പച്ചപ്പും ഹരിതാഭയും കണ്ട് വയലിനരികെ വീടുവച്ചു; അബദ്ധമായി; അനുഭവം
Mail This Article
ഏറെക്കാലം വിദേശത്തായിരുന്നു രാജുവും കുടുംബവും. മക്കൾ പഠനവും വിവാഹവുംകഴിഞ്ഞ് വിദേശത്ത് സെറ്റിൽ ആയപ്പോൾ ഇനി സ്വസ്ഥമായി നാട്ടിൽ പോയി സെറ്റിലാകാം എന്ന് രാജുവും ഭാര്യയും പ്ലാനിട്ടു.
അൽപം പച്ചപ്പും ഹരിതാഭയുമുള്ള പ്രദേശത്ത് വേണം വീട് വയ്ക്കാൻ എന്ന് മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ തന്റെ തറവാടിനടുത്തുതന്നെയുള്ള ഒരു സ്ഥലം കണ്ടെത്തി. പുരയിടമാക്കിയെടുത്ത പഴയനിലമാണ്. തൊട്ടടുത്ത് പച്ചപ്പട്ടുടുത്ത വയലേലകൾ. അതുവഴി വീശിയെത്തുന്ന കുളിർകാറ്റ്. അടുത്തൊന്നും വീടുകളില്ല, അതുകൊണ്ട് സ്വകാര്യതയുമുണ്ട്. ഇതാണ് താൻതേടിനടന്ന സ്ഥലം. രാജു ഉറപ്പിച്ചു. അങ്ങനെ വിചാരിച്ചതിലും കുറഞ്ഞവിലയ്ക്ക് സ്ഥലംവാങ്ങി. വീടുപണി തുടങ്ങി. 10 മാസംകൊണ്ട് വീട് പൂർത്തിയായി. മക്കൾ പാലുകാച്ചലിന് വന്നുതിരിച്ചുപോയി. അങ്ങനെ രാജുവും ഭാര്യയും താമസം തുടങ്ങി.
ഇനിയാണ് പ്രശ്‍നങ്ങളുടെ തുടക്കം. രാവിലെ നല്ല കുളിർകാറ്റും ചുറ്റും ഹരിതാഭയുമൊക്കെ ഉണ്ടെങ്കിലും രാത്രിയാകുമ്പോൾ പലതരം പ്രാണികളുടെ സംസ്ഥാനസമ്മേളനമാണ് വീടിന്റെ സിറ്റൗട്ടിൽ. ലൈറ്റ് ഓഫ് ചെയ്ത് നോക്കിയപ്പോൾ അകത്തെ വെളിച്ചം കണ്ട് പ്രാണികൾ സമ്മേളനം വീടിനുള്ളിലാക്കി. അടുക്കളയിൽ സ്വസ്ഥമായി പാചകം ചെയ്യാനോ ഊണുമുറിയിലിരുന്ന് സ്വസ്ഥമായി രാത്രി ഭക്ഷണം കഴിക്കാനോ ബെഡ്‌റൂമിൽ സ്വസ്ഥമായി ഉറങ്ങാനോ കഴിയാത്ത അവസ്ഥ. ദേഹത്ത് പ്രാണികൾ ഇഴയുന്നത് മനസ്സിലാക്കി രാത്രി പലപ്പോഴും ഇരുവരും ഞെട്ടിയുണർന്നു. ചിലത് ദേഹത്ത് വന്നിരുന്നാൽ ചൊറിച്ചിലും കറയും ദുർഗന്ധവുമാണ്.
അങ്ങനെ ജനലിനും എയർഹോളിനുമെല്ലാം മെഷ് അടിച്ചു. അപ്പോൾ കോർട്യാർഡിന്റെ ഗ്രില്ലിട്ട മേൽക്കൂരയിലൂടെയായി പ്രാണികളുടെ കടന്നുകയറ്റം. അങ്ങനെ അതും മെഷ് അടിച്ചു. പക്ഷേ അതുകൊണ്ടും പരിഹാരമായില്ല. രാത്രിയായാൽ ഏതെങ്കിലുംവഴി കുറച്ചുപ്രാണികൾ വീടിനുള്ളിൽ നുഴഞ്ഞുകയറും. വൈകുന്നേരമായാൽ മനഃസമാധാനമില്ലാത്ത അവസ്ഥ. ദീർഘകാലം വിദേശത്ത് താമസിച്ചുപരിചയിച്ചതുകൊണ്ട് ഇത്തരം പ്രാണികളെ വീട്ടുകാർക്ക് അറപ്പും ഭയവുമായിരുന്നു.
അതുകൂടാതെ കനത്ത മഴക്കാലത്ത് രണ്ടു പ്രശ്നങ്ങൾ കൂടി വിരുന്നെത്തി. ഒന്ന് വയൽ നിറഞ്ഞു മുറ്റത്തേക്കും സിറ്റൗട്ടിലേക്കും ഒഴുകിയെത്തിയ വെള്ളം. വെള്ളമിറങ്ങിപ്പോകുമ്പോൾ പായലും മറ്റും അഴുകി ചുറ്റും ദുർഗന്ധം പരക്കാൻതുടങ്ങി. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും. ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു പ്രശ്‌നവുമുണ്ടായി. വെള്ളക്കെട്ട് മൂലം സെപ്റ്റിക് ടാങ്ക് ബ്ലോക്കാകുന്നത് പതിവായി. ക്ളോസറ്റ് ഫ്ലഷ്ചെയ്താൽ വൃത്തിയാകുന്നില്ല.
അങ്ങനെ പലവഴിക്ക് പ്രശ്നങ്ങൾ മൂലം മനഃസമാധാനം നഷ്ടമായപ്പോൾ രാജുവും ഭാര്യയും ഒരുതീരുമാനമെടുത്തു. പച്ചപ്പും ഹരിതാഭയും ആസ്വദിച്ചത് മതി. ഈ വീടുവിറ്റ് പ്രാണികളും വെള്ളക്കെട്ടുമില്ലാത്ത എവിടെയെങ്കിലും വീട്/ ഫ്ലാറ്റ് വാങ്ങാം. അങ്ങനെ താമസിയാതെ അവർ വീടുവിറ്റ് നഗരത്തിൽ ഒരു ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തു.
***
പുറമെ കാണുന്നത് പോലെയല്ല പലകാര്യങ്ങളും. ഒരുകാലത്ത് വാട്ടർഫ്രണ്ട്/ റിവർസൈഡ് പ്ലോട്ടുകളോട് മലയാളികൾക്ക് വലിയ ഭ്രമമായിരുന്നു. 2018ലെ മഹാപ്രളയത്തിനുശേഷം പുഴയുടെ സമീപത്തെങ്ങും ആർക്കും സ്ഥലം വേണ്ടാത്ത അവസ്ഥയായി. ആവർത്തിക്കുന്ന പ്രളയം മൂലം പലരും കിട്ടുന്നവിലയ്ക്ക് വീടും സ്ഥലവും വിറ്റൊഴിയാൻ ശ്രമിക്കുന്നു. എന്നാൽ ആർക്കും വേണ്ടതാനും. ചുറ്റുപാടിന്റെ ആകർഷണീയത മാത്രം കണ്ട് സ്ഥലംവാങ്ങരുത്. വീടുപണിയാൻ സ്ഥലംവാങ്ങുമ്പോൾ വളരെയധികം ആലോചനകളും പരിശോധനകളും വേണം എന്നതാണ് ഗുണപാഠം.
English Summary- Importance of Plot Selection- Veedu Experience