പണ്ട് വിശാലമായ പറമ്പുള്ള വീടുകളിൽ മാലിന്യസംസ്കരണം വിഷയമല്ലായിരുന്നു. തൊടിയിലെ ഏതെങ്കിലും മൂലയ്ക്ക് കുഴികുത്തി ഇട്ടാൽ പണിതീർന്നു. എന്നാൽ ഇന്ന് മൂന്നും നാലും സെന്റിൽ വീടുവച്ചു താമസിക്കുന്നവരാണ് കൂടുതൽ. അവർക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന കാര്യമാണ് മാലിന്യസംസ്കരണം. എന്നാൽ മനസ്സുവച്ചാൽ വീട്ടിൽത്തന്നെ ഇതിന് പരിഹാരമുണ്ട്.
വീടുകളിലെ മലിനജലസംസ്കരണം
സെപ്റ്റിക് ടാങ്കിലുള്ള വെള്ളം ബ്ലാക്ക് വാട്ടർ (black water) എന്നാണ് പറയുന്നത്.. ഇതിൽ രോഗാണുക്കൾ (pathogens) ധാരാളമുണ്ടാകും. ഈ ബ്ലാക്ക് വാട്ടർ ടാങ്കിൽ കുറെസമയം മുകളിലേക്കും താഴേക്കും നീങ്ങും (ടാങ്കിന്റെ ഉള്ളിൽ തന്നെ. ) അതിലുള്ള ഖരമാലിന്യം ടാങ്കിന്റെ താഴെ അടിഞ്ഞശേഷം വെള്ളം മാത്രം ഒരു അടഞ്ഞ പൈപ്പിലൂടെ സോക്ക്പിറ്റ് (soak pit) എന്ന കുഴിയിലേക്ക് പോകും, അവിടെ നിന്ന് പതുക്കെ ഭൂമിയിലേക്ക് താഴും.
Soak pit കിണറിൽ നിന്ന് ഏറ്റവും കുറഞ്ഞത് 7 മീറ്റർ അകലെ വേണം. കിച്ചൻ സിങ്ക്, ബാത്‌റൂമിൽ കുളിക്കുന്ന വെള്ളം, വാഷ് ബേസിൻ വെള്ളം, വാഷിങ് മെഷീനിലെ വെള്ളം.. ഇവ ഗ്രേ വാട്ടർ (grey water) എന്നാണ് അറിയപ്പെടുന്നത്. ഇതിൽ രോഗാണുക്കൾ കുറവാണ്, എന്നാൽ സോപ്പ്, എണ്ണ മുതലായവ ഉണ്ടാകും. ഗ്രേ വാട്ടർ എല്ലാം കൂടി ഒരു ടാങ്കിലേക്ക് വിടാം, ടാങ്ക് അല്പം വലുപ്പം ഉണ്ടെങ്കിൽ നല്ലത്. ഈ ടാങ്കിൽ കുറച്ചുനേരം വെള്ളം ഉണ്ടാകണം, (3-4 മണിക്കൂർ.ഒരു ദിവസത്തിൽ കൂടുതൽ പാടില്ല).
ആ സമയത്ത് അതിലെ എണ്ണ, സോപ്പ് മുതലായവ മുകളിലേക്കും ചെറിയ ഭക്ഷണ അവശിഷ്ടങ്ങൾ ഉള്ളത് താഴേക്കും അടിയും. അതിനു ശേഷമുള്ള വെള്ളം പുറത്തേക്ക് പൈപ്പ് വഴി എടുക്കുക. പുറത്തേക്ക് വരുന്ന വെള്ളം നേരെ ഭൂമിയിലേക്ക് വിടാതെ മറ്റൊരു ടാങ്കിലേക്ക് വീഴുന്നത് പോലെ ആക്കണം.. ആ ടാങ്കിന്റെ അടിയിൽ കുറച്ച് മെറ്റൽ, ടൈൽ കഷണങ്ങൾ, കല്ല് മുതലായവ ഇടുന്നത് നല്ലത്, മുകളിൽ കുളവാഴ നടാം. അവിടെ നല്ലപോലെ വേസ്റ്റ് എല്ലാം അടിഞ്ഞു പോകും, കൂടാതെ കുളവഴയുടെ വേരുകൾ വെള്ളം ശുദ്ധമാക്കും. ഈ ടാങ്കിൽ നിന്ന് വരുന്ന വെള്ളം ചെടി നനയ്ക്കാനോ ടോയ്ലറ്റ് ഫ്ലഷിങ് ചെയ്യാനോ ഉപയോഗിക്കാം, അല്ലെങ്കിൽ വെറുതെ ഭൂമിയിലേക്ക് വിട്ടാലും നല്ലതാണ്.
അധികം ഡിറ്റെർജന്റ്, എണ്ണ മുതലായവ ഉപയോഗിക്കാത്ത വീടുകളാണെങ്കിൽ ആദ്യത്തെ ടാങ്ക് ഒഴിവാക്കി വെള്ളം നേരെ കുളവാഴ വച്ച ടാങ്കിലേക്ക് വിടാം. ആദ്യത്തെ ടാങ്ക് കൊടുക്കുന്നുണ്ടെങ്കിൽ അതിൽ ഒരു ദിവസത്തിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. കൂടുതൽ സമയം ആയാൽ രോഗാണുക്കൾ ഉണ്ടാകും. വെള്ളം കുറവുള്ള സ്ഥലങ്ങളിൽ തീർച്ചയായും ഇത്തരം recycling വളരെ പ്രയോജനകരമാണ്.
അടുക്കളയിലെ മാലിന്യസംസ്കരണം
വീട്ടിലെ ആവശ്യത്തിന് മാത്രമാണെങ്കിൽ തനിയെ ചെയ്യാവുന്നതേയുള്ളൂ കമ്പോസ്റ്റിങ്. സാമാന്യം വലുപ്പമുള്ള (ബക്കറ്റിന്റെ സൈസ് മതി ) 3 വീപ്പയോ പെയിന്റ് ബക്കറ്റോ ഒക്കെ ഉപയോഗിക്കാം. കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ കമ്പോസ്റ്റ് കുഴി ഉണ്ടാക്കാം. ഉണങ്ങിയ ചാണകം, കരിയില, കടലാസ് ഇട്ട ഒരു ബേസ്, അതിന്റെ മുകളിൽ കിച്ചൻ വേസ്റ്റ് ഇടുക. നന്നായി അടച്ചു വയ്ക്കുക.
ടെറസിലോ മുറ്റത്ത് ജനാലകളിൽ നിന്ന് അകലെയോ. ഒരു ബക്കറ്റ് നിറയുമ്പോൾ അടച്ചു വച്ചിട്ട് അടുത്തത് ചെയ്യുക. അത് നിറയുമ്പോൾ അടുത്തത്. മൂന്നാമത്തെ നിറയുമ്പോഴേക്ക് ആദ്യത്തെ ബക്കറ്റ് നല്ല കറുത്ത കമ്പോസ്റ്റ് ആയിട്ടുണ്ടാവും. ഏതാണ്ട് ഒന്ന് -ഒന്നര മാസം.
ഇടയ്ക്ക് തുറന്നുനോക്കിയാൽ നിറയെ പുഴുക്കൾ തിരക്കിട്ടു വേസ്റ്റ് തിന്ന് വളം ഉണ്ടാക്കുന്നത് കാണാം. ഈച്ചയുടെ ലാർവ ആണ് ഈ പുഴുക്കൾ. പുറത്തേക്ക് വന്നു പ്രശ്നമൊന്നും ഉണ്ടാക്കില്ല. കമ്പോസ്റ്റ് റെഡി ആയി കഴിഞ്ഞാൽ അത് ചെടികൾക്ക് ഇട്ടിട്ട് വീണ്ടും ആദ്യ ബക്കറ്റ് നിറച്ചു തുടങ്ങാം. ഇതാണ് ഏറ്റവും സിമ്പിൾ രീതി. കൂടുതൽ ശാസ്ത്രീയ മാർഗങ്ങൾ ഉണ്ട്, മണ്ണിര ചേർത്ത്. പക്ഷേ 6-7 പേർ വരെയുള്ള വീട്ടിലെ മാലിന്യസംസ്കരണത്തിന് അത്ര ഒന്നും ആവശ്യമില്ല എന്നാണ് എന്റെ അനുഭവം.
ലേഖിക ആർക്കിടെക്ടാണ്
English Summary- Organic Waste Disposal Methods in House- Tips