എന്റെ പേര് സൽമാൻ. പ്രവാസിയാണ്. എന്റെ വീടനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. 2010 മുതലാണ് ഞാൻ വീടുപണിയെക്കുറിച്ച് ചിന്തിക്കുന്നത്. അന്നൊക്കെ വളരെ ശക്തവും ഉദാത്തവുമായ ആശയങ്ങളാണ് എന്റെ മനസ്സിൽ ഉടലെടുത്തത്. എന്നാൽ എന്റെ ഉപ്പായുമായും ഭാര്യയുടെ ഉപ്പയുമായും ഉള്ള സംവാദത്തിൽ ഇത് വെറും 'ഉട്ടോപ്യൻ' ചിന്താഗതികളാണെന്ന് എനിക്ക് ബോധ്യമായി. പത്ത് സെൻറ് മാത്രമായിരുന്നു എന്റെ സ്ഥലം. അതിൽ ഒരു കൊച്ചുവീട്. അങ്ങനെ എന്റെ ചിന്താഗതികൾ ഞാൻ ഇടുങ്ങിയതാക്കി.
അങ്ങനെ 2013 ആഗസ്റ്റിൽ ഞാൻ വീടുപണിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏകദേശം 'വീട്' എന്ന രൂപത്തിൽ ആയപ്പോൾ 2014 ജൂൺ ഒന്നിന് പാലുകാച്ചി താമസം ആരംഭിച്ചു. പിന്നീടുള്ള ഓരോ ജോലികളും കയ്യിൽ ക്യാഷ് വരുന്നതിനു അനുസരിച്ച് ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ വെല്ലുവിളികളെയെല്ലാം തരണം ചെയ്ത് നീണ്ട 8 വർഷങ്ങൾ എന്റെ വീടുപണി പൂർത്തീകരിച്ചു. ഇപ്പൊൾ സ്വസ്ഥം സന്തോഷം.
ഞാൻ ബാങ്ക് ലോൺ എടുക്കാതെ ആണ് വീട് പണിതത്. സുഹൃത്തുക്കളിൽ നിന്നും നിശ്ചിത കാലാവധി പറഞ്ഞു ക്യാഷ് കടം വാങ്ങിയാണ് ജോലി പൂർത്തിയാക്കിയത്. അതുകൊണ്ടുതന്നെ ബാങ്കുകാരുടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. കിട്ടുന്ന ശമ്പളം പകുതി കടം വീട്ടാനും പകുതി വീട്ടു ചെലവുകൾക്കും മറ്റുമായി മാറ്റിവച്ചാണ് മുന്നോട്ടുപോയത്.

2013 ആഗസ്റ്റ് മാസം ആരംഭിച്ച എന്റെ വീടുപണി പൂർത്തിയാകുന്നത് 2021 മാർച്ച് 31-നു ആണ്. ഫോട്ടോയിൽ കാണുന്ന രൂപത്തിൽ ആവാൻ 8 വർഷങ്ങൾ വേണ്ടി വന്നു.
സിറ്റൗട്ട്, വലിയ ഒരു ഹാൾ, അടുക്കള, സ്റ്റോർ, വർക്കേരിയ, ബാത്റൂം അറ്റാച്ഡായ രണ്ടു കിടപ്പുമുറികൾ, ഒരുകോമൺ ബാത്റൂം.. ഇത്രയുമാണ് വീട്ടിലെ സൗകര്യങ്ങൾ. ആദ്യഘട്ടത്തിൽ 14 ലക്ഷവും, പിന്നീട് മോഡിഫിക്കേഷന് വേണ്ടി 3 ലക്ഷവും അടക്കം 17 ലക്ഷം രൂപയാണ് എനിക്ക് ചെലവായത്.

എത്ര വലിയ കഷ്ടപ്പാടായാലും വീടുവയ്ക്കുക എന്നത് നല്ല സന്തോഷമുള്ള അനുഭവമാണ്. സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിക്കാൻ സഹായിച്ച എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോടും, പിന്നെ ബന്ധുമിത്രാദികളോടും ഉള്ള കടപ്പാട് ഞാൻ മറച്ചു വയ്ക്കുന്നില്ല.
ഒരു വീട് വച്ചാൽ പിന്നെ ഒരു വീടും കൂടി പണിയാനുള്ള അനുഭവമായി എന്നാണ് പറയുക. കാരണം, സാധാരണക്കാരന്റെ വീടുപണി, അനന്തസാദ്ധ്യതകളുള്ള ഒരനുഭവ 'ഖനി'യാണ്. തമിഴിൽ ഒരു ചൊല്ലുണ്ട്. ”കല്യാണം പണ്ണിപ്പാർ, വീടൈ കെട്ടിപ്പാർ”, എന്ന്. 'പെണ്മക്കളുടെ കല്യാണം നടത്തി നോക്കണം, വീടുപണിതു നോക്കണം ബുദ്ധിമുട്ടറിയണമെങ്കിൽ' എന്നർഥം.. പിന്നെ പലപ്പോഴും അനുഭവങ്ങൾ വ്യക്തിഗതവും ആപേക്ഷികവുമാണല്ലോ..?
English Summary- Pravasi Malayali House Construction Experience