ADVERTISEMENT

വീട് നിർമ്മിക്കാൻ എൻജിനീയർക്ക് 'വെറുതെ' പണം കൊടുക്കേണ്ടതില്ല എന്ന് പൊതുധാരണയെപ്പറ്റി നാം ഏറെ ചർച്ച ചെയ്തതാണ്. ആ പണമുണ്ടെങ്കിൽ വീടിനു വേണ്ടുന്ന മറ്റനേകം കാര്യങ്ങൾ ചെയ്യാമല്ലോ. ന്യായമായും ശരിയെന്നു തോന്നുന്ന ഈ അഭിപ്രായത്തിന് നല്ല വേരോട്ടമുണ്ട് കേരളത്തിൽ.

10 ലക്ഷം ചെലവഴിച്ച് കുഞ്ഞുവീടുവച്ചവരും 80 ലക്ഷം ചെലവഴിച്ച് വലിയ വീട് വച്ചവരും വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്: ഇതെല്ലാം എന്റെ ഐഡിയയിൽ ഞാൻതന്നെ പണിക്കാരെകൊണ്ട് ചെയ്യിപ്പിച്ചതാണെന്ന്...എൻജിനീയറും ഡിസൈനറും എല്ലാം ഞാൻതന്നെ!..

നല്ലത്. ആരുടെയെങ്കിലും ഒരു ഐഡിയയുണ്ടല്ലോ അതുമതി. പക്ഷേ ഒരു ഐഡിയയുമില്ലാത്തവരോ? അവർക്കും കുഴപ്പമൊന്നുമില്ല.

സിമന്റിട്ട് കലക്കി ഒന്നിന് മുകളിൽ ഒന്നായി കട്ട വച്ചുപോയാൽ ഭിത്തിയായി. കുറച്ച് കൂടുതൽ സിമന്റ്, മണൽ, മെറ്റൽ, കൂടുതൽ കമ്പി എല്ലാം കൂട്ടിചേർത്ത് തട്ടിൻമേൽ നിരത്തിയാൽ സ്ലാബുമായി. അത്രയും മതി..ഏത് നിർമിതിയും അങ്ങനെ നിന്നോളും. സിമന്റും കമ്പിയും കൂട്ടിയാൽ ഉറപ്പുകിട്ടുമെന്ന ധാരണയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

പക്ഷേ കഥയതല്ല. പറയാൻ വന്ന വിഷയം മറ്റൊന്നാണ്.

ഇരുനില വീട് പൊളിച്ചു കൊണ്ടിരിക്കുമ്പോൾ സ്ലാബ് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചിട്ടുണ്ട് പാലക്കാട്ട്. എന്തെങ്കിലും പാഠം നാം പഠിക്കുമോ?...നമുക്ക് വീട് / കെട്ടിടം പൊളിക്കുന്നതിനെപ്പറ്റി എന്തെങ്കിലും ധാരണയുണ്ടോ?...

വീട് പൊളിക്കുന്നതിന് എൻജിനീയർ വേണമോ? വേണ്ടെന്ന അതേ ഉത്തരം തന്നെയായിരിക്കും കിട്ടുക. പൊളിക്കാനെന്തിന് എൻജിനീയർ. വീട് പൊളിക്കാൻ തൊഴിലാളികളും ചിലയിനം യന്ത്രങ്ങളുമുണ്ടെങ്കിൽ സംഗതി റെഡി. ഇതാണ് പൊതുബോധം. പക്ഷേ ആ പൊതുബോധം വൻഅബദ്ധമാണ് എന്നാണ് പലപ്പോഴായി ഉണ്ടാകുന്ന ദുരന്തങ്ങളിൽ നിന്ന് മനസിലാക്കേണ്ടത്. 

