വിജയത്തില്‍ മനുഷ്യത്വത്തിന്‍റെ കരസ്പര്‍ശവുമായി ബിഎല്‍എം പ്രേംകുമാര്‍

blm-article-0108
SHARE

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളം. എന്നാല്‍ കേരളത്തിലെ പല സഹകരണ സ്ഥാപനങ്ങളും സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയവരാണ്. അതേ സമയം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ഒരേ പോലെ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ മനുഷ്യസ്നേഹത്തിന്‍റെ വിജയഗാഥയാണ് ബിഎല്‍എം(ഭാരത് ലാജ്ന മള്‍ട്ടിസ്റ്റേറ്റ്) ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേത്.2006ല്‍ ചെന്നൈയില്‍ മലയാളി സംരംഭകനായ ആര്‍.പ്രേംകുമാറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ബിഎല്‍എമ്മിന് ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും പുതുച്ചേരിയിലുമായി നൂറിലധികം ശാഖകളും അഞ്ച് ലക്ഷത്തോളം സജീവ അംഗങ്ങളുമുണ്ട്. 

വില്ലകളും, റോ ഹൗസുകളും അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സുകളും ബംഗ്ലാവുകളും മിനി ടൗണ്‍ഷിപ്പുകളും അടക്കം എല്ലാത്തരം ഭവനങ്ങളും മിതമായ നിരക്കില്‍ നിര്‍മ്മിച്ച് നല്‍കുന്ന ബിഎല്‍എം ഹൗസിങ് സൊസൈറ്റി മൂന്ന് സംസ്ഥാനങ്ങളിലായി അറുപതോളം പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 50,000 ലധികം പേര്‍ ഇതിന്‍റെ ഗുണഭോക്താക്കളാണ്. 17-ഓളം പദ്ധതികള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിലൊന്ന് കാഞ്ചിപുരം ജില്ലയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് സമീപമുള്ള അതിഭീമന്‍ ഭവന, വാണിജ്യ ടൗണ്‍ഷിപ്പ് പദ്ധതിയാണ്. 500ലധികം ഏക്കറിലായി പരന്ന് കിടക്കുന്ന ഈ പദ്ധതിക്കായുള്ള 200 ഏക്കറിന്‍റെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. 

ഭവനനിര്‍മ്മാണത്തിന് പുറമേ ഹോസ്പിറ്റാലിറ്റി, ജ്വല്ലറി, സിവില്‍ സപ്ലൈസ്, ഗതാഗതം, സിമന്‍റ് നിര്‍മ്മാണം, ബയോഗ്ലാസ് നിര്‍മ്മാണം, വിദ്യാഭ്യാസം  എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി പ്രവര്‍ത്തനം വിപുലീകരിച്ച് മുന്നേറുകയാണ് ബിഎല്‍എം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ 50 ലക്ഷം ഓഹരികളും ഇന്ന് ബിഎല്‍എമ്മിന് സ്വന്തമാണ്. ആരോഗ്യം , ഐടി വ്യവസായം എന്നിങ്ങനെ പുതിയ മേഖലകളിലേക്ക് കാലൂന്നുന്ന ബിഎല്‍എം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംരംഭക സ്ഥാപനങ്ങളില്‍ ഒന്നാണ്.  

വിജയക്കൊടുമുടികള്‍ ഒന്നൊന്നായി താണ്ടുന്ന ഈ ബൃഹത് പ്രസ്ഥാനത്തിന്‍റെ അമരക്കാരന് പക്ഷേ നാം കണ്ടു പരിചയിച്ച ബിസിനസ്സുകാരന്‍റെ രൂപഭാവങ്ങള്‍ ഏതുമില്ല. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് നെറ്റിയില്‍ ഭസ്മക്കുറിയും നര കയറിയ താടിയുമായി ചിരിച്ചു കൊണ്ട് നടന്നു വരുന്ന ആര്‍. പ്രേംകുമാര്‍ എന്ന ബിഎല്‍എം പ്രേംകുമാറിനെ നയിക്കുന്നത് സഹാനുഭൂതിയും ആത്മീയകാഴ്ചപ്പാടും മനുഷ്യസ്നേഹവുമാണ്. മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുമ്പോൾ  നമ്മളും ഉയരുന്നു എന്ന ആപ്തവാക്യമാണ് പ്രേംകുമാറിനെയും ബിഎല്‍എമ്മിനെയും നാളിതു വരെ നയിച്ചിട്ടുള്ളത്. 

തുടക്കം ഒരു ദുരനുഭവത്തില്‍ നിന്ന്

ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ കല്യാണത്തിനായി തമിഴ്നാട്ടിലെ ഒരു സഹകരണ സൊസൈറ്റിയില്‍ നിന്ന് പണം കടമെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളാണ് ബിഎല്‍എം എന്ന മഹാപ്രസ്ഥാനത്തിന്‍റെ ഉത്പത്തിക്ക് കാരണമായത്. ഒരു ലക്ഷം രൂപ വായ്പ അനുവദിക്കണമെങ്കില്‍ ഏഴായിരം രൂപ സെക്രട്ടറിക്ക് കൈക്കൂലിയായി നല്‍കണം. ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ഇതും പോരാഞ്ഞ് ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ ശുപാര്‍ശയും കൂടി വേണം വായ്പ അനുവദിക്കപ്പെടാന്‍. നമ്മുടെ രാജ്യത്തെ  ഒരു സാധാരണക്കാരന് ചെറിയൊരു വായ്പ ലഭിക്കാന്‍ പോലും കടന്ന് പോകേണ്ടി വരുന്ന ദുരവസ്ഥ ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി രൂപീകരിക്കണമെന്ന ചിന്തയിലേക്ക് പ്രേംകുമാറിനെ എത്തിച്ചു. രാഷ്ട്രീയത്തിന്‍റെയോ, മതത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വരാത്ത ഒരു സഹകരണ പ്രസ്ഥാനത്തിനായി സമാനമനസ്ക്കരായ സുഹൃത്തുക്കളുമായി പ്രേംകുമാര്‍ കൂടിയാലോചിച്ചു. ഇങ്ങനെയാണ് ബിഎല്‍എമ്മിന്‍റെ ജനനം. 

തുടക്കത്തിലെ പ്രതിബന്ധങ്ങള്‍

എന്നാല്‍ ഈ ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ  പല തരത്തിലുള്ള പ്രതിബന്ധങ്ങള്‍ പ്രേംകുമാറിന് നേരിടേണ്ടി വന്നു. ലൈസന്‍സിനായി രണ്ട് വട്ടം ഡല്‍ഹിയില്‍ പോയെങ്കിലും ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ ദക്ഷിണേന്ത്യക്കാരനെ അധികാരികള്‍ക്ക് അത്ര ബോധിച്ചില്ല. ഇത്തരം പ്രാദേശിക വേര്‍തിരിവ് മൂലം രണ്ട് വട്ടവും അപേക്ഷ നിരസിക്കപ്പെട്ടു. എന്നാല്‍ 1992ലെ സംസ്ഥാന മിഡില്‍വെയ്റ്റ് ബോക്സിങ് ഗോള്‍ഡ് മെഡലിസ്റ്റായ ഈ സംരംഭകന്‍ അത്ര വേഗം പരാജയം സമ്മതിക്കുന്ന കൂട്ടത്തിലായിരുന്നില്ല. മൂന്നാമത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ അവിടുത്തെ ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെ ബിഎല്‍എം സംരംഭത്തിന്‍റെ സാധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്താന്‍ പ്രേംകുമാറിന് സാധിച്ചു. അങ്ങനെ ഗോപിനാഥന്‍ നമ്പ്യാർ, വെങ്കട് റാവു, ബാബുജി, ശ്രീനിവാസന്‍, രാജേന്ദ്രന്‍ തുടങ്ങിയ സുഹൃത്തുക്കളെ ഒപ്പം കൂട്ടി ബിഎല്‍എം യാഥാര്‍ത്ഥ്യമാക്കി. പിന്നീട് നടന്നതെല്ലാം ചരിത്രം. 

ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുത്തു കൊണ്ടാണ് പ്രേംകുമാറും ബിഎല്‍എമ്മും വളര്‍ച്ചയുടെ പുതിയ മേഖലകള്‍ കണ്ടെത്തിയത്. ഭവനനിര്‍മ്മാണത്തിന് പുറമേ ഗതാഗത രംഗത്തേക്ക് ബിഎല്‍എം കടന്ന് വരുന്നത് ഇത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിലേക്കും ബിഎല്‍എം ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ നടത്തുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലും  പാലക്കാട്ടെ കഞ്ചിക്കോടും ബിഎല്‍എം സിമന്‍റ് ഫാക്ടറികളും നടത്തി വരുന്നു. യൂറോടെക് സിമന്‍റിന്‍റെ ഉടമകളും ബിഎല്‍എം സൊസൈറ്റിയാണ്. തൃശൂരില്‍ സ്വര്‍ണ്ണ, ഡയമണ്ട് ജ്വല്ലറി ഷോറൂം ആരംഭിച്ച ബിഎല്‍എം കേരളത്തിലെ 17 ഇടങ്ങളില്‍ കൂടി ഷോറൂമുകള്‍ തുറക്കാന്‍ തയ്യാറെടുക്കുന്നു. ദിവസവും 100 ടണ്‍ മാലിന്യത്തെ മൂന്ന് ടണ്‍ ബയോഗ്യാസാക്കി മാറ്റുന്ന മഹാ ഷാങ്ക് എനര്‍ജിയും ബിഎല്‍എം നടത്തി വരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബയോ ഗ്യാസ് നിര്‍മ്മാതാക്കളാണ് മഹാ ഷാങ്ക് എനര്‍‍ജി. ബയോഗ്യാസ് വാങ്ങുന്നതിന് ഗെയില്‍ മഹാ ഷാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

വൈവിധ്യവത്ക്കരണം ഹോസ്പിറ്റാലിറ്റി മേഖലയിലേക്കും

ആറ് പ്രീമിയം ഹോട്ടലുകളുമായാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്കും ബിഎല്‍എം ചുവടുവയ്പ്പുകള്‍ നടത്തുന്നത്. മൂന്നാറിലെ വൈബ് റിസോര്‍ട്ട്, തിരുവനന്തപുരത്തെ നവരത്ന ഹോട്ടല്‍, തമിഴ്നാട് തലസ്ഥാനത്തെ ചെന്നൈ ഗേറ്റ് വേ, കാസര്‍കോട്ടെ ബേക്കല്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. കളമശ്ശേരിയില്‍ ഒരു മെഗാ ഷോപ്പിങ് മാളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രേംകുമാര്‍ പറയുന്നു. 

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍

സ്വപ്നങ്ങള്‍ എപ്പോഴും വലുതായിരിക്കണമെന്ന ഇന്ത്യയുടെ മുന്‍രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ വാക്കുകളാണ് തനിക്ക് ഊര്‍ജ്ജമാകുന്നതെന്ന് ബിഎല്‍എം സിഎംഡി പറയുന്നു. എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യവുമായി ആരംഭിച്ച ബിഎല്‍എം തങ്ങളുടെ സ്വപ്നങ്ങളുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുമ്പോൾ  ഈ  വന്മരത്തില്‍ നിന്ന് പൊട്ടി വിടരുന്നത് പുതിയ ബിസിനസ്സ് സംരംഭങ്ങളാണ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ദക്ഷിണേന്ത്യയിലെ ഒരോ കുടുംബത്തിനും സുപരിചിതമായ നാമമായി ബിഎല്‍എമ്മിനെ മാറ്റുകയെന്ന വിശാലമായ സ്വപ്നമാണ് പ്രേംകുമാര്‍ മുന്നോട്ട് വയ്ക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്‍റെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒരാളായി ബിഎല്‍എം മാറിയതെല്ലാം ഈ സ്വപ്നത്തിന്‍റേ നേര്‍ക്കുള്ള ചുവടുവയ്പ്പുകളാണ്. 

ആരോഗ്യമേഖലയിലേക്കും ബിഎല്‍എം  പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രേംകുമാര്‍ പറയുന്നു. കണ്ണൂരിലെ തിമിരിയില്‍ ആരംഭിച്ച കോളജില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ച് അതൊരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജാക്കി മാറ്റാന്‍ സാധിച്ചു. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരത്തിലെ ടെക്നോപാര്‍ക്കിലും പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് ഐടി രംഗത്തും മുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഎല്‍എം. 

തിരുവനന്തപുരത്ത് വേരുകളുള്ള പ്രേംകുമാര്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണ്. ചെന്നൈ പോര്‍ട്ട് ട്രസ്റ്റിലായിരുന്നു പിതാവിന് ജോലി. ചെന്നൈയിലെ വിരുഗംബാക്കത്താണ് താമസം. ഭാര്യ പ്രഭ. മകള്‍ മാനുഷ മദ്രാസ് ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്നു. മകന്‍ മഡുംകേഷ് തമിഴ് സിനിമകളിലെ വളര്‍ന്നു വരുന്ന താരമാണ്. 

നാം മാത്രം നന്നായി ജീവിച്ചാല്‍ പോര, നമ്മുടെ ചുറ്റുമുള്ളവരും അന്തസ്സായി ജീവിക്കണമെന്ന നിര്‍ബന്ധവുമായി പ്രേംകുമാറും ബിഎല്‍എമ്മും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കെല്ലാം നല്ലൊരു വീടും കാറും വേണമെന്ന് താന്‍ ഉറപ്പാക്കാറുണ്ടെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. മനുഷ്യനന്മയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായ ബിഎല്‍എമ്മിലെ തൊഴില്‍ സംസ്കാരം നിരവധി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളിലേക്കും കമ്പനിയെ നയിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ വോളി ബോള്‍ താരം ഭൂമികയുടെ വീട് ബാങ്ക് ജപ്തി ചെയ്തെന്ന വാര്‍ത്ത കേട്ട് സഹായഹസ്തവുമായി ബിഎല്‍എം എത്തിയത് ഇത്തരത്തിലൊരു ഉദാഹരണം മാത്രം. സിഎസ്ആര്‍ ഫണ്ടില്‍ നിന്നും വീട് പണിത് ഭൂമികയ്ക്ക് ബിഎല്‍എം കൈമാറി. പാവപ്പെട്ട നിരവധി വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള സഹായവും ബിഎല്‍എം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ക്ക് സൗജന്യമായി മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയും സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കി വരുന്നു. പുതിയ ഉയരങ്ങളിലേക്ക് ചുറ്റുമുള്ള മനുഷ്യരെ ഒപ്പം കൂട്ടി മുന്നേറുകയാണ് ബിഎല്‍എമ്മും അതിന്റെ നായകനും.

Content summary : BLM housing cooperative society BLM Premkumar

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS