പഴയകാലത്ത് (വിശേഷിച്ചും ഗ്രാമപ്രദേശങ്ങളിൽ) പലയിടത്തും വിശാലമായ വസ്തുവിൽ ഒരു വീടാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നത് പത്ത് സെന്റിൽ രണ്ടും മൂന്നും വീടുകളായി മാറിയിരിക്കുന്നു. ജനപ്പെരുപ്പവും കൂട്ടുകുടുംബ സമ്പ്രദായത്തിൽനിന്ന് അണുകുടുംബമായി മാറുകയും ചെയ്തപ്പോൾ 'ഓരോ കുഞ്ഞുകുടുംബത്തിനും ഒരു വീട്' എന്ന നിലയിൽ നിറയെ വീടുകളുയർന്നു.
മുൻപെല്ലാം സ്വകാര്യവ്യക്തികളുടെ വിശാലമായ വസ്തുവിലൂടെ ഹൈ വോൾട്ടേജ് ലൈൻ വലിക്കാൻ തടസ്സങ്ങളില്ലായിരുന്നു. അവരതിന് അനുമതിയും നൽകിയിരുന്നു (പിന്നീടത് അബദ്ധമായി മാറി എന്നത് വേറെ കാര്യം). എന്റെ വീടിന് തൊട്ടടുത്തുള്ള ഒരു വ്യക്തിയുടെ അഞ്ച് ഏക്കറിലധികമുണ്ടായിരുന്ന വസ്തുവിലൂടെ വളരെ മുൻപുതന്നെ ഹൈ വോൾട്ടേജ് ലൈൻ (വൈദ്യുത ലൈനുകളുടെ തരംതിരിവുകളെ കുറിച്ച് വലിയ ധാരണയില്ലാത്തതിനാൽ കൃത്യം എത്ര KV ലൈൻ ആയിരുന്നു എന്നറിയില്ല) പോയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ വസ്തു അവകാശികൾക്ക് ഭാഗം വയ്ക്കുകയും മറ്റുപലർക്കും മുറിച്ചു വിൽക്കുകയും ചെയ്തപ്പോൾ ഹൈ വോൾട്ടേജ് ലൈനുള്ള ഭാഗം മാത്രം ആരും വാങ്ങാതെ ഉപയോഗശൂന്യമായി കിടന്നു. ലൈൻ കമ്പി മാറ്റി സ്ഥാപിക്കാനായി നിയമനടപടികൾ ഒത്തിരി നടന്നെങ്കിലും അധികാരികളിൽ നിന്ന് അനുകൂലമായ വിധിയുണ്ടായില്ല.
ഏതാനും വർഷം മുൻപ് (എന്റെ ബന്ധുകൂടിയായ) വളരെ പാവപ്പെട്ട ഒരാൾ തുച്ഛമായ വിലയ്ക്ക് ഈ സ്ഥലത്ത്നിന്ന് 10 സെന്റ് വസ്തു വീട് വയ്ക്കാനായി വാങ്ങിച്ചു. വസ്തുവിന് മുകളിലൂടെ ഹൈ വോൾട്ടേജ് ലൈൻ പോകുന്നതുകൊണ്ടുതന്നെ ആ വസ്തുവിൽ വീട് വയ്ക്കുന്നത് റിസ്കായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത കൂലിപ്പണിക്കാരനായ അയാൾ കമ്പി മാറ്റിക്കിട്ടാനായി ഇലക്ട്രിസിറ്റി ഓഫിസിൽ പല തവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കറണ്ട് ലൈൻ പോകുന്നതു കൊണ്ടുതന്നെ ആരും വാങ്ങാതെ കിടന്നിരുന്ന വസ്തു ചുളുവിലയ്‌ക്ക് വാങ്ങിയ അയാളെ പലരും പരിഹസിച്ചു. മണ്ടനെന്നു വിളിച്ചു.
കലക്ടറുടെ ഉത്തവ് വാങ്ങിച്ചാൽ കമ്പി മാറ്റിക്കിട്ടും എന്ന് ആരോപറഞ്ഞതുകേട്ട് അയാൾ കലക്ടർ ഓഫിസ് അന്വേഷിച്ച് മലപ്പുറത്തേക്ക് വണ്ടി കയറി. കലക്ടറെ കാണാനുള്ള ഫോർമാലിറ്റീസൊന്നും അറിയാത്ത അയാളെ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിവിട്ടില്ല. സ്വന്തം വസ്തുവിൽ വീട് വയ്ക്കാൻ പറ്റാത്ത അയാളുടെ ദയനീയ അവസ്ഥ പറഞ്ഞ് അയാൾ ഓഫിസിന് പുറത്തുനിന്ന് കരയാൻ തുടങ്ങി...
ഇത് എങ്ങനെയൊ അകത്തുള്ള കലക്ടറുടെ ശ്രദ്ധയിൽ പെടുകയും, അയാളെ അകത്തേക്ക് വിളിച്ചു കലക്ടർ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അയാളുടെ ദയനീയാവസ്ഥ കണ്ട് അപ്പോൾത്തന്നെ ലൈൻ മാറ്റി കൊടുക്കാനുള്ള ഉത്തരവ് സ്ഥലം ഇലക്ട്രിസിറ്റി ഓഫിസിലേക്ക് കലക്ടർ മെയിൽ അയച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽത്തന്നെ ഇയാളുടെ വസ്തുവിലടക്കം നാല് കാലുകളിലൂടെ പോയിരുന്ന ലൈൻ മാറ്റി സ്ഥാപിച്ചു. സമീപം പൊതുവഴിയായി മാറിയ കുറച്ചുസ്ഥലമുണ്ടായിരുന്നു. ഇതിന്റെ വശത്തേക്കാണ് ലൈൻ മാറ്റിസ്ഥാപിച്ചത്. അങ്ങനെ അയാൾ വീട് വയ്ക്കുകയും ചെയ്തു....
ചില കാര്യങ്ങൾ ഇങ്ങനെയാണ്.
വിദ്യാഭ്യാസവും പണവും സ്വാധീനവുമുള്ളവർ കാലങ്ങളോളം ശ്രമിച്ചിട്ടും പരാജയപ്പെട്ടുപോയ കാര്യം, പണവും വിദ്യഭ്യാസവും സ്വാധീനവും ഒന്നുമില്ലാത്ത ഇയാൾ വളരെ എളുപ്പത്തിൽ സാധിച്ചെടുത്തു. ഇവിടെ ഇയാൾക്ക് തുണയായത് അയാളുടെ അറിവില്ലായ്മയും നിഷ്കളങ്കതയും ആത്മാർത്ഥതയുമാണ്!
ഈ സംഭവത്തിലെ ഗുണപാഠം എന്താണന്നത് വിലയിരുത്താൻ വായനക്കാർക്ക് വിട്ടുതരുന്നു...
English Summary- Electric Line Through House Plot- Veedu Experience