ADVERTISEMENT

ആർക്കിടെക്ടിനെയോ കോൺട്രാക്ടറെയോ വീടുപണി ഏൽപിച്ച് കാഴ്ചക്കാരായി കയ്യും കെട്ടി നോക്കി നിൽക്കുന്ന പ്രവണതയാണ് പൊതുവേ നമ്മുടെ സമൂഹത്തിൽ കാണുന്നത്. ഇത് നിർമാണച്ചെലവ് വർധിക്കാൻ കാരണമാകാറുണ്ട്. കോൺട്രാക്ടറെ വീടുപണി മുഴുവനായി ഏൽപിച്ചാലും ഇടയ്ക്കിടെ വീട്ടുകാരുടെ ഭാഗത്തു നിന്നുള്ള മേൽനോട്ടം നല്ലതാണ്. ജോലിക്കാർ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർമാണ സാമഗ്രികൾ പാഴാകുന്നതും തടയാനും ഈ മേൽനോട്ടം സഹായിക്കും. ജോലിസമയം പാഴാക്കാതെ പണിക്കാരുടെ കഴിവുകൾ പൂർണമായും പ്രയോജനപ്പെടുത്താൻ നല്ല മാനേജ്മെന്റ് സ്കിൽ ഉള്ള മേൽനോട്ടക്കാരനു കഴിഞ്ഞാൽ ജോലി പെട്ടെന്നു തീരാനും ബജറ്റിന് അകത്തു നിന്നു തന്നെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും കഴിയും. 

വീടുപണിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ഒരാൾക്കു മാത്രമേ പണിക്കാർ ചെയ്യുന്ന കാര്യങ്ങൾ ആവശ്യത്തിനാണോ അല്ലയോ എന്നു മനസ്സിലാക്കാൻ സാധിക്കൂ. ഉദാഹരണത്തിന്, കോൺക്രീറ്റിങ് സമയത്ത് മിക്സിങ്ങിനെക്കുറിച്ചും മറ്റും സാങ്കേതികജ്ഞാനമില്ലാതെ ഇടപെട്ടാൽ ഗുണത്തെക്കാളേറെ ദോഷമാണ് സംഭവിക്കുക. പലരും ലാഭത്തിനു വേണ്ടി ശ്രമിച്ച് അബദ്ധത്തിൽ ചെന്നു ചാടാറുണ്ട്. 

വീട്ടുകാരുടെ ഇടപെടൽ അധികമില്ലെങ്കിൽ പലരും കൊള്ളലാഭം കൊയ്യാൻ നോക്കും. ഇത് വീടിന്റെ മൊത്തത്തിലുള്ള ചെലവു തന്നെ വർധിപ്പിക്കും. ഓരോ തവണയും കോൺട്രാക്ടർക്കു പണം നൽകുമ്പോൾ എന്തിനു നൽകുന്നു എന്നറിയണം. മുൻപു നല്‍കിയ പണം ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്നും ഉറപ്പുവരുത്തണം. വീടുപണിക്കായി ചെലവാക്കുന്ന ഓരോ രൂപയും എഴുതിവയ്ക്കണം. ഓരോ ഘട്ടത്തിലെയും നിർമാണച്ചെലവിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകാൻ ഇതു സഹായിക്കും. 

വീടുപണിയിൽ പണം ചോർന്നു പോകാൻ പലപ്പോഴും ഇടനിലക്കാരും കാരണമാകാറുണ്ട്. ഏതൊരു സാധനവും ഇടനിലക്കാർ വഴി വാങ്ങുമ്പോൾ അവരുടെ കമ്മിഷൻ ഇനത്തിൽ അഞ്ചു മുതൽ പത്തുശതമാനം വരെ പണം നമ്മൾ കൊടുക്കേണ്ടതായി വരുന്നുണ്ട്. ടൈൽ, സാനിറ്ററി വെയർ, ഇലക്ട്രിക്കൽ ഫിറ്റിങ്സ് എന്നിവയ്ക്കൊക്കെ പത്തുശതമാനത്തിലും അധികമാണ് ഇടനിലക്കാരുടെ കമ്മിഷൻ വരുന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിർമാണസാമഗ്രികൾ വാങ്ങിയാൽ തന്നെ ആകെ ചെലവിന്റെ അഞ്ചു മുതൽ എട്ടുശതമാനം വരെ കുറയ്ക്കാൻ സാധിക്കും. സാധനങ്ങൾ ഹോൾസെയിൽ ആയി വാങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിച്ചറിയുന്നതു നല്ലതാണ്. ഇത്തരം കാര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആർക്കിടെക്ടിനും എൻജിനീയർക്കും സാധിക്കും. 

ഫിനിഷിങ് ഘട്ടത്തിലാണ് ചെലവ് പലപ്പോഴും നിയന്ത്രിക്കാനാകാതെ പോകുന്നത്. ബജറ്റിലെ ഏറ്റവും വലിയ ഭാഗം ഈ ഘട്ടത്തിലേക്കു നീക്കിവച്ചു തന്നെയാവണം വീടുപണി മുന്നോട്ടു കൊണ്ടു പോകാൻ. ഫിനിഷിങ് ബജറ്റിന്റെ പത്തുശതമാനം ടൈൽസിന്, പത്തുശതമാനം സാനിറ്ററിസാമഗ്രികൾക്ക് എന്നിങ്ങനെ ചെലവുകൾ വരുമെന്നതാണ് വാസ്തവം.

English Summary- Importance of Supervision in House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com