അയൽവാസിയുടെ പോസ്റ്റും വീട്ടിലേക്കുള്ള കറണ്ട് കണക്‌ഷനും; ചില 'അയൽവാശി' അനുഭവങ്ങൾ

current-post
Representative Image: Photo credit: SuperShoot/ Shutterstock.com
SHARE

കഴിഞ്ഞ ദിവസം പങ്കുവച്ച, വീടുവയ്ക്കാൻ വാങ്ങിയ വസ്തുവിലൂടെ പോകുന്ന ഹൈവോൾട്ടേജ്‌ ലൈൻ ഉടമസ്ഥൻ മാറ്റിയെടുത്ത അനുഭവം  ധാരാളമാളുകൾ വായിക്കുകയുണ്ടായി. ഇതിന്റെ അനുബന്ധമായി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട മറ്റൊരു കാര്യംപറയാം.

മറ്റൊരാൾ പണം കൊടുത്ത് സ്ഥാപിച്ച വൈദ്യുത പോസ്റ്റിൽ നിന്നും അയാളുടെ അനുവാദമില്ലാതെയും അയാൾക്ക് പണം നൽകാതെയും വേറൊരാൾക്ക് കറണ്ട് കണക്‌ഷൻ എടുക്കാൻ പറ്റുമൊ?..പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. എന്റെ പരിമിതമായ അറിവിൽനിന്നും അനുഭവത്തിൽനിന്നും ചില കാര്യങ്ങൾ പങ്കുവയ്ക്കാം (ഇത് പൂർണമായും ശരിയാകാം എന്ന് ഞാൻ അവകാശപ്പെടുന്നില്ല).

സാഹചര്യമനുസരിച്ച് മുകളിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം വ്യത്യാസപ്പെടാം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, നിയമപരമായി പറഞ്ഞാൽ, ചില 'പ്രത്യേക സാഹചര്യ'ത്തിൽ പോസ്റ്റ് സ്ഥാപിച്ച ആളുടെ അനുമതിയില്ലാതെ, അയാൾക്ക് പണം നൽകാതെ കണക്‌ഷൻ നൽകാൻ KSEB ക്ക് അധികാരമുണ്ട്.

പ്രത്യേക സാഹചര്യം എന്നാൽ, അടുത്ത വീട്ടുകാരന് കറണ്ട് കണക്‌ഷൻ എടുക്കാൻ സാമ്പത്തികമായും മറ്റും യാതൊരു മാർഗ്ഗവുമില്ല എന്ന് അധികാരികൾക്ക്  ബോധ്യമായാൽ ഈ കാലിൽ നിന്നും യാതൊരു വ്യവസ്ഥകളുമില്ലാതെ കറണ്ട് കണക്‌ഷൻ നൽകണം എന്നാണ് നിയമം. പോസ്റ്റ് ആര് സ്ഥാപിച്ചാലും കറണ്ട് സർക്കാരിന്റേതാണ്. അത് പൊതുജനങ്ങൾക്ക് ലഭ്യമാകുക എന്നത് പൗരന്റെ അവകാശവുമാണ്.

ഇനി ഇതിന്റെ മറ്റൊരു വശം പറയാം:

കയ്യിൽ പണമുണ്ടായിട്ടും കറണ്ട് ആവശ്യമുണ്ടായിട്ടും "മറ്റവൻ എടുക്കട്ടെ, അതിന് ശേഷം അയാൾ സ്ഥാപിച്ച പോസ്റ്റിൽ നിന്നും നമുക്ക് സൗജന്യമായി കറണ്ട് എടുക്കാം" എന്ന് ചിന്തിക്കുന്ന കുബുദ്ധികളായ ചിലരുണ്ട്. പോസ്റ്റ് നിൽക്കുന്നത് മറ്റയാളുടെ വസ്തുവിലാണങ്കിൽ  മുകളിൽ പറഞ്ഞ നിയമം ഇത്തരക്കാർക്ക് ബാധകമല്ല.

