ADVERTISEMENT

"ഇവർ എന്റെ സ്വന്തക്കാരാണ്.അതുകൊണ്ട് ഇവർക്ക് പരമാവധി വില കുറച്ചു കൊടുക്കണം...."

പ്രവാസത്തിലെ ഒരിടവേളയിൽ കുറച്ചു കാലം ഞാൻ നാട്ടിൽ പല വർക്കുകളും ബിസിനസ്സുകളും ചെയ്തിരുന്നു. നാട്ടിലുള്ള ചില പ്രമുഖ Home appliances സ്ഥാപനങ്ങളുടെ ക്രെഡിറ്റ് ബിസിനസും ആയിടക്ക് ഞാൻ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ കണ്ട ചില കാര്യങ്ങളുണ്ട്. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് (TV, Washing Machine, Fridge, Mixie, Grinder....അങ്ങനെ പലതും.) ഇതിന്റെ പാർട്സ് വില്പനക്കാരും, ടെക്നീഷൻമാരും, ഇവർക്ക് പുറമെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും, നാട്ടിലെ മാന്യന്മാർ എന്ന് അവകാശപ്പെടുന്നവരുമെല്ലാം ഇത്തരം സ്ഥാപനങ്ങളുമായി ഒരു 'കമ്മീഷൻ ലിങ്ക്' ഉള്ളവരായിരുന്നു.

സ്ഥാപനത്തിൽ നടക്കുന്ന വലുതും ചെറുതുമായ മിക്ക ബിസിനസ്സുകളും ഇവരിൽ ആരുടെയെങ്കിലുമൊക്കെ പരിചയത്തിലായിരിക്കും. ചിലർ സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ അവർക്കൊപ്പം ഇവരിൽ ആരെങ്കിലുമൊക്കെ ഉണ്ടാകും. മറ്റുചിലർ പറയും ഇവരിൽ ചിലർ പറഞ്ഞിട്ടാണ് വരുന്നത് എന്ന്. ചിലർ ഷോപ്പിൽ എത്തുന്നതിന് മുൻപുതന്നെ ഇവരെ പരിചയപ്പെടുത്തിക്കൊണ്ട് മറ്റു ചിലരുടെ ഫോണായിരിക്കും വരുന്നത്.

ഇതിന് പിന്നിലെ കാര്യം എന്താണന്നു വച്ചാൽ, വീട്ടുപകരണങ്ങൾ വാങ്ങിക്കാൻ വരുന്നവർക്ക് പരമാവധി വിലക്കുറവ് ലഭിക്കുക എന്നതു തന്നെയാണ്. ഇവന്മാരുടെ അടുപ്പക്കാരാണന്നു പറഞ്ഞാൽ വാങ്ങിക്കുന്ന സാധനത്തിന് പരമാവധി വില കുറച്ചു കിട്ടും എന്ന പ്രതീക്ഷയിലാണ് മിക്കവരും. ഷോപ്പുമായും ഷോപ്പുടമയുമായും ഇവരല്ലാം അടുത്ത ബന്ധമുള്ളവരായതുകൊണ്ടുതന്നെ ഇവർ പറഞ്ഞാൽ വില പരമാവധി കുറച്ചു കിട്ടും എന്നാണ് പലരുടേയും ധാരണ.

എന്നാൽ സംഭവിക്കുന്നത് മറ്റൊന്നാണ്, ആവശ്യക്കാർക്ക് പരമാവധി വില കുറച്ചു കൊടുക്കാൻ പറ്റുന്ന വസ്തുക്കൾപോലും ഈ പറയപ്പെടുന്ന ഇടനിലക്കാർക്ക് കമ്മീഷൻ കൊടുക്കേണ്ടി വരുന്നതു കാരണം വിലയിൽ ഇളവ് ചെയ്തു കൊടുക്കാൻ പറ്റാതാകുകയാണ് ഫലത്തിൽ സംഭവിന്നത്.

''ഇവർ എന്റെ സ്വന്തക്കാരാണ്.....ഇവർക്ക് പരമാവധി വില കുറച്ചു കൊടുക്കണം...'' എന്ന് ഇടനിലക്കാരൻ സ്ഥാപനത്തെ ധരിപ്പിച്ചാൽ അതിനർഥം, ''ഈ ബിസിനെസ്സ് ഞാൻ പിടിച്ചതാണ്. ഇവർക്ക് എത്ര വിലകൂട്ടി വിറ്റാലും പ്രശ്നമല്ല, എന്റെ കമ്മീഷൻ അവിടെ മാറ്റിവയ്ക്കണം...'' എന്നതാണ്. പാർട്ടിക്ക് സ്ഥാപനവുമായി വില പേശാനുള്ള അവകാശം പോലും നഷ്ട്ടപ്പെടുത്തുന്നതാണ് ഈ 'ഹിഡൻ കമ്മീഷൻ' ഏർപ്പാട്. ഇത്തരക്കാരുടെ വലയിൽ ഏറെയും പെട്ടുപോകുന്നത് സ്ത്രീകളും വീട്ടമ്മമാരുമാണ്.

വീടിരിക്കലിനും വിരുന്നുസൽക്കാരത്തിനുമൊക്കെ വീട്ടുപകരണങ്ങൾ എടുക്കാൻ ഷോപ്പിൽ വരുന്നവർ കമ്മീഷൻ ഏജന്റ് വരുന്നതുവരെ കാത്തു നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ വലിയ പ്രയാസം തോന്നിയിട്ടുണ്ട്. ഇങ്ങനെ മേലനങ്ങാതെ പണമുണ്ടാക്കുന്നവർ മുൻപത്തേതിനേക്കാൾ ഇപ്പോൾ കൂടിയിട്ടുണ്ട്. കമ്മീഷൻ എന്നത് മുൻപെല്ലാം രഹസ്യമായി ചെയ്തിരുന്ന ഒരു കാര്യമായിരുന്നങ്കിൽ, ഇന്നത് ഇത്തരക്കാരുടെ അവകാശമായി മാറിയിരിക്കുന്നു.

ഇവൻമാരെ അകറ്റി നിർത്തുക എന്നതും മിക്ക സ്ഥാപനങ്ങൾക്കും പറ്റുന്നതുമല്ല. കാരണം ഒട്ടുമിക്ക ബിസിനസ്സുകളും വരുന്നത് ഇവരുടെ കൈകളിലൂടെയാണ്!

ശ്രദ്ധിക്കുക:

വീട്ടുപകരണങ്ങളും മറ്റും വാങ്ങിക്കുമ്പോൾ മുകളിൽ പറഞ്ഞതുപോലുള്ള ഒരാളെയും കൂടെ കൂട്ടാതെ, ഒന്നിലധികം സ്ഥാപനത്തിൽ നിന്നും ക്വട്ടേഷൻ എടുത്ത് അതിലെ വിലവ്യത്യാസങ്ങൾ മനസ്സിലാക്കി ആവശ്യക്കാർ സ്ഥാപനത്തിൽ നേരിട്ടു തന്നെ വാങ്ങിക്കുക! ഈ മേഖലയിലുള്ള ഇത്തരം തട്ടിപ്പുകളെക്കുറിച്ച് വളരെ വിശദമായി തന്നെ പറയേണ്ടതുണ്ട്. വളരെ ചുരുക്കിയുള്ള ഒരു സൂചനമാത്രമാണിത്.

...

NB:

ഇത്തരം കമ്മീഷൻ തട്ടിപ്പുകാരെ സ്ഥാപനത്തിന്റെ നാലയലത്തേക്കുപോലും അടുപ്പിക്കാത്ത സ്ഥാപന ഉടമകളുമുണ്ട് എന്നതും പറയാതെ വയ്യ.

English Summary- Commision for Middle man in House Utensils Purchasing- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com