'വീടുപണി' എന്നുപറഞ്ഞാൽ അനുഭവങ്ങളുടെ ഒരു സർവകലാശാലയാണ്. എത്ര ശ്രദ്ധിച്ചാലും തെറ്റുകളും കുറ്റങ്ങളും സംഭവിക്കാം. എന്നിരുന്നാലും വീടുപണിയിൽ ഒരാൾക്ക് പറ്റുന്ന അബദ്ധങ്ങളും തെറ്റുകളും മറ്റുള്ളവർക്ക് ഗുണപാഠമാകണം. അത്തരമൊരു അനുഭവം പറയാം...
വീട്ടുടമസ്ഥന്റെ ചങ്ങാതിയാണ് ടൈൽ വിരിച്ചത്. ചങ്ങാതിയല്ലേ ലാഭത്തിൽ ചെയ്ത് തരുമെന്ന് വിചാരിച്ചു ടിയാൻ. പോരാത്തതിന് കോവിഡ് കാലത്ത് പണിയില്ലാതെ ഇരിപ്പായിരുന്നു ചങ്ങാതി. ചെറുതും വലുതുമായ യുദ്ധങ്ങൾക്കും വാഗ്‌വാദങ്ങൾക്കുംശേഷം വിജയകരമായി പണി കഴിഞ്ഞു.
ചങ്ങാതി ഒടുവിലത്തെ ബില്ല് തയ്യാറാക്കി ഉടമസ്ഥന് അയച്ചുകൊടുത്തു. ടൈൽ വിരിക്കാൻ 20 രൂപ, സ്കർട്ടിങ് 20 രൂപ, ഗ്രാനൈറ്റ് വിരിക്കാൻ 60 രൂപ, എപ്പോക്സി 20 രൂപ..അങ്ങനെ ലിസ്റ്റ് നീണ്ടു...മോൾഡിങ്, ലിപ്പിങ് അങ്ങനെ ആകെ രണ്ടേകാൽ ലക്ഷം രൂപ.
ഒടുവിൽ വീട്ടുടമസ്ഥൻ ചങ്ങാതിയെ ചർച്ചയ്ക്ക് വിളിച്ചു. 25000 രൂപ കിഴിവ് തരാൻ താണുകേണപേക്ഷിച്ചു. പരിസരത്ത് 15 രൂപയ്ക്ക് ചെയ്യാനാളുണ്ടായിരുന്നുവെന്ന് ചങ്ങാതിയെ ഓർമിപ്പിക്കുകയും ചെയ്തു വീട്ടുടമസ്ഥൻ. പറ്റില്ലെന്ന് ചങ്ങാതി. പറഞ്ഞ പണംതന്നെ ചങ്ങാതി വാങ്ങി സ്ഥലം വിട്ടു. ഒടുവിൽ ചങ്ങാത്തം പൊളിഞ്ഞു.
'എത്ര മാത്രം ഞാനവനെ സഹായിച്ചതാണെന്ന' ആത്മഗതത്തിൽ ചങ്ങാതിയുടെ ഫോൺ നമ്പർ തന്റെ ഫോണിൽ നിന്ന് വിട്ടുടമസ്ഥൻ ഡിലീറ്റ് ചെയ്തു.
ഗുണപാഠം :
ചങ്ങാതിയേയും ബന്ധുവിനേയും ഉടമസ്ഥൻ നേരിട്ട് വിളിച്ച് കൃത്യമായി തുക പറയാതെ അല്ലെങ്കിൽ കൃത്യമായ കരാറില്ലാതെ പണിയിപ്പിച്ചാൽ 'പണി'കിട്ടും. പണം പോവും നാണവുംകെടും. മേൽപറഞ്ഞത് എന്റെ അനുഭവത്തിലുള്ള ഒരുകാര്യം മാത്രമാണ്. പരിചയക്കാർ ചെയ്യുന്ന എല്ലാ പണികളും ഇതുപോലെ ട്രാജഡിയാകുമെന്ന് പറയാനൊന്നും ശ്രമിക്കുന്നില്ല.
English Summary- House Construction Disputes- Experience