പക്ഷേ, ആര് പണം കൊടുത്ത് സ്ഥാപിച്ചതായാലും പോസ്റ്റ് പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടതാണങ്കിൽ ആ പോസ്റ്റിൽ നിന്നും ആരുടേയും അനുവാദമില്ലാതെ ആർക്കും കറണ്ട്  ലഭ്യമാക്കാൻ സാധിക്കും.

--

ഇനി എന്റെ ഒരു അനുഭവം പറയാം...

ഏകദേശം 35/40 വർഷം മുൻപാണ് എന്റെ വീട്ടിലേക്ക് കറണ്ട് കണക്‌ഷൻ എടുത്തത്. ഹൈവേയിൽ നിന്നും ഏകദേശം 300 മീറ്ററോളം ദൂരമുള്ള എന്റെ വീട്ടിലേക്ക് നാലോ അഞ്ചോ പോസ്റ്റ് ആവശ്യമായി വന്നു. കറണ്ട് ആവശ്യമുള്ള പലരുമന്ന് ഞങ്ങളോട് സാമ്പത്തികമായി ഒട്ടും സഹകരിച്ചില്ല. ഞങ്ങൾ ചിലർ മാത്രം പണം മുടക്കി കറണ്ട് എടുത്തതിന് ശേഷമാണ് ഈ കാലുകളിൽ നിന്നും ബാക്കിയുളളവരെല്ലാം കറണ്ട് കണക്‌ഷൻ എടുത്തത്.

മറ്റൊരനുഭവം പറയാം:

കുറേ വീടുകൾക്ക് മധ്യത്തിൽ നിൽക്കുന്ന മൂന്നടിമാത്രം നടവഴിയുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കറണ്ട് കണക്‌ഷൻ എടുക്കണമെങ്കിൽ അടുത്തുളള ആരുടെയെങ്കിലും ഒരു പറമ്പ് ക്രോസ് ചെയ്തേ സാധ്യമാകൂ. പക്ഷേ അവരാരും അതിന് സമ്മതം നൽകിയില്ല.

കറണ്ട് ലഭിക്കാൻ അവർക്ക് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. പോസ്റ്റ് സൗജന്യമായി അനുവദിച്ചാലും മൂന്നടി മാത്രമുള്ള നടവഴിയിൽ പോസ്റ്റ് നാട്ടുക എന്നത് സാധ്യമല്ല. KSEB യിൽ പല തവണ അപേക്ഷ കൊടുത്തങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ആ ഇടയ്ക്കാണ് നല്ല കാര്യശേഷിയുള്ള  ഒരാൾ ഓഫീസറായി KSEB യിൽ ചാർജെടുത്തത്. അദ്ദേഹത്തിന്റെ സഹായത്താൽ എന്റെ സുഹൃത്ത് കലക്ടർക്ക് പരാധി കൊടുത്തു. കലക്ടർ സ്ഥലം സന്ദർശിച്ച് സത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടുത്ത വീട്ടുകാരെ ചർച്ചയ്ക്ക് വിളിച്ചു. അവിടേയും അവർ സമ്മതിച്ചില്ല.

തുടക്കത്തിൽ ഞാൻ പറഞ്ഞ നിയമത്തിന്റെ ആനുകൂല്യത്തിൽ ഒരാളുടെ വസ്തുവിന്റെ മുകളിലൂടെ കണക്‌ഷൻ കൊടുക്കാൻ അപ്പോഴാണ് കലക്ടർ ഉത്തരവിട്ടത്(അയാളുടെ അനുമതിയില്ലാതെ തന്നെ). അങ്ങനെ ആ വീട്ടുകാർക്ക് കറണ്ട് കണക്‌ഷൻ ലഭിക്കുകയുണ്ടായി!

English Summary- Sharing Electric Post through Private Property- Malayali Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS