വീട് പരിപാലനം തലവേദനയാകില്ല; ലളിതമാക്കാനുള്ള 7 വഴികൾ

house-maintenance
Representative Image: Photo credit: Frank Oppermann/ Shutterstock.com
SHARE

വിലപിടിപ്പുള്ള ഏത് സാധനം വാങ്ങുമ്പോഴും അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് വിശദീകരിക്കുന്ന ‘യൂസേഴ്സ് മാന്വൽ’ ഒപ്പം ലഭിക്കും. ഏറ്റവും വിലകൊടുത്ത് നമ്മൾ വാങ്ങുന്ന വീടിനൊഴിച്ച്. സൂക്ഷ്മതയോടെ ഉപയോഗിക്കുകയും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തില്ലെങ്കിൽ വീടും വീട്ടുപകരണങ്ങളും പണിമുടക്കിയേക്കാം. അധികം സമയമോ അധ്വാനമോ ചെലവഴിക്കാതെ അറ്റകുറ്റപ്പണികൾ ലളിതമാക്കാനുള്ള 7 വഴികൾ..

1. കാർപറ്റ്, റഗ് എന്നിവ വൃത്തിയാക്കാനായി രണ്ട് മാസത്തിലൊരിക്കൽ 30 മിനിറ്റ് മാറ്റിവയ്ക്കാം. നമ്മുടെ കാലാവസ്ഥയിൽ ഇവയിൽ പൊടി അടിയാനും ഈർപ്പം മൂലം ഫംഗസ് പിടിക്കാനുമുള്ള സാധ്യത കൂടുതലാണ് എന്നോർക്കണം. വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുകയോ വീടിനു പുറത്തെത്തിച്ച് നല്ലതുപോലെ തട്ടിക്കുടയുകയോ വേണം. അതിനുശേഷം വെയിലത്തിട്ട് ഉണക്കണം. വാതിൽക്കലിടുന്ന ചവിട്ടി രണ്ട് മാസത്തിലൊരിക്കലെങ്കിലും കഴുകി ഉണങ്ങണം. തുണി, റബർ, കയർ എന്നിങ്ങനെ കഴുകാവുന്ന മെറ്റീരിയൽ കൊണ്ടുള്ള ചവിട്ടിയാണ് പുറംവാതിലുകളിലേക്ക് അനുയോജ്യം.

2. ആഴ്ചയിൽ ഒരിക്കലെങ്കിലും അണുനാശിനി ചേർത്ത വെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടയ്ക്കുകയാണ് തറ വൃത്തിയായി സൂക്ഷിക്കുവാനുള്ള മാർഗം. ടൈൽ, ഗ്രാനൈറ്റ് തുടങ്ങിയവയിലെ കറയും ചെളിയും കളയാൻ ഒരുപാട് പൊടിക്കൈകളുണ്ട്. ഉപ്പ്, ബേക്കിങ് സോഡ, വിനാഗിരി എന്നിവ തുല്യ അളവിൽ യോജിപ്പിച്ച ശേഷം ടൈലിലെ അഴുക്കു പിടിച്ച ഭാഗത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം ഇവിടം ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ കഴുകുക. അഴുക്ക് മാറിക്കിട്ടും. ടൈലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ‘സ്റ്റെയിൻ റിമൂവർ’ വിപണിയിൽ ലഭ്യമാണ്. ആസിഡിന്റെ അംശം കൂടിയ സ്റ്റെയിൻ റിമൂവർ ഉപയോഗിച്ചാൽ നിറം മങ്ങാൻ സാധ്യതയുണ്ട് എന്നതാണ് ഒരു അപകടം. അതിനാൽ ഓരോ ടൈൽ കമ്പനിക്കാരും ശുപാർശ ചെയ്യുന്ന സ്റ്റെയിൻ റിമൂവർ തന്നെ ഉപയോഗിക്കുകയാണ് നല്ലത്. 

3. വർഷത്തിലൊരിക്കലെങ്കിലും വീട്ടിലെ ലൈറ്റുകൾ എല്ലാം അഴിച്ചെടുത്ത് തുടച്ചു വൃത്തിയാക്കണം. വോൾലൈറ്റ്, ഹാങിങ് ലൈറ്റ് എന്നിവയിലെല്ലാം പൊടി അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. ഇവയുടെ ഫിക്സ്ചറുകൾ സൂക്ഷ്മതയോടെ അഴിച്ചെടുത്ത് സോപ്പുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം. തുണികൊണ്ട് തുടച്ച് നല്ലതുപോലെ ഉണങ്ങിയ ശേഷം തിരികെ പിടിപ്പിക്കാംഷാൻഡ്ലിയറിലെ പൊടി കളയാനും എളുപ്പവഴിയുണ്ട്. വെള്ളത്തിൽ കുറച്ച് ഡിറ്റർജന്റ് കലക്കി മുകളിലെ പത എടുത്ത് ഷാൻഡ്ലിയറിന്റെ മുത്തുകളിൽ തേക്കുക. മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം ഏണിയിൽ കയറിനിന്ന് വേണം ഇങ്ങനെ ചെയ്യാൻ. കുറച്ചുനേരം കഴിയുമ്പോൾ ഷാൻഡ് ലിയറിന്റെ മുത്തുകൾക്കു നടുവിലെ സുഷിരത്തിലൂടെ വെള്ളവും ചെളിയും ഒലിച്ചിറങ്ങുന്നത് കാണാം. ഉണങ്ങിയ തുണികൊണ്ട് മുത്തുകൾ തുടയ്ക്കുന്നതോടെ ഷാൻഡ്ലിയറിന് നല്ല തിളക്കം ലഭിക്കും. 

4. രണ്ട് മാസത്തിലൊരിക്കൽ ബാത്റൂമിലെ ഷവർ ഹെഡ് അഴിച്ചെടുത്ത് വൃത്തിയാക്കിയാൽ വെള്ളം ചീറ്റുന്നതിന്റെ ശക്തി കുറയില്ല. ഫ്ളഷ് ടാങ്കിനുള്ളിലും പൊടിയും ചെളിയും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇതും ഇടയ്ക്കിടെ വൃത്തിയാക്കണം. ബാത്റൂമിലേക്ക് വെള്ളമെത്തുന്ന പൈപ്പിൽ ‘സ്റ്റെയിൻ ഫിൽറ്റർ’ പിടിപ്പിച്ചാൽ ഷവറിലും പൈപ്പിലുമൊക്കെ അഴുക്ക് അടിയുന്നത് തടയാം. ഇടയ്ക്കിടെ ഫിൽറ്റർ ഊരിയെടുത്ത് വൃത്തിയാക്കിയാൽ മതിയാകും. കുളിക്കുന്ന വെള്ളം ശരിയായി ഒഴുകിപ്പോകാത്തതും മിക്ക വീടുകളിലെയും പ്രശ്നമാണ്. ഫ്ളോർ ട്രാപ്പിൽ തലമുടി അടിഞ്ഞു കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. ആഴ്ചയിലൊരിക്കലെങ്കിലും ഫ്ളോർ ട്രാപ്പിന്റെ മൂടി എടുത്തുമാറ്റി ഉള്ളിലെ തലമുടിയും അഴുക്കും നീക്കം ചെയ്യണം.

5. സിങ്കിൽ നിന്ന് പുറത്തേക്കുള്ള പൈപ്പിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റും അടിഞ്ഞ് വെള്ളം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. ചിലപ്പോൾ ദുർഗന്ധവും ഉണ്ടാകാം. ഇതൊഴിവാക്കാൻ ഒരെളുപ്പവഴിയുണ്ട്. കുറച്ച് വിനാഗിരി ഒരു പാത്രത്തിലൊഴിച്ച് ഫ്രീസറിൽ വയ്ക്കുക. ഐസ് രൂപത്തിലായ ഇത് പൊട്ടിച്ച് സിങ്കിൽ വിതറുക. വിനാഗിരി അലിഞ്ഞ് ഒഴുകിയ ശേഷം കുറച്ച് ചൂടുവെള്ളമൊഴിച്ച് സിങ്ക് കഴുകാം. കുഴലിൽ പറ്റിപ്പിടിച്ചിട്ടുള്ള മാലിന്യങ്ങൾ എല്ലാം മാറിക്കിട്ടും. മൂന്ന് മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

6. തടികൊണ്ടുള്ള വാതിലുകളും ജനാലകളും മൂന്ന് മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം. ആദ്യം നനഞ്ഞ തുണികൊണ്ടും പിന്നീട് ഉണങ്ങിയ തുണികൊണ്ടും തുടയ്ക്കാം. ഗ്ലാസ് ക്ലീനർ അല്ലെങ്കിൽ സോപ്പ് വെള്ളം കൊണ്ട് കഴുകിയ ശേഷം ഗ്ലാസ് വൈപ്പർ ഉപയോഗിച്ച് വടിച്ചെടുത്ത് ജനൽ, പാർട്ടീഷൻ എന്നിവിടങ്ങളിലെ ഗ്ലാസ് വേഗത്തിൽ വൃത്തിയാക്കാം. ഗ്ലാസ് വൈപ്പർ, ഗ്ലാസ് മോപ്പർ എന്നിവ വാങ്ങാൻ ലഭിക്കും.

7. കാബിനറ്റ്, അവ്ൻ, ഫ്രിഡ്ജ് എന്നിവയുടെ കട്ലറി ട്രേ നനഞ്ഞ തുണികൊണ്ട് തുടച്ചാൽ കാലക്രമേണ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ട്. ‘റസ്റ്റ് ക്ലീനർ’ പുരട്ടിയ ശേഷം ഉണങ്ങിയ കോട്ടൺ തുണികൊണ്ട് വൃത്തിയാക്കിയാൽ അഴുക്കും ചെളിയും മാറിക്കിട്ടും. തുരുമ്പിക്കുകയുമില്ല. രണ്ടുമാസത്തിലൊരിക്കൽ ഇങ്ങനെ വൃത്തിയാക്കാം.  ആഴ്ചയിൽ ഒരു കിച്ചൻ കാബിനറ്റ് വീതം വൃത്തിയാക്കുക. ഇതൊരു കഠിന ജോലിയായി അനുഭവപ്പെടില്ല. ഉള്ളിലെ സാധനങ്ങൾ എല്ലാം പുറത്തെടുത്ത് തുടച്ചു വൃത്തിയാക്കിയാൽ പാറ്റയുടെയും പല്ലിയുടെയും ശല്യം കുറയും. എംഡിഎഫ്, പ്ലൈവുഡ് എന്നിവ നനഞ്ഞ തുണികൊണ്ട് തുടച്ചാൽ കേടുവരും എന്നകാര്യം ഓർക്കണം.

വീട് വിഡിയോസ് കാണാം

English Summary- House Maintenance Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS