ADVERTISEMENT

കുറച്ചുകാലം മുൻപുവരെ പഴയ വീടിനെ ചോർച്ചയിൽ നിന്നും രക്ഷിക്കാനാണ് മലയാളികൾ വീട്ടിൽ ട്രസ് റൂഫിങ് ചെയ്തിരുന്നത്. എന്നാൽ കാലം പുരോഗമിച്ചതോടെ ഇതിന്റെ ബഹുവിധ സാധ്യതകൾ മലയാളികൾ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഏതൊക്കെയാണ് എന്ന് നോക്കാം..

1. സ്‌റ്റോറേജ് സ്‌പേസ്...

പണ്ടൊക്കെ വീടുകളുടെ കൂടെപ്പിറപ്പായി ഔട്ട്ഹൗസുകൾ ഉണ്ടായിരുന്നു. പണിസാധനങ്ങളും പത്തായവും ചെറിയൊരു അടുപ്പുമെല്ലാം ഇതിൽ ഉണ്ടായിരുന്നു. ഇപ്പോൾ സ്ഥലത്തിന് തീവിലയായതോടെ ചെറിയ പ്ലോട്ടുകളിൽ വയ്ക്കുന്ന വീടുകളിൽ ഔട്ട്ഹൗസുകൾ അപ്രസക്തമായി. നിരപ്പായി വാർത്ത വീടുകളിൽ ട്രസ് റൂഫിങ് ചെയ്താൽ മുകൾനില ഒരു സ്‌റ്റോറേജ് സ്‌പേസാക്കി മാറ്റാം. പണിസാധനങ്ങളും പഴയ ഫർണിച്ചറുകളും എല്ലാം ഇവിടേക്ക് മാറ്റാം.

2. യൂട്ടിലിറ്റി ഏരിയ...

മൾട്ടിപർപ്പസ് ഏരിയ ആക്കി മാറ്റാം എന്നതാണ് ട്രസ് റൂഫിങ്ങിന്റെ മറ്റൊരു ഗുണം. വാഷിങ് മെഷീൻ ഇവിടെ നൽകിയാൽ തുണിനന ഇവിടേക്ക് മാറ്റാം. ഒരു അയ കെട്ടി തുണികൾ ഇവിടെ ഉണക്കാനിടാം. തേപ്പു മേശയും ഇവിടെ നൽകാം.

3. സ്വിമ്മിങ് പൂൾ

വീട്ടിൽ ഒരു സ്വിമ്മിങ് പൂൾ വേണമെന്നുണ്ട്. പക്ഷേ സ്ഥലമില്ല. എന്തുചെയ്യും? നേരെ ട്രസ് റൂഫിങ് ചെയ്ത് മുകൾനില സ്വിമ്മിങ് പൂൾ ആക്കിമാറ്റാം. അതിനു മുൻപ് മേൽക്കൂരയുടെ ഉറപ്പ് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ചോർച്ചയ്ക്കുള്ള സാധ്യതയും ഒഴിവാക്കണം. ഇപ്പോൾ പെട്ടെന്ന് കൊണ്ടുവന്നു സ്ഥാപിക്കാവുന്ന പോർട്ടബിൾ റെഡിമെയ്ഡ് പൂളുകളും വിപണിയിൽ ലഭ്യമാണ്. വാട്ടർ ടാങ്കിനുള്ള ഇടവും ട്രസ്സിൽ നൽകാം. 

4. പാർട്ടി ഏരിയ

ചെറിയ സ്ഥലത്തുള്ള വീടുകളിൽ വിവാഹമോ മറ്റോ നടക്കുമ്പോൾ അതിഥികളെ സൽക്കരിക്കാനുള്ള ഇടമാക്കി ട്രസ് റൂഫ് മാറ്റാം. അതുപോലെ വീട്ടുകാർക്ക് ഒന്നിച്ചു കൂടാനും കുട്ടികൾക്ക് കളിക്കാനുമുള്ള ഇടമായും ഇത് മാറ്റിയെടുക്കാം.

5. വരുമാനമാർഗം

പണമുണ്ടാക്കാനുള്ള ആശയങ്ങളുണ്ട്, പക്ഷേ സ്ഥലമില്ല. വാടക കൊടുത്ത് തുടങ്ങാനുള്ള പണവുമില്ല എന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ വീടിന്റെ മേൽക്കൂര തന്നെ ഉത്തരമാണ്. ട്രസ് റൂഫ് ചെയ്ത ശേഷം കുട്ടികൾക്ക് ട്യൂഷൻ എടുക്കാനുള്ള മുറിയാക്കി മാറ്റാം. വിരമിച്ച അധ്യാപകർക്ക് ഇത് നല്ലൊരാശയമാണ്. അതുപോലെ പാട്ട്, യോഗ, ഡാൻസ് തുടങ്ങി നിങ്ങൾക്ക് അറിവുള്ള എന്തും മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന സ്ഥലമാക്കി മുകൾനില മാറ്റാം. തയ്യൽ യൂണിറ്റ്, ചെറുകിട ഭക്ഷണ ഉൽപാദന യൂണിറ്റ് എന്നിവ തുടങ്ങിയവർ നിരവധിയുണ്ട്. മറ്റു ചെറുകിട സംരംഭകർക്ക് മുകനില വാടകയ്ക്ക് നൽകിയും ആദായം നേടാം. പുറത്തു നിന്ന് നേരിട്ട് പ്രവേശിക്കാൻ പാകത്തിൽ വീതിയുള്ള ഗോവണി നൽകാൻ ശ്രദ്ധിക്കണം. 

English Summary- Truss Roofing in Kerala Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com