വീടുപണിയെ കുറിച്ച് ആധിയുള്ളവരാണ് സാധാരണക്കാരിലേറെയും. എങ്ങനെ തുടങ്ങണം, എന്തെല്ലാം ശ്രദ്ധിക്കണം, പണം എങ്ങനെ ലാഭിക്കാം, കരാർ ആണോ കൂലിക്ക് ചെയ്യിക്കുന്നതാണോ അങ്ങനെ സംശയങ്ങളും അനവധിയാണ്.
സാമ്പത്തികമനുസരിച്ച് സാധാരണക്കാർ പലരും പല വിധത്തിലാണ് വീടുപണി തുടങ്ങുന്നത്.
- വീട് നിർമ്മിക്കാൻ ആവശ്യമായ മുഴുവൻ തുകയും നീക്കി വച്ചവർ.
- കുറച്ചു കാശ് മാത്രം ഉള്ളവർ ബാക്കി ലോൺ എടുത്തിട്ട് മുഴുമിക്കുന്നവർ.
- തന്റെ കയ്യിൽ ഉള്ള ചെറിയ പൈസ കൊണ്ടു തുടക്കം കുറിച്ച് ബാക്കി മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും സ്വർണം പണയം വച്ചും വീട് തീർക്കുന്നവർ..
വീടുപണിക്ക് തുടക്കം കുറിക്കുമ്പോൾ വേണ്ടത് നല്ലൊരു പ്ലാൻ ആണ്. തന്റെ സ്ഥലത്തിന് യോജിച്ച തനിക്കും കുടുംബത്തിനും താമസത്തിന് അനുയോജ്യമായ ഒരു നല്ല പ്ലാൻ. തന്റെ പ്ലോട്ടിന് യോജിച്ച പ്ലാൻ വരപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം ഓരോ സ്ഥലവും ഓരോ രീതിയിലാണ് കിടക്കുന്നത്. മറ്റൊരു പ്ലാൻ നമ്മുടെ സ്ഥലത്തിന് അനുയോജ്യമാകണം എന്നില്ല..
ശേഷം വീട് നിർമ്മാണത്തെ കുറിച്ച് ചിന്തിക്കാം..
കരാർ കൊടുക്കുമ്പോൾ മൂന്നോ അതിലധികമോ കോൺട്രാക്ടർമാരോട് അന്വേഷിക്കാം. പടവ് മുതൽ വാർപ്പ് വരെയുള്ള കരാർ കൊടുക്കുകയാണ് നല്ലത്. പിന്നീടുള്ള ജോലികൾ നമ്മുടെ സാമ്പത്തികമനുസരിച്ചു നമുക്ക് ചെയ്യാം. അതിൽ യാതൊരു മടിയോ മോശമോ വിചാരിക്കേണ്ടതില്ല. കാരണം ആയിരം രൂപ കുറഞ്ഞു കിട്ടിയാൽ അതും നമ്മുടെ ലാഭമായി കണക്കാക്കാം.
ഏറ്റവും കുറഞ്ഞ റേറ്റ് പറയുന്ന വ്യക്തിക്ക് (അവർ വിശ്വാസപ്പെട്ടവരാണെങ്കിൽ) കരാർ കൊടുക്കാം.. തറ ഒഴികെയുള്ള കരാർ ആണ് നല്ലത്. മുഴുവൻ മെറ്റീരിയൽസും എടുത്തു പണി തീർക്കുമ്പോൾ അതിന്റെ ക്വാളിറ്റി നാം ഉറപ്പ് വരുത്തണം. അതുമല്ല ആ വ്യക്തിയുമായി ഒരു ഉടമ്പടിയും നാം ഉണ്ടാക്കണം. അങ്ങനെ എഗ്രിമെന്റ് ചെയ്യാതെ പെട്ടുപോയവർ അനവധിയാണ്.
എത്ര സൗഹൃദമുള്ളവരാണ് എങ്കിലും എഗ്രിമെന്റ് നിർബന്ധമായും ചെയ്യുക. നാളെയും ആ ബന്ധം നിലനിൽക്കാൻ അത് സഹായിക്കും. ഏതെല്ലാം മെറ്റീരിയൽ ഏത് ബ്രാൻഡ് എന്നതെല്ലാം ആ എഗ്രിമെന്റിൽ ഉൾപ്പെടുത്തണം. മരം ഉൾപ്പെടെയും അല്ലാതെയും ഉള്ള റേറ്റ് ചോദിച്ചു മനസ്സിലാക്കണം. മരം ഇല്ലാതെ ഇത്ര രൂപയ്ക്ക് ചെയ്യാം, മരം ഉൾപ്പടെ ഇത്ര രൂപയ്ക്ക് ചെയ്യാം എന്ന് പറയുമ്പോൾ നമുക്ക് മനസ്സിലാക്കാം അദ്ദേഹം മരത്തിന് എത്ര വിലയിട്ടു എന്ന്.
ഇനി ഒരു മരമില്ലിൽ നേരിട്ടു പോയി തനിക്കാവശ്യമായ മര ഉരുപ്പടി പണി തീർത്തു കിട്ടാൻ എത്ര ആവും എന്ന് അന്വേഷിക്കാം.അവിടെ പറയുന്ന റേറ്റും നേരത്തെ കോൺട്രാക്ടർ പറഞ്ഞ റേറ്റുംകൂടി ഒത്തുനോക്കി അതിൽ ഏതാണ് ലാഭം അത് നമുക്ക് തിരഞ്ഞെടുക്കാം.
ഇനി വീടിന്റെ തറ :
വീടിന്റെ തറ കെട്ടാനുള്ള കരിങ്കല്ല് തന്റെ വീടിന്റെ പരിസരത്തുള്ള ക്വാറികളിൽ നിന്ന് കിട്ടുമെങ്കിൽ വിലയിൽ നല്ല വ്യത്യാസം വരും.. മൂന്ന് മുതൽ അഞ്ചു കിലോമീറ്റർ പരിധിയിൽ നിന്നുകിട്ടിയാൽ അതിൽ നമുക്ക് പണം ലാഭിക്കാം. ദൂരം കൂടുംതോറും വണ്ടി വാടക ഇനത്തിൽ നല്ലൊരു തുക ചെലവാകും.
ഒന്നര യൂണിറ്റ് വാഹനത്തിൽ കല്ല് അടിക്കുന്നതാണ് നല്ലത്. തറ പണി കൂലിക്ക് ചെയ്യിക്കുകയാണ് നല്ലത്. നന്നായി ജോലി അറിയാവുന്ന ആളുകളെ കൊണ്ടു വന്നു നമ്മൾ കൊടുക്കുന്ന മെറ്റീരിയൽ വച്ചു ചെയ്യിക്കുക.. തറ പണി കഴിഞ്ഞു അതിൽ മണ്ണ് നിറക്കുകയാണ് അടുത്ത ഘട്ടം.
നന്നായി മണ്ണ് ഫിൽ ചെയ്യണം. നന്നായി വെള്ളമൊഴിച്ചു ചളിയാക്കി ഏകദേശം ഒരു മാസം എങ്കിലും ഇടണം.. (നിങ്ങളുടെ ഇഷ്ടാനുസരണം എത്ര മാസമെങ്കിലും പിന്നീട് ഇടാം..) ബെൽറ്റ് വാർക്കൽ ആണ് അടുത്തതും തറ പണിയിൽ അവസാനത്തേതും. ബെൽറ്റ് വാർക്കുന്നവരുമുണ്ട് അത് ചെയ്യാത്തവരുമുണ്ട്..സ്ഥലത്തിന്റെ ഉറപ്പനുസരിച്ചാണ് ബെൽറ്റ് ഇടുന്നത്.. അത് ചെയ്യുന്നത് കൊണ്ട് ഗുണം തന്നെയാണ് ഭാവിയിലും നമ്മുക്ക് ഉണ്ടാവുന്നത്. തറയുടെ പുറംവശങ്ങളിൽ പോയിന്റ് ചെയ്യുന്നത് നല്ലതാണ്.. ഇഴ ജന്തുക്കൾ ഗ്യാപ്പിലൂടെ കടക്കാതിരിക്കാൻ ഉപകരിക്കും.
ബെൽറ്റ് വാർത്തു കഴിഞ്ഞു ആ മണ്ണിനുമേലെ എം.സാൻഡ് (പാറപ്പൊടി ) ഇടുന്നത് ചിതൽ വരാതിരിക്കാൻ ഉപകരിക്കും (സാധാരണ സ്ലറി ആണ് ഇടാറുള്ളത്.. വിലയും കുറവാണ് )
ഇനി കോൺട്രാക്ടറുടെ ജോലിയാണ്.. അദ്ദേഹം തന്റെ എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള പോലെ പണികൾ തീർക്കണം. സൈറ്റിൽ നമ്മുടെ ശ്രദ്ധയുണ്ടെങ്കിൽ അത് ഗുണമാണ്.. കമ്പി മുൻപ് കരാറിൽ പറഞ്ഞുള്ളത് തന്നെയാണോ അതിന്റെ വണ്ണം യഥാർഥമാണോ, സിമന്റ് ഏത് കമ്പനി എത്ര അളവിൽ അതെല്ലാം നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.
