ADVERTISEMENT

ഏറെ നാളായി വിളിയില്ലായിരുന്നു. ഒരു ക്ലയന്റാണ്. അദ്ദേഹത്തിന്റെ വീടിന്റെ സ്ട്രക്ചറൽ വർക്കിന് മേൽനോട്ടം വഹിച്ചവനാണ് ഈയുള്ളവൻ. സന്ദർശനാടിസ്ഥാനത്തിലാണ് വേതനം. സ്ട്രക്ചറൽ പണി നടക്കുമ്പോൾ എനിക്കറിയാവുന്ന ഒരു വിധപ്പെട്ട സിവിൽ എൻജിനീയറിങ് വിഷയങ്ങൾ മുഴുവൻ പറയേണ്ടിവന്നിട്ടുണ്ട്.

ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുമെന്നൊന്നും പറയാനാവില്ലല്ലോ. പണി നടക്കുമ്പോൾ ഒരേ സമയം ജോലിക്കാരോടും വീട്ടുടമസ്ഥരോടും കേശവമ്മാമയോടുപോലും പല കാര്യങ്ങളും വിശദീകരിക്കേണ്ടി വരും. അതാണതിന്റെ മര്യാദ. ക്ലയന്റിന് സംശയം വരുമ്പോൾ സൈറ്റ് വിസിറ്റിന് ക്ഷണിക്കുന്നു. പോകുന്നു. കാര്യങ്ങൾ പറയുന്നു. വരുന്നു. അതാണ് രീതി.

ഫോൺ, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളും ഇതിനുപയോഗിക്കാറുണ്ട്. പക്ഷേ വേതനമുണ്ടാവില്ലെന്നുമാത്രം. പിന്നെ മാസങ്ങളായി വിളിയൊന്നും വന്നില്ല. അദ്ദേഹത്തിന്റെ വിളിയാണ് ഈ വെളുപ്പാൻ കാലത്ത് വന്നിരിക്കുന്നത്. വിഷയം ലളിതമാണ്.

രണ്ടാംനിലയുടെ റൂഫ് സ്ലാബിൽ 1000 ലീറ്റർ കപ്പാസിറ്റിയുള്ള രണ്ട് ടാങ്കുകൾ വയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ആ രണ്ടുടാങ്കുകളും രണ്ടാം നിലയുടെ റൂഫ് ലെവലിൽ നിന്ന് 12 അടി ഉയരത്തിലേക്ക് വയ്ക്കണം. ആയതിനു വേണ്ടി 12 അടി ഉയരമുള്ള സ്റ്റാന്റുണ്ടാക്കി വയ്ക്കുന്നതിൽ എന്തെങ്കിലും തകരാറുണ്ടോ ? അതാണ് അദ്ദേഹത്തിന്റെ ചോദ്യം.

എന്തിനാണ് ഇത്രയും ഉയരത്തിൽ ടാങ്ക് വയ്ക്കുന്നത്? 

പ്ലമർ പറഞ്ഞു അത്രയും ഉയരത്തിൽ വയ്ക്കണമെന്ന്.

ഓഹോ പ്ലമർ അങ്ങനെ പറഞ്ഞോ?

പറഞ്ഞു.

എന്നാൽ എനിക്കങ്ങനെ പറയാൻ കഴിയില്ല സർ.

എന്തിനാ അത്രയും ഉയരം ?

എങ്കിലേ പ്രഷർ കിട്ടുകയുള്ളു.

എന്തിനാ ഇത്രയും പ്രഷർ ?

ഷവറിനും ഫോസെറ്റിനും ഇത്രയും ഉയരമില്ലെങ്കിൽ ഫോഴ്സുണ്ടാവില്ലല്ലോ. ആ പ്രദേശത്ത് ഇത്രയും ഉയരത്തിൽ ടാങ്ക് വച്ചവരാരെങ്കിലുമുണ്ടോ?

ഇല്ല.

അവിടങ്ങളിൽ പ്രഷർ കുറവാണെന്ന് പരാതിയുണ്ടോ?

ഇല്ല.

പിന്നെ?

ക്ലോസെറ്റുകൾക്ക് ഫ്ലഷ് ടാങ്കില്ല. വാൾവ് സിസ്റ്റമാണ്. അതിന് അത്രയും ഉയരം വേണമെന്ന് പ്ലമർ മാത്രമല്ല വിൽപനക്കാരനും പറഞ്ഞു.

