വാനുകളിൽ വീട്ടുപടിക്കൽ കൊണ്ടുവന്നു കർട്ടൻ, ഫ്ലോർ മാറ്റ്, മെത്ത തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന ടീമുകളെ എല്ലാവർക്കും പരിചയം കാണും. അടുത്തിടെ വീടുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമഗ്രൂപ്പിൽ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഒരാൾ ഇട്ട അനുഭവത്തിന് താഴെ കമന്റുകളായി നിറഞ്ഞത് അവർക്കെല്ലാം പറ്റിയ അബദ്ധങ്ങളായിരുന്നു. അവയിൽ ചിലത് പങ്കുവയ്ക്കുന്നു.
എന്റെ വൃദ്ധരായ മാതാപിതാക്കളോട് 4 കർട്ടൻ ഫിക്സ് ചെയ്തിട്ട് (വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു ചെയ്തതതാണ് ) 40000 രൂപ ചോദിച്ചു. അച്ഛന് വലിയ തുക കേട്ട ഞെട്ടലിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ശേഷം ബാർഗയിനിലൂടെ 20000 രൂപയിൽ ഉറപ്പിച്ചു. കബോർഡിൽ നിന്ന് അച്ഛൻ രൂപയെടുക്കുമ്പോൾ പുറകിൽ നിലയുറപ്പിച്ചതായും പറഞ്ഞു. വാൻ പോലുള്ള വണ്ടിയിലാണ് മൂന്നുപേരടങ്ങിയ സംഘം വന്നതെന്ന് അമ്മ പറഞ്ഞു. ഉച്ച നേരത്ത് അധികമാരും വീടുകളിൽ ഇല്ലാത്ത സമയത്താണ് വന്നത്.
വിവരമറിഞ്ഞ് ഞാൻ അവർ നൽകിയ രസീതിലെ നമ്പരിൽ കോണ്ടാക്ട് ചെയ്തെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സ്റ്റേഷനിലും ആ രസീത് വച്ച് പരാതി കൊടുത്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പിന്നെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലല്ലോ എന്നതാണ് ആശ്വാസം. മേലിൽ ആരെയും ഇങ്ങനെ വീട്ടിൽ കയറ്റരുതെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
***
രാവിലെ ഞാനും മോനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീട്ടുപടിക്കൽ കർട്ടൻ ടീം മുട്ടിവിളിച്ചു. വേണ്ടെന്ന് പറഞ്ഞു. ഒരുപാട് നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഇറങ്ങിനോക്കി. ജനൽ അളവിന് അടിക്കണക്കാണ് പറഞ്ഞത്. കൃത്യമായി എത്ര രൂപ എന്ന് ചോദിച്ചു ഞാൻ മൊബൈൽ എടുത്തു കണക്ക് നോക്കി 1800 രൂപ. റേറ്റ് ഒന്ന് കൂടി ഉറപ്പിച്ചു. മറന്നു പോവാതിരിക്കാൻ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്തുവച്ചു.
പണി പുരോഗമിച്ചു. ഒരു ജനൽ കഴിഞ്ഞ ഉടനെ എന്റെ മോനെ അളക്കാൻ ടേപ്പ് പിടിക്കാൻ വിളിച്ചു. എനിക്ക് തട്ടിപ്പ് മണത്തു. അളന്നു റേറ്റ് കണക്ക് നോക്കിയല്ലേ വർക്ക് തുടങ്ങിയത് പിന്നെ ഇനി അളക്കുന്നത് എന്തിനാ ചോദിച്ചു. അത് അടി കണക്ക് അല്ലെ sqfeet ന് ആണ് റേറ്റ്. 8000 രൂപ വേണം. തർക്കം തുടങ്ങി. ആളുകൾ കേൾക്കുന്ന നാണക്കേട് ഓർത്തു ഞാൻ പതുക്കെ പറയാൻ പറഞ്ഞു.. അവർ ഒരു തരത്തിലും വിടുന്നില്ല. അഴിച്ചു എടുത്തോളാൻ പറഞ്ഞു. അത് വീണ്ടും ഉപയോഗിക്കാൻ പറ്റില്ലന്ന് അവർ.. ലാസ്റ്റ് രണ്ടും ഉറപ്പിച്ചു മോൻ പറഞ്ഞു 2000 രൂപയിൽ കൂടുതൽ ഒരുരൂപ തരില്ല. ഇത് അഴിച്ചുകൊണ്ടുപോവുകയുംവേണം. ചതിക്കപ്പെട്ട ഓർമ ആയി ഈ വീട്ടിൽ ഇത് കാണാൻ പാടില്ലന്ന്.
അവർ അതും ചെയ്യുന്നില്ല പോകുന്നുമില്ല. ഞാൻ ഫോൺ എടുത്തു പോലീസ് ന്റെ നമ്പർ വിളിച്ചു തുടങ്ങിയപ്പോൾ, പോട്ടെ ഞങ്ങൾക്ക് നഷ്ടം പറ്റി സാരമില്ല 2000 തരാൻ പറഞ്ഞു. അങ്ങനെ കൊടുത്തു വിട്ടു. ഓൺലൈനിൽ സേർച്ച് ചെയ്തപ്പോ 1800 രൂപ തന്നെ വരുന്നുള്ളൂ. പിന്നീടാണ് അറിഞ്ഞത് ഇതേ ടീം ഇവിടെ ഇതേ പോലെ പലരെയും ട്രാപ്പിൽ പെടുത്തി എന്ന്...
***
ഒരിക്കൽ എന്റെ വീട്ടിൽ മാറ്റും കർട്ടൻ ഐറ്റംസുമായി ഒരു ടീം വന്നു. വളരെ വിനയാന്വിതരായാണ് സമീപിച്ചത്. ഞാൻ വേണ്ട വേണ്ട എന്ന് 100 വട്ടം പറഞ്ഞു. 'സാധനം കണ്ടാൽ മതി, ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങിയാൽ മതി' എന്നായി അവർ.
'ശരി, അതൊന്ന് കണ്ടേക്കാം' എന്നു കഷ്ടകാലത്തിന് പറഞ്ഞു പോയി.
എന്നോട് ചോദിക്കാതെ തന്നെ അവന്മാർ സിറ്റൗട്ടിന്റെ അളവിൽ ആ മാറ്റ് കട്ട് ചെയ്തു. ഞാൻ cut ചെയ്യാൻ വരട്ടെ എന്നൊക്കെ പറഞ്ഞിട്ടും അവർ ഗൗനിക്കാതെ cut ചെയ്തു. പിന്നെ അവർക്ക് തോന്നിയ rate ചോദിച്ചു. അത് കേട്ടതും തലകറങ്ങി. പിന്നെ വാക്കുതർക്കമായി. അവസാനം 'പറഞ്ഞതിന്റെ പകുതി വിലയ്ക്ക് ആണെങ്കിൽ ഞാൻ എടുക്കാം' എന്ന് എനിക്ക് പറയേണ്ടിവന്നു. എന്റെ നല്ല ഒരുദിവസം പോയിക്കിട്ടി.
***
വീട്ടിൽ കൊണ്ടുവന്നിരുന്നു. മൂന്നു വ്യത്യസ്ത കോളിറ്റിയുള്ള ഷീറ്റുകൾ കാണിച്ചു. സ്ക്വയർ ഫീറ്റിനു 80, 110, 160 ഇങ്ങനെയായിരുന്നു വിലകൾ. ഒരു ഷോപ്പിൽ ഞാനിവ കണ്ടിട്ടുണ്ടായിരുന്നു. ഇവർ വന്നു ഏറ്റവും വിനയത്തോടെ സംസാരിക്കുകയാണ്. കൂടിയത് തന്നെ ഇട്ടോളൂ കൂടുതൽ ലാസ്റ്റ് ചെയ്യും എന്നൊക്കെ പറയുകയാണ്. ഞാൻ ആ ഷോപ്പിലേയ്ക്ക് വിളിച്ചു ഏറ്റവും കൂടിയതിനു അവിടെ 70 രൂപ!! കള്ളിവെളിച്ചത്തായി. ഉടനെ അവർ അതേ റേറ്റിനു ചെയ്ത് തരാം എന്ന് പറഞ്ഞു ചെയ്തു തന്നു, മറ്റൊരോടും പറയരുത് എന്നും പറഞ്ഞു പോയി. ചെയ്ത സംഭവം കൊള്ളാം, നന്നായിട്ടുണ്ട്. പക്ഷേ എനിക്കന്നേരം വിളിച്ചു അന്വേഷിക്കാൻ തോന്നിയില്ലെങ്കിൽ ഇരട്ടിയിലധികം തുക കൊടുക്കേണ്ടി വന്നേനെ. എല്ലാവരും ജാഗ്രത പാലിക്കുക.
***
ഇവരുടെ അടിസ്ഥാന പ്രവർത്തനരീതി ഇങ്ങനെയാണ്. നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വാനുകളിൽ കയറ്റി രാവിലെ യാത്രതിരിക്കും. കൂടുതലും പ്രായമായവർ, സ്ത്രീകൾ തുടങ്ങിയവരുള്ള വീടുകളാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ജോലിചെയ്യുന്ന ആളുകളുള്ള വീടാണെങ്കിൽ അവർ പോയതിന് ശേഷമാണ് ഇവർ സമീപിക്കുക. നാക്ക് കൊണ്ട് മറ്റുള്ളവരെ വീഴ്ത്താൻ കഴിവുള്ളവർ ആയിരിക്കും ഇക്കൂട്ടത്തിൽ കൂടുതലും. സാങ്കേതികമായ കണക്കുകൾ പറഞ്ഞായിരിക്കും ഇവർ റേറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. വിരിച്ചുകഴിഞ്ഞതുകൊണ്ട് ഇവർ ചോദിക്കുന്ന പണം കൊടുക്കാൻ ആളുകൾ പ്രതിരോധത്തിലും നിർബന്ധിതരുമായി മാറും.
മാത്രമല്ല, കച്ചവടം എന്ന വ്യാജേന ഉൾപ്രദേശങ്ങളിലെ വീടുകളിലെ അവസ്ഥയും, മോഷണമോ പിടിച്ചുപറിയോ നടത്തി രക്ഷപ്പെടാനുള്ള ഊട് വഴികളും നിരീക്ഷിച്ചതിനുശേഷം വീട്ടിൽ ആളില്ലാത്ത സമയത്തോ, രാത്രിയിലോ വീട് കയറി മോഷണം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക...
NB: ഈ പറഞ്ഞതിനർഥം, ഇങ്ങനെ കച്ചവടം നടത്തുന്ന എല്ലാവരും ഇത്തരക്കാരാണ് എന്നല്ല!
English Summary- Curtain Matt Door Vendors Cheating Experience