വാർപ്പിന്റെ ഓരോ ഘട്ടങ്ങളിലും നനയ്ക്കൽ നമ്മുടെ ഉത്തരവാദിത്തമാണ്.. എത്രത്തോളം നന്നായി നനയ്ക്കാൻ കഴിയുന്നൊ അത്രയും നല്ലത്. മെയിൻ സ്ലാബും ചെരിവും ലിന്റലും ബാക്കി എല്ലാ സ്ലാബുകളും നന്നായി തന്നെ നനയ്ക്കണം. ഇങ്ങനെ ഓരോ ഘട്ടത്തിലും നമ്മുടെ കൂടി പങ്കാളിത്തം ഉണ്ടായാൽ അതിന്റെ ഗുണം നമുക്ക് തന്നെയാണ്.
***
ഇനി എന്റെ വീടിന്റെ പണികൾക്ക് ഞാൻ ചെയ്ത കാര്യങ്ങൾ പറയാം.
ഏകദേശം രണ്ടു വർഷം മുൻപ് 1236 sqft വീട് 550 രൂപയ്ക്കാണ് കരാർ കൊടുത്തത്. മരവും തറയും ഇല്ലാതെ വാർപ്പുവരെ ആയിരുന്നു കരാർ. അതിനായി 6.55 ലക്ഷം ചെലവ് വന്നു.
മരം ഞാൻ മില്ലിൽ നിന്ന് ഡയറക്റ്റ് എടുത്തു. പണി തീർത്തുകിട്ടിയപ്പോൾ കരാറുകാരൻ പറഞ്ഞതിലും വളരെ കുറഞ്ഞു 20000 രൂപയുടെ മാറ്റം! തറ പണിക്ക് എല്ലാം ചേർത്തു 123000 രൂപ. 14 ലോഡ് കരിങ്കല്ല്.
ഞാൻ തറയ്ക്ക് ബെൽറ്റ് ഇട്ടിട്ടില്ല. എന്റെ സ്ഥലം നല്ല ഉറപ്പുള്ള ഏരിയ ആയത് കൊണ്ട് എൻജിനീയറുടെയും പടവുകാരന്റെയും അഭിപ്രായം തേടിയപ്പോൾ അതിന്റെ ആവശ്യമില്ല എന്നാണ് പറഞ്ഞത്.. വാർപ്പ് കഴിഞ്ഞു ഇലക്ട്രിക്കൽ വർക്ക് ചെയ്യിച്ചു. പിന്നീട് സിമെന്റ് തേച്ചു. 70000 രൂപ കരാറിൽ ബംഗാളികൾ ആണ് വർക്ക് എടുത്തത്. സിമെന്റ്, മണൽ.. ഞാൻ വാങ്ങിക്കൊടുത്തു. ബാക്കി ഇലക്ട്രിക്കൽ വർക്ക് കരാർ കൊടുത്തു 35000 രൂപയ്ക്ക്. മെറ്റീരിയൽ അടക്കം. ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിച്ചുതന്നെ.
മൂന്ന് റൂം, ബാത്റൂം, ഹാൾ, കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം അടക്കമുള്ള വീട്..പണി തുടങ്ങിയത് കയ്യിൽ ഉള്ള 50000 രൂപ കൊണ്ട്!..ബാക്കി കടം വാങ്ങിയും പണയം വച്ചും തന്നെ..ലോൺ എടുത്തില്ല..
***
ഞാൻ ആദ്യംപറഞ്ഞ മൂന്നാമത്തെ വിഭാഗത്തിൽ പെട്ടയാളാണ്. തന്റെ കയ്യിൽ ഉള്ള ചെറിയ പൈസ കൊണ്ടു തുടക്കം കുറിച്ച് ബാക്കി മറ്റുള്ളവരിൽ നിന്നും കടംവാങ്ങിയും സ്വർണം പണയം വച്ചും വീട് തീർത്തയാൾ.
നമ്മുടെ പരിശ്രമം, നമ്മുടെ ആഗ്രഹം എല്ലാം ഉണ്ടെങ്കിൽ ഒരു വീട് നമുക്ക് സ്വപ്നം മാത്രമാവുകില്ല.. അത് എന്റെ അനുഭവമാണ്.. ഒരു വർഷം കൊണ്ടാണ് ഞാൻ വീട് വച്ചത്.. മുഴുവൻ പണികളും തീർന്നിട്ടില്ല, എങ്കിലും ഉള്ള സൗകര്യത്തിൽ മനസ്സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നത് പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ്.നമ്മളെ കൊണ്ട് കഴിയില്ല എന്ന ചിന്ത മാറ്റി വച്ച് കൊണ്ട് അതിനായി ഇറങ്ങി തിരിച്ചു നോക്കൂ.. ഫലം നമുക്കനുകൂലമാവും.. എല്ലാവർക്കും നന്മകൾ നേരുന്നു..
N.B- എന്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ആണ് ഇതിലുള്ളത്.. പലർക്കും പല അനുഭവമായിരിക്കും..
English Summary- House Construction of a Commoner- Veedu Experience