ക്ലോസെറ്റ് വാങ്ങിച്ചോ?

വാങ്ങിച്ചു.

എന്തുകൊണ്ടാണ് ഇത്തരം ക്ലോസെറ്റുകൾ വാങ്ങിച്ചത്?

ഭംഗിയുള്ളതുകൊണ്ട്. ഫ്ലഷ് ടാങ്കിന് ധാരാളം പരാതികൾ വരുന്നുണ്ടത്രെ.

ഇത്തരം വാൾവ് സിസ്റ്റത്തിന് പരാതിയില്ലെന്നാണോ ?

ഇല്ലെന്ന് ഗൂഗിളിൽ കാണുന്നുണ്ട്.

ഓകെ.

പ്ലമിങ് വർക്കുകൾ കഴിഞ്ഞോ?

പൈപ്പു വർക്കുകൾ കഴിഞ്ഞു.

പ്ലമറും വിൽപനക്കാരനും അങ്ങനെ പറയുന്നതുകൊണ്ട് എനിക്കും അതുപോലെ പറയാനാവില്ല. രണ്ടാം നിലയുടെ മുകളിൽ 12 അടി ഉയരത്തിൽ രണ്ടായിരം ലീറ്റർ വെള്ളം അതായത് രണ്ടായിരം കിലോ ഭാരം ഉയർത്തിവയ്ക്കുന്നത് ഞാനെന്തായാലും അംഗീകരിക്കുന്നില്ല.

എന്തും എൻജിനീയറിങ്ങിൽ സാധ്യമാണ്. പക്ഷേ അനാവശ്യമായതും മണ്ടത്തരം നിറഞ്ഞതുമായ ഒരു ജോലിയെപ്പറ്റി ചർച്ച ചെയ്യുന്നതേ എനിക്കിഷ്ടമല്ല സാർ. രണ്ടു കുട്ടികളും അച്ചനും അമ്മയും അതായത് 4 പേർക്ക്, താഴെ രണ്ട് മുകളിൽ രണ്ട് എന്ന രീതിയിലാണ് ബാത്ത്റൂമുകൾ ഉള്ളത്. ആ ബാത്ത്റൂമുകൾക്കാണ് രണ്ടാം നിലയിൽ നിന്ന് 12 അടി പൊക്കത്തിൽ ടാങ്ക് വച്ചാലേ ആവശ്യത്തിന് പ്രഷർ കിട്ടുകയുള്ളു എന്ന വാദം വരുന്നത്.

നിങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ പോകുന്നത് താഴത്തെ നില അതായത് ഗ്രൗണ്ട് ഫ്ലോറിലായിരിക്കും. അപൂർവ്വം അവസരങ്ങളിലാവും മുകൾനില ഉപയോഗിക്കുന്നത്. നമ്മൾക്ക് ആവശ്യത്തിനുള്ള പ്രഷറൊക്കെ രണ്ടാം നിലയിൽ നിന്നും ലഭിക്കും. അനാവശ്യമായി ഒരു മെറ്റാലിക് സ്ട്രക്ചർ അതിനു മുകളിൽ പണിയരുത് എന്ന് മാത്രമാണ് എന്റെ എൻജിനീയറിങ് ഉപദേശം.

അങ്ങനെ ആ സംഭാഷണത്തിന് പരിസമാപ്തിയായി എങ്കിലും 12 അടി ഉയരത്തിൽ നിൽക്കുന്ന ആയിരം ലിറ്ററിന്റെ ആ രണ്ടു ടാങ്കുകളാണ് എന്നെ അസ്വസ്ഥമാക്കുന്നത്. ഉയരം, ഇടിമിന്നൽ, കാറ്റ് ഇതൊക്കെ പ്രതിരോധിക്കാൻ വേണ്ടിവരുന്ന ചെലവ്.. ഇതൊക്കെ ആലോചിക്കുമ്പോൾ...'ഏതൊരു എൻജിനീയർക്കുമില്ലേ സാർ ഒരു ഹൃദയമൊക്കെ' എന്ന ആത്മഭാഷണം നടത്താനല്ലാതെ എല്ലാ ക്ലയന്റിനേയും തിരുത്താനൊന്നും എനിക്കല്ല ആർക്കുമാവില്ലല്ലോ.

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Placing Heavy Mettalic Structure for Water tank above House; Mistakes, Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT