ഗാരിജ് ദീർഘനേരം നിർത്തിയിടാനും ഉദ്ദേശിച്ചുള്ളതാണ്.
2. പോർച്ച് നിർമ്മിക്കാൻ വീടുനിർമ്മാണത്തിനു വേണ്ട അതേ റേറ്റിൽതന്നെ പണം ചെലവാകും. സാമാന്യം ഇടത്തരം പോർച്ചിനു രണ്ടര മുതൽ മൂന്നുലക്ഷം രൂപ വരെ ചെലവാകും. ഇതിന്റെ പകുതി പണത്തിനു ഒരു ഗാരിജ് നിർമ്മിക്കാം.
3. പോർച്ച് ഇല്ലാത്ത വീടിനു എലിവേഷൻ കിട്ടില്ല എന്ന് നിങ്ങളുടെ ആർക്കിടെക്റ്റോ എൻജിനീയറോ അഭിപ്രായം പറഞ്ഞാൽ അത് രൂപകൽപനയിലുള്ള അയാളുടെ പൊള്ളത്തരമാണ് കാണിക്കുന്നത്.
4. മഴയും പൊടിയും വെയിലുമുള്ള കേരള കാലാവസ്ഥയിൽ പോർച്ചിനേക്കാൾ അനുയോജ്യം ഗാരിജ് ആണ്. പക്ഷേ നിർമിക്കപ്പെടുന്നത് ഭൂരിഭാഗവും പോർച്ചുകളാണ്.
5. കള്ളന്മാരിൽനിന്നും, ക്രിക്കറ്റ് കളിക്കുന്ന വീട്ടിലെ പിള്ളേരിൽനിന്നും കാറിനു കൂടുതൽ സംരക്ഷണം തരുന്നത് ഗാരിജ് ആണ്.
6. ഗാരിജിൽ വണ്ടി കഴുകാം. പോർച്ചിൽ പറ്റില്ല.
7. അധികമുള്ള സ്റ്റെപ്പിനി ടയർ, മറ്റ് അനുസാരികൾ, ക്ളീനിങ് ലിക്വിഡ്, തുടപ്പ് തുണി, ഓയിൽ ഇതൊക്കെ ഗാരിജിൽ സൂക്ഷിക്കാം. പോർച്ചിൽ ഇതൊന്നും നടക്കില്ല.

8. പോർച്ചിൽ സൂക്ഷിച്ച തന്റെ പുതുപുത്തൻ ഇന്നോവയിൽ വീട്ടിലെ വളർത്തുനായ ആദ്യദിവസം തന്നെ പോറലുകൾ വീഴ്ത്തിയ കാര്യം സുഹൃത്തായ ഒരു ഡോക്ടർ എന്നോട് പറഞ്ഞിട്ടുണ്ട്. ഗാരിജിൽ ആയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.
9. കാർ സ്ഥലത്തില്ലാത്തപ്പോഴോ അല്ലെങ്കിൽ വശങ്ങളിലോ വീട്ടുകാരിക്ക് മഴക്കാലത്തു വസ്ത്രങ്ങൾ ഉണക്കി എടുക്കാം.
10. അടിയന്തര ഘട്ടങ്ങളിൽ അൽപം കാർഷിക ഉൽപന്നങ്ങൾ സൂക്ഷിക്കാം, ഒരു കാവൽക്കാരനെ വീട് ഏൽപിച്ചു പോകുമ്പോൾ അയാൾക്കൊരു സുരക്ഷിത താവളം ആക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഗാരിജിന് ഒരു കുഴപ്പമുണ്ട്. സ്വന്തം വണ്ടി നാട്ടുകാരെ മുഴുവൻ കാണിക്കാൻ കഴിയില്ലെന്ന ഗുരുതരമായ കുഴപ്പം!...
***
അഭിപ്രായം വ്യക്തിപരം...
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Garage Vs Porch- Which is Better