ഏത് പൊളിക്കലിന്റെയും ആദ്യപടി വൈദ്യുതി / പ്ലമിങ് കണക്‌ഷൻ വിച്ഛേദിക്കലാണ്. സ്ലാബുകളുടെ ഉറപ്പ്, അതിനകത്തിട്ടിരിക്കുന്ന കമ്പികളെപ്പറ്റിയുള്ള ധാരണ, പൊളിച്ചു തുടങ്ങേണ്ടുന്ന ഇടം പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ താഴോട്ട് വീഴുമ്പോളുണ്ടാകുന്ന ആഘാതം, മുകൾനില പൊളിക്കുമ്പോർ താഴത്തെ നിലയിൽ ഒരു ജോലിയും ചെയ്യരുതെന്ന സാമാന്യ ബോധം, ഭിത്തി പൊളിക്കുമ്പോൾ മൂലകൾ ആദ്യം പൊളിച്ചുകളയരുതെന്ന അറിവ്, കാന്റിലിവർ ബീമുകൾ പൊളിക്കുമ്പോൾ ആദ്യം കൗണ്ടർ ബീം പൊളിക്കാതിരിക്കാനുള്ള അറിവ്, സ്വതന്ത്രമായി നിൽക്കുന്ന ഭിത്തിയിൽ ഏണി ചാരിവച്ച് അതിൽ നിന്ന് ജോലി ചെയ്യാതിരിക്കൽ, ഭിത്തിയിലിരുന്ന് ജോലി ചെയ്യാതിരിക്കൽ, സ്കഫോൾഡിങ് വച്ച് അതിൽ നിന്നുമാത്രമേ ജോലികൾ ചെയ്യാവൂ എന്ന് ഉറപ്പുവരുത്തൽ, താഴെ മൂർച്ചയുള്ളതോ കൂർത്തതോ ആയ വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തൽ, ജനാലകളിലെയും വാതിലുകളിലെയും ഷട്ടറുകൾ ഇളക്കി മാറ്റിവയ്ക്കൽ, കാലാവസ്ഥ പരിഗണിക്കൽ, ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്നതിന് സിവിൽ എൻജിനീയറിങ് ധാരണയുള്ളവരുടെ സേവനം മുഴുവൻസമയവും ഉണ്ടെന്ന് ഉറപ്പുവരുത്തണം.

പൊളിക്കുന്ന വസ്തുക്കളുടെ പുനരുപയോഗ സാധ്യതയെപ്പറ്റിയും മേൽനോട്ടം വഹിക്കുന്നവർക്ക് ധാരണയുണ്ടാവുന്നത് നല്ലതാണ്. വാതിലുകൾ ജനാലകൾ എന്നിവ ഉറപ്പിക്കാൻ മാത്രമായി ഭിത്തികൾ പൊളിച്ച് ചില പുതുക്കലുകളാണ് ചെയ്യുന്നതെങ്കിൽ ലിന്റലുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ലിന്റലുകളില്ലെങ്കിൽ കമാനാകൃതിയിൽ മാത്രമേ കട്ടിങ് മെഷീൻ ഉപയോഗിച്ച് മുറിക്കാവൂ. 

ആ ഭാഗത്ത് വരുന്ന സ്ലാബുകളുടെ ഭാരം ഭിത്തിയിലേക്ക് വരാതിരിക്കാൻ താൽക്കാലിക താങ്ങുകൾ കൊടുക്കുകയുമാവാം. ഇത്തരത്തിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിച്ച് കർശനമായ മേൽനോട്ടത്തിൽ വേണം ഏതൊരു പൊളിക്കലും നടത്താവൂ. അതല്ലാതെ ധനലാഭം മാത്രം നോക്കി, ഇത്തരം ജോലികളെ സമീപിച്ചാൽ ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടി വന്നേക്കാം. എത്ര ചെറിയ നിർമിതിക്കും എത്ര ചെറിയ പൊളിക്കലിനും പുറകിൽ ഒരു എൻജിനീയറിങ്ങുണ്ട്, ഉണ്ടാവണം എന്ന് മനസിലാക്കിയാൽ ഏവർക്കും നന്ന്.

വാൽക്കഷ്ണം: റോഡിൽ ബൈക്കോടിക്കുമ്പോൾ ഇപ്പോൾ പൊലീസിനെയും ക്യാമറയേയും ഭയന്നിട്ടെങ്കിലും തലയിൽ ഹെൽമെറ്റ് വയ്ക്കാൻ നിർബന്ധിതരായിട്ടുണ്ട് നാം. പക്ഷേ, കേരളത്തിലെ വർക്ക് സൈറ്റുകളിൽ ഹെൽമറ്റ് വച്ച് മാത്രമേ ജോലി ചെയ്യാവൂ എന്ന നിയമമുണ്ടാക്കാൻ എത്ര കാലമെടുക്കുമായിരിക്കും. അടുത്തൊന്നും അത് പ്രതീക്ഷിക്കേണ്ടതില്ല. ഹെൽമറ്റിന്റെ കാര്യത്തിൽ എൻജിനീയറും ജോലിക്കാരും ഉദ്യോഗസ്ഥരും ഒക്കെ ഇപ്പോഴും ശുദ്ധനിരക്ഷരരാണ് ഒരേമനസ്സുമാണ്..

English Summary- Do we need Engineer for House Construction/ Demolition?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com