വീടുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങൾ ഞാൻ ഇവിടെ പങ്കുവച്ചിട്ടുണ്ട്. ഒരുചെറിയ കൂരയിൽനിന്ന് ഇപ്പോഴത്തെ എന്റെ വീട്ടിലേക്കെത്തിയ അനുഭവങ്ങൾ മുൻപ് പങ്കുവച്ചിട്ടുണ്ട്. അതിന് അനുബന്ധമായി ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
മാതാപിതാക്കളുടെ എട്ടു മക്കളിൽ ഏഴാമത്തെ മകനാണ് ഞാൻ. (എന്റെ താഴെ ഒരു അനുജത്തിയും) എന്റെ നേരെ മൂത്ത സഹോദരൻ കഴിഞ്ഞ ഒക്ടോബറിൽ ആകസ്മികമായി മരണപ്പെടുകയുണ്ടായി. ആകർഷമായ ശമ്പളത്തിൽ അബുദാബിയിലെ പ്രമുഖ കമ്പനിയിൽ PRO ആയി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് 2004'ൽ ഞാൻ എന്റെ രണ്ടാം പ്രവാസജീവിതം തുടങ്ങുന്നത്. (ഇന്നും ആ ജോലി തുടരുന്നു..)
സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന എന്റെ സഹോദരന് സ്വന്തമായൊരു വീടുണ്ടായിരുന്നില്ല. അതിന് കാരണം മറ്റൊന്നുമല്ല, സമൂഹത്തിലെ സകലമേഖലയിലും ആഴത്തിൽ അവഗാഹമുളള അദ്ദേഹത്തിന് വീട് പണിയാൻ വേണ്ടി വസ്തു വാങ്ങിക്കാനൊ, വസ്തു വാങ്ങിച്ച് അതിൽ വീട് പണിയാനൊ ഉള്ള പ്രാഥമികമായ അറിവുപോലും ഉണ്ടായിരുന്നില്ല.
വീട് പണിയാൻ വേണ്ടി രണ്ടിടത്ത് അദ്ദേഹം സ്ഥലം വാങ്ങിച്ചിരുന്നങ്കിലും അതിലെ പ്രമാണത്തിലെ ചില പ്രശ്നങ്ങൾ അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിയാത്തതു കാരണം എല്ലാം വൻനഷ്ടത്തിൽ കലാശിക്കുകയാണുണ്ടായത്.
അങ്ങനെയാണ് അദ്ദേഹത്തിന് വസ്തു വാങ്ങാനും വീട് പണിയാനുമുള്ള ദൗത്യം ഞാൻ ഏറ്റെടുക്കുന്നത്. എനിക്ക് നിർമാണ -അനുബന്ധ മേഖലയിൽ പ്രവർത്തിച്ച അനുഭവപരിചയമുണ്ടായിരുന്നു. അതുവച്ച് അധികം വൈകാതെ തന്നെ 'അദ്ദേഹത്തിന്റെ സ്വപ്നം പോലെ' മനോഹരമായൊരു വീട് പണിതു കൊടുക്കാൻ എനിക്ക് സാധിച്ചു.
ഈ അനുഭവം വിവരിക്കാൻ കാരണം മറ്റൊന്നുമല്ല.
ഉയർന്ന വിദ്യഭ്യാസവും, മാന്യമായ ജോലിയും, ആകർഷകമായ ശമ്പളവും ഉണ്ട് എന്നതുകൊണ്ട് അവർക്ക് അവർ ആഗ്രഹിക്കുന്നതു പോലുള്ള വീട് പണിയാൻ സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ച് പ്രവാസജീവിതം നയിക്കുന്നവർക്ക്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയും, അവർ ചെയ്യുന്ന ജോലിയും, അവർക്ക് ലഭിക്കുന്ന വലിയ ശമ്പളവുമൊന്നും 'സ്വന്തമായൊരു വീട്' എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പര്യാപ്തമാകണമെന്നില്ല.
വീടുപണി എന്നത് ഒരു 'കല'യും കൂടിയാണ്. കുറ്റമറ്റ രീതിയിൽ വീടുപണി തീർക്കാൻ 'പണത്തിനപ്പുറം' നല്ല സാമർഥ്യവും പ്ലാനിങ്ങും, സാമ്പത്തിക അച്ചടക്കവും അനിവാര്യമാണ്!
English Summary- Professional Competency and House Construction